ഐഫോണുകളുടെ വിവിധ വേർഷനുകൾ ഓരോ വർഷവും പുറത്തുവരുന്നുണ്ടെങ്കിലും ഇതുവരെ ഫോൾഡബിൾ ഫോൺ പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ലെന്ന ചീത്തപ്പേര് ആപ്പിൾ മാറ്റാനൊരുങ്ങുന്നതായി റിപ്പോർട്ട്. 2026ൽ കമ്പനി ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്നാണ് സൂചന. നിലവിൽ മികച്ച ഗുണനിലവാരത്തിൽ ഫോൾഡബിൾ ഫോൺ പുറത്തിറക്കുന്ന സാംസങ്ങിന് വെല്ലുവിളി ഉയർത്തിക്കൊണ്ടാകും ഐഫോണിന്‍റെ ഫോൾഡബിൾ വേർഷൻ പുറത്തിറങ്ങുക.
സാംസങ്ങിനു പുറമെ വാവേയ്, മോട്ടറോള കമ്പനികളും ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കുന്നുണ്ട്. ഗാലക്സി ഇസഡ് സീരീസുമായി സാംസങ് തന്നെയാണ് വിപണിയിലെ തരംഗം. ഓരോ അപ്ഡേഷനിലും പുതിയ മാറ്റങ്ങൾ കൊണ്ടുവരാനും സാംസങ്ങിന് കഴിയുന്നുണ്ട്. എന്നാൽ മികച്ച ബിൽഡ് ക്വാളിറ്റിയും സോഫ്റ്റ്‍വെയർ സപ്പോർട്ടും നൽകുന്നതാകും ആപ്പിളിന്‍റെ ഡിവൈസ് എന്നാണ് ടെക് ലോകത്തിന്‍റെ പ്രതീക്ഷ.
ഫോൾഡബിൾ ഐഫോണിൽ കട്ടിങ് എഡ്ജ് ടെക്നോളജിയും ഫ്ലെക്സിബിൾ ഒ.എൽ.ഇ.ഡി സ്ക്രീനുമാകും ഉണ്ടാകുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആയിരക്കണക്കിനു മടക്കലുകൾക്ക് ശേഷവും ഡിസ്പ്ലേ തകരാർ വരാത്ത വിധമാകും ബിൽഡ് ക്വാളിറ്റി. ഫോൾഡിങ് മെക്കാനിസത്തോടൊപ്പം തകർപ്പൻ ഡിസൈനിലാകും ഫോൺ ഇറങ്ങുക. പ്രീമിയം ഫോണുകളാണാൽ സമ്പന്നമായ ഐഫോൺ നിരയിലേക്ക് മികച്ച ക്യാമറ, ചിപ്പ് എന്നിവയും ലഭ്യമാക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
അതേസമയം ഫോൺഡബിൾ ഫോണുകൾക്ക് പ്രതീക്ഷിച്ച മാർക്കറ്റില്ലെന്നും സാംസങ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് ഇപ്പോൾ ഈ സെഗ്മെന്‍റിൽ കാര്യമായ വിൽപ്പനയില്ലെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ആപ്പിളിന്‍റെ നീക്കം വിപണിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന കാര്യം കാത്തിരുന്നു കാണണം. ഐഫോണുകളുടെ ഇതുവരെയുള്ള മോഡലുകളിലെല്ലാം ലഭ്യമാക്കിയ ഫീച്ചറുകൾക്ക് അപ്പുറം, മറ്റെന്തെങ്കിലും സവിശേഷത കൂടി ഉൾപ്പെടുത്തിയാൽ ഫോൾഡബിൾ ഫോണിന്‍റെ മാർക്കറ്റ് തിരിച്ചുപിടിക്കാനാകുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഏതായാലും ടെക് ലോകം കാത്തിരിക്കുകയാണ്, ആപ്പിളിന്‍റെ മടക്കുന്ന ഫോണിനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.