കഴിഞ്ഞ ആഴ്ച ആസ്ട്രേലിയൻ പാർലമെന്റ് രാജ്യത്തെ 16 വയസ്സിൽ താഴെയുള്ളവർക്ക് സമൂഹ മാധ്യമ ഉപയോഗം നിരോധിച്ച് നിയമം പാസാക്കിയപ്പോൾ ലോകമൊട്ടുക്കും അനുകൂലിച്ചും വിമർശിച്ചും ചർച്ച സജീവമായിരുന്നു. തിടുക്കപ്പെട്ട തീരുമാനമായിപ്പോയെന്നും കൗമാരക്കാരെ ഒറ്റപ്പെടലിലേക്കും ഡാർക് വെബിലേക്കും തള്ളിവിടാൻ പോന്നതാണെന്നുമായിരുന്നു ആക്ഷേപം. നിയമം വഴിയുള്ള നിരോധം വിവാദപരം തന്നെയാണെങ്കിലും ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ഫേസ്ബുക്ക്, റെഡ്ഡിറ്റ്, എക്സ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ തീർച്ചയായും ഒരു ആസക്തിയാണെന്നതിൽ വിമർശകർക്ക് പോലും തർക്കമുണ്ടാകില്ല.
എന്നാൽ, ഈ ആസക്തിയും മാറ്റിയെടുക്കാൻ വഴികളുണ്ടെന്ന ശുഭവാർത്തകളാണിപ്പോൾ പുറത്തുവരുന്നത്. ഇൻസ്റ്റ പോലുള്ള ആപ്പുകൾ നമ്മുടെ കർമകുശലതയെയും മാനസികാരോഗ്യത്തെയും പുറംലോകവുമായുള്ള ബന്ധങ്ങളെയും എത്രകണ്ട് ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് അതിന്റെ ലഹരിയിൽനിന്ന് മുക്തമാക്കുമെന്ന് ഉറപ്പുതരുന്നതാണ് ഈ മാർഗങ്ങൾ. മുഴുസമയവും കൈയിൽ കുരുങ്ങിക്കിടക്കുന്ന സ്മാർട്ഫോൺ ഒരു ബാധയായിപ്പോയെങ്കിൽ അത് ഒഴിവായി കിട്ടാനും ഈ ആപ്പുകളും ഉപകരണങ്ങളും നിങ്ങളെ സഹായിക്കും. അവയെ കൂട്ടുപിടിച്ച് നമുക്ക് ഡിജിറ്റൽ സാക്ഷരത ആർജിക്കാനാകും. സാമൂഹിക പെരുമാറ്റം മെച്ചപ്പെടുത്താനുമാകും. അവയെ നമുക്ക് പരിചയപ്പെടാം.
ഒന്ന്, ഐ.ഒ.എസിലും ആൻഡ്രോയ്ഡിലുമായി ആപ്പ് ഉപയോഗം എത്രയെന്ന് നിരീക്ഷണം പതിവാക്കുക. ചിലയാളുകൾ എല്ലാ സാമൂഹിക മാധ്യമ ആപ്പുകളും ഒറ്റയടിക്ക് നീക്കം ചെയ്തുള്ള പരീക്ഷണം നടത്താറുണ്ട്. ഇൻസ്റ്റയും എക്സും എഫ്.ബിയും സ്നാപ്ചാറ്റും എല്ലാം ഒന്നിച്ച് മൊബൈൽ ഫോണിൽനിന്ന് പുറത്താകും അപ്പോൾ. 30 ദിവസത്തേക്കൊക്കെയാകും തീരുമാനം. സ്വാഭാവികമായും മഹാഭൂരിപക്ഷം പേരിലും ഇത് പ്രത്യേകിച്ചെന്തെങ്കിലും ഫലം ഉണ്ടാക്കുമെന്ന് തോന്നുന്നില്ല. ഒറ്റയടിക്ക് ഇട്ടേച്ചുപോകൽ എളുപ്പമല്ലെന്നതു തന്നെ കാരണം. ഓരോ ആപ്പും മായ്ച്ചുകളയാനെടുത്ത അതേ വേഗത്തിൽ നിങ്ങളറിയാതെ മണിക്കൂറുകൾക്കകം മൊബൈൽ ഫോണിലേക്ക് തിരികെ കയറുന്നതാകും സംഭവിക്കുക. അതിനാൽ തന്നെ, ഇങ്ങനെ ചെയ്യുന്നതിന് പകരം കുറേ ദിവസത്തേക്ക് എത്രയാണ് ഓരോ നാളിലും നിങ്ങളുടെ സമൂഹ മാധ്യമ ഉപയോഗമെന്നതിന്റെ കണക്ക് ശേഖരിക്കലാകണം ആദ്യ ജോലി. ആപ്പ്ളും ഗൂഗ്ളും നിങ്ങളുടെ സ്ക്രീൻ സമയം അളക്കാനും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകൾ ഏതെന്ന് തിരിച്ചറിയാനും ടൂളുകൾ നിങ്ങൾക്ക് നൽകുന്നുണ്ട്.
ഉദാഹരണത്തിന്, ഐഫോണിന്റെ സെറ്റിങ്സിൽ ‘സ്ക്രീൻ ടൈം’ എന്ന ഒരു ഫീച്ചർ തന്നെയുണ്ട്. മൊബൈൽ ഫോണിൽ എത്ര സമയം ചെലവിട്ടു.. കൂടുതൽ ഉപയോഗിച്ച ആപ്പുകൾ ഏതൊക്കെ... എത്ര നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ലഭിക്കുന്നു... ഫോൺ എപ്പോഴൊക്കെ അൺലോക്ക് ചെയ്യുന്നു തുടങ്ങിയവയൊക്കെ അതിൽ ലഭ്യം. അതിലെ ‘ആപ്പ് ലിമിറ്റ്സ്’ ഉപയോഗിച്ച് പ്രത്യേക ആപ്പുകൾ ദിവസം എത്രനേരം ഉപയോഗിക്കാമെന്ന് പരിമിതപ്പെടുത്താം. ഓരോ ആപ്പിനും വെക്കുകയോ ഒരുകൂട്ടം ആപ്പുകൾക്ക് (ഗെയിമിങ്, സമൂഹ മാധ്യമങ്ങൾ, വിനോദം.. എന്നിങ്ങനെ) മൊത്തമായോ ആകാം. ഒരു മിനിറ്റ് മുതൽ 23 മണിക്കൂറും 59 മിനിറ്റും വരെ എത്രവേണേലും സെറ്റ് ചെയ്യാം. അവധി ദിനത്തിനൊന്നും പ്രവൃത്തി ദിനത്തിന് വേറൊന്നുമായും ആകാം.
ഗൂഗ്ളിൽ ‘Digital Wellbeing’ ടൂൾ ആണ് ഇതേ പണി ചെയ്യുന്നത്. സെറ്റിങ്സ് മെനുവിൽ അത് നിങ്ങൾക്ക് കാണാം. ഇത്രയും ചെയ്ത് പതിയെ സമൂഹ മാധ്യമ ആസക്തിയിൽനിന്ന് തലയൂരാം...
Dumb Phone: ഫോണിന്റെ ഹോം സ്ക്രീൻ ഒട്ടും ആകർഷകമല്ലാതാക്കുന്നതാണ് മറ്റൊരു വഴി. ആദ്യ കാഴ്ചയിൽ തന്നെ നമ്മെ ആകർഷിക്കുന്നതിന് പകരം ദൂരെ നിർത്തുന്ന കാഴ്ച ഹോം സ്ക്രീനിന് നൽകണം. ഐഫോണിൽ ഡംബ് ഫോൺ എന്ന ആപ്പ് ഈ രംഗത്ത് മികച്ച ഒന്നാണ്. ഇരുണ്ട, അല്ലെങ്കിൽ മങ്ങിയ മോഡുകളിലാകും ഇത് നൽകുന്ന ഹോംസ്ക്രീനുകൾ.
Opal: സൗജന്യ ആപ്പായ ‘ഓപൽ’ ഒരു പടി കൂടി കടന്ന് നിങ്ങളെ ശരിക്കും വലക്കുന്ന ആപ്പുകൾ തടഞ്ഞുവെച്ചും കൂടുതൽ വീക്ഷിക്കുന്ന ഓരോ ആപ്പിന്റെയും കണക്ക് നൽകിയും സഹായിക്കാൻ പോന്നതാണ്. ഇനിയും ഇതേ രീതി തുടർന്നാൽ, ജീവിതത്തിൽ എത്ര മണിക്കൂർ ഇങ്ങനെ നഷ്ടമാകാനിരിക്കുന്നുവെന്ന കണക്കുകളും അത് സമർപിക്കും. സുഹൃത്തുക്കളുമായി നിങ്ങളുടെ സ്ക്രീൻ ടൈം പങ്കുവെക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
Forest: ഫോണിൽനിന്ന് വിട്ടുനിൽക്കുന്നതിന് റിവാർഡ് നൽകുന്ന ആപ്പാണിത്. ഒരു ചെടി നട്ട് കളി തുടങ്ങുന്ന ഒരു ഗെയിമാണ് ഇതിന് സഹായിക്കുന്നത്. നിങ്ങൾ എത്രകണ്ട് മൊബൈൽ ഫോണിൽനിന്ന് വിട്ടുനിൽക്കുന്നോ അത്രവലിപ്പം വെക്കുന്നു, ഈ ചെടി. പകരം മുഴുസമയം ഫോണിലാണെങ്കിലോ ചെടി എളുപ്പം വാടിപ്പോകുകയും ചെയ്യും. ചെടി വളരും തോറും ഡിജിറ്റൽ കോയിനുകളുടെ എണ്ണം കൂടും. ഒപ്പം, ഈ ആപ്പിൽ നിങ്ങൾ നടുന്ന ഓരോ ചെടിക്കും പകരം ആപ്പ് സൃഷ്ടിച്ചവർ ഒരു യഥാർഥ ചെടി ലോകത്ത് നട്ടുപിടിപ്പിക്കുന്നുവെന്ന വ്യത്യാസവുമുണ്ട്.
ഇത്തരം സമൂഹ മാധ്യമ ആപ്പുകളൊന്നുമില്ലാത്ത മൊബൈൽ ഫോണുകളും വിപണിയിൽ ലഭ്യം. നോക്കിയ 2660 ഫ്ലിപ് ഫോൺ അങ്ങനെയൊന്നാണ്. പഴയ കാലത്തേക്ക് നിങ്ങനെ തിരികെ നടത്തുമെന്ന ആധിയില്ലെങ്കിൽ ലുക്കിലും പെർഫോമൻസിലും കിടുവായ ഒന്നാണിത്.
എല്ലാറ്റിനുമൊപ്പം കൃത്യമായി ലക്ഷ്യങ്ങളുണ്ടാകുക, ആസക്തി കുറക്കുന്ന ആപ്പുകൾ ഉപയോഗിക്കുന്നവരെങ്കിൽ ഓരോ ആപ്പിന്റെയും ഫീച്ചറുകൾ സൂക്ഷ്മമായി നിരീക്ഷിക്കുക, ഏതുതരം നടപടിക്കുമൊപ്പം ശീലങ്ങൾ മാറ്റണമെന്ന ഉറപ്പോടെ മനസ്സു മാറ്റിയെടുക്കുക എന്നിവയെല്ലാം ഇതിൽ പ്രധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.