ലണ്ടൻ: വിഡിയോ ഗെയിമായ 'ഫർസാൻ അൽ-അഖ്സ' സ്റ്റീം സ്റ്റോറിൽ നിന്ന് നീക്കിയതായി ഗെയിം ഡെവലപർ കമ്പനിയായ വാൽവ് കോർപറേഷൻ അറിയിച്ചു. അധികൃതരിൽ നിന്നുള്ള നിർദേശപ്രകാരമാണ് ഗെയിം നീക്കിയതെന്ന് വാൽവ് അറിയിച്ചു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ഫലസ്തീന്‍റെ പക്ഷത്തുനിന്നുള്ള കാഴ്ചപ്പാടാണ് ഗെയിം പ്രചരിപ്പിക്കുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു. തുടർന്നാണ് ഗെയിം ഒഴിവാക്കിയിരിക്കുന്നത്.
യു.കെയിലെ ഭീകരവാദ വിരുദ്ധ ഇന്‍റർനെറ്റ് റഫറൽ യൂണിറ്റാണ് ഗെയിം ഒഴിവാക്കണമെന്ന് വാൽവിന് നിർദേശം നൽകിയത്. ഇക്കാര്യം വ്യക്തമാക്കി ഗെയിമിന്‍റെ യഥാർഥ നിർമാതാക്കളായ നിദാൽ നിജിം ഗെയിംസിന് സ്റ്റീം ഇ-മെയിൽ അയച്ചിരുന്നു.
'ഫർസാൻ അൽ-അഖ്സ' ഗെയിം നേരത്തെ ആസ്ട്രേലിയയും ജർമനിയും നിരോധിച്ചിരുന്നു. ഗെയിമിന്‍റെ ഏജ് റേറ്റിങ് ചൂണ്ടിക്കാട്ടിയായിരുന്നു ഇരു രാജ്യങ്ങളും നിരോധനമേർപ്പെടുത്തിയത്.
2022ലാണ് 'ഫർസാൻ അൽ-അഖ്സ' ഗെയിം റിലീസ് ചെയ്തത്. പിന്നീട് പല തവണകളായി ഗെയിം ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിലെ സംഭവങ്ങൾ ഉൾപ്പെടുത്തിയും ഗെയിം അപ്ഡേറ്റ് ചെയ്തിരുന്നു. ഇതാണ് യു.കെയിലെ നിരോധനത്തിന് പ്രധാന കാരണമായത്.
തങ്ങളുടെ ഗെയിമിനെ യു.കെ അധികൃതർ ഭീകരവാദ അജണ്ടയായാണ് കാണുന്നതെന്ന് ഗെയിം നിർമാതാക്കൾ അരോപിച്ചു. ഇതേ തീമിലുള്ള മറ്റ് ഗെയിമുകൾക്ക് നിയന്ത്രണമില്ല. ഇക്കാര്യത്തിൽ യു.കെയുടെ ഇരട്ടത്താപ്പാണ് വ്യക്തമാകുന്നതെന്നും നിദാൽ നജിം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.