'സ്ത്രൈണത മാറ്റി മസില് പെരുപ്പിച്ച് വാ' എന്ന് പുടിന്റെ കക്ഷി; പേര് മാറ്റി ഇലോൺ മസ്കിന്റെ മറുപടി

യുക്രെയ്നിൽ റഷ്യ അധിനിവേശം തുടങ്ങിയത് മുതലൽ ടെസ്‌ല മേധാവിയും കോടീശ്വരനുമായ ഇലോണ്‍ മസ്‌ക് പുടിന് തലവേദനയായി മാറിയിരുന്നു. യുക്രൈനില്‍ പലയിടത്തും ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടപ്പോള്‍ തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്കിന്റെ സേവനം സൗജന്യമായി നൽകിക്കൊണ്ടാണ് ആദ്യം മസ്ക് തിരിച്ചടി നൽകിയത്.

പിന്നാലെ കഴിഞ്ഞ ദിവസം അദ്ദേഹം പുടിനെ വെല്ലുവിളിക്കുകയും ചെയ്തു. ഒറ്റക്കുള്ള പോരാട്ടത്തിന് ഞാന്‍ പുടിനെ വെല്ലുവിളിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ഇലോൺ മസ്കിന്റെ പ്രകോപനം. പോരാട്ടത്തിലെ വിജയി യുക്രൈന്റെ വിധി തീരുമാനിക്കുമെന്നും ട്വീറ്റിൽ അദ്ദേഹം പറഞ്ഞിരുന്നു. വ്‌ളാദിമിര്‍ പുടിന്‍, യുക്രൈന്‍ എന്നീ പേരുകള്‍ റഷ്യന്‍ ഭാഷയിൽ കുറിച്ചുകൊണ്ടായിരുന്നു അമേരിക്കൻ ശതകോടീശ്വരന്റെ വെല്ലുവിളി.

എന്നാൽ, മസ്കിന് പരിഹാസം നിറഞ്ഞ മറുപടിയുമായാണ് പുടിനുമായി ബന്ധപ്പെട്ട വൃത്തങ്ങളെത്തിയത്. പുടിന്റെ സഖ്യകക്ഷിയും ചെചെൻ റിപ്പബ്ലിക്കിന്റെ തലവനുമായ റംസാൻ കദിറോവ് മസ്കിനെ 'സ്ത്രൈണത നിറഞ്ഞ'യാൾ എന്ന് വിളിച്ചുകൊണ്ടാണ് പരിഹസിച്ചത്.

"പുടിന്റെ ശക്തിയുമായി നിങ്ങളുടെ ശക്തി അളക്കരുത്. നിങ്ങൾ രണ്ടുപേരും തികച്ചും രണ്ട് വ്യത്യസ്ത ലീഗുകളിലുള്ള ആളുകളാണ്. ഉദാഹരണത്തിന്, ഇത് ആയോധന കലകളെക്കുറിച്ചോ ജൂഡോയെക്കുറിച്ചോ ഉള്ള കാര്യമല്ല. താങ്കൾ ഇതിനെ എങ്ങനെയാണ് കാണുന്നത്? ഒരു ബിസിനസുകാരനും ട്വിറ്റർ യൂസറുമായ താങ്കൾ ബോക്സിംഗ് റിങ്ങിന്റെ ചുവന്ന കോർണറിലും, പശ്ചാത്യ രാജ്യങ്ങളും അമേരിക്കയുമെല്ലാം അദ്ഭുതത്തോടെ നോക്കുന്ന ലോക നേതാവായ പുടിൻ നീല കോർണറിലുമാണെന്നാണോ...?

വളരെ ദുർബലനായ എതിരാളിയായ താങ്കളെ അടിച്ച് നിലംപരിശാക്കുമ്പോൾ പുടിനെ ഒരു നല്ല സ്‍പോർട്സ്മാനായിട്ടല്ല കാണപ്പെടുക. അതിനാൽ, സ്ത്രൈണതയുള്ള 'ഇലോണ'യിൽ നിന്ന് ക്രൂരനായ 'ഇലോണാ'യി മാറാൻ, താങ്കൾ ആ പേശികളെ ഒന്ന് കാര്യാമായി ബലപ്പെടുത്തേണ്ടതുണ്ട് ". ചെചൻ റിപ്പബ്ലിക്കിലെ നിരവധി കേന്ദ്രങ്ങളിൽ ഒന്നിൽ ഞാൻ പരിശീലനം നിർദ്ദേശിക്കുന്നു. -കദിറോവ് ടെലിഗ്രാമിലൂടെ പങ്കുവെച്ച മറുപടി കുറിപ്പിൽ വ്യക്തമാക്കി.

എന്നാൽ, ഭീഷണിയുടെ സ്വരത്തിലുള്ള കദിറോവിന്റെ മറുപടിക്ക് ഇലോൺ മസ്കിന്റെ പ്രതികരണം ട്വിറ്ററിൽ തന്റെ പേര് മാറ്റിക്കൊണ്ടായിരുന്നു. 'ഇലോൺ മസ്ക്' എന്ന പേര് ഇപ്പോൾ 'ഇലോണ മസ്ക്' എന്നാക്കി മാറ്റിയിരിക്കുകയാണ് അദ്ദേഹം. കദിറോവിന്റെ മറുപടി കുറിപ്പും അദ്ദേഹം ട്വിറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 



Tags:    
News Summary - Elon Musk changes his Twitter name to Elona, here's why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.