സ്വന്തം സർവകലാശാല, വിദ്യാർഥികൾക്ക് സ്കോളർഷിപ്പ്; പുതിയ പദ്ധതികളുമായി ഇലോൺ മസ്ക്

ടെസ്‍ല സ്ഥാപകനും ലോകകോടീശ്വരനുമായ ഇലോൺ മസ്ക് സ്വന്തമായി സർവകലാശാല തുടങ്ങാനൊരുങ്ങുകയാണ്. ടെക്സസിലെ ഓസ്റ്റിനിലാണ് സ്വന്തമായി സർവകലാശാല തുടങ്ങാൻ മാസ്ക് പദ്ധതിയിടുന്നത്. എക്സ് തലവൻ വിദ്യാർത്ഥികൾക്കായി സ്‌കൂൾ തുടങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിന്റെ ഭാഗമായി 'ദി ഫൗണ്ടേഷന്‍' എന്ന ചാരിറ്റി സ്ഥാപനത്തിന് 100 മില്യൺ ഡോളര്‍ മസ്‌ക് സംഭാവനയായി നൽകി.

കഴിഞ്ഞ കുറേ വർഷങ്ങളായി യു.എസ് കോളേജ് ബിരുദധാരികളുടെ കഴിവിൽ കാര്യമായ അധഃപതനമാണ് ഉണ്ടായിരുന്നതെന്ന് മസ്‌ക് കഴിഞ്ഞ ദിവസം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് സ്വന്തമായി യൂണിവേഴ്‌സിറ്റി തുടങ്ങാൻ മസ്ക് പദ്ധതിയിടുന്നതായുള്ള ബ്ലൂംബെർഗ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

സയൻസ്, എഞ്ചിനീയറിങ്, ടെക്‌നോളജി, മാത്‍സ് എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ച നൂതന വിദ്യാഭ്യാസ പദ്ധതിയാണ് മസ്ക് ലക്ഷ്യമിടുന്നത്. നിലവിലെ വിദ്യാഭ്യാസ രീതികളിൽ സമൂലമാറ്റം കൊണ്ടുവരികയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുടക്കത്തിൽ അൻപത് വിദ്യാർത്ഥികൾക്കായിരിക്കും പ്രവേശനം.

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസം നൽകുന്ന സർവകലാശാലയായി വിപുലീകരിക്കാനാണ് പദ്ധതി. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് അടക്കം നിരവധി ആനുകൂല്യങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സതേണ്‍ കോളേജ് അസോസിയേഷനില്‍ നിന്നും സ്‌കൂള്‍ കമ്മീഷനില്‍ നിന്നും അക്രഡിറ്റേഷനായി അപേക്ഷിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2014 ല്‍ തന്റെ മക്കള്‍ക്കും കമ്പനി ജീവനക്കാരുടെ മക്കള്‍ക്കും പഠിക്കുന്നതിനായി ആഡ് ആസ്ട്ര എന്ന ചെറിയ സ്വകാര്യ സ്‌കൂളിന് മസ്ക് തുടക്കമിട്ടിരുന്നു. ആഡ് ആസ്ട്രയിൽ വിദ്യാർത്ഥികളുടെ ഗ്രേഡുകൾക്കല്ല പകരം അവരുടെ അഭിരുചികളിലും കഴിവുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Tags:    
News Summary - Elon Musk Plans To Launch His Own University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.