സ്വന്തം ചിപ്സെറ്റും കിടിലൻ ഡിസൈനുമൊക്കെയായി ഗൂഗ്ൾ പുതിയ പിക്സൽ ഫോണുകൾ അവതരിപ്പിച്ചതോടെ ടെക് ലോകം ആവേശത്തിലാണ്. പിക്സൽ 6ഉം പിക്സൽ 6 പ്രോയും മുന്നോട്ടുവെക്കുന്ന സവിശേഷതകൾ അനുഭവിക്കാനായി കാത്തിരിക്കുകയാണ് സ്മാർട്ട്ഫോൺ പ്രേമികൾ. പിക്സൽ ഫോണുകൾക്ക് ഇന്ത്യയിലും ഏറെ ആരാധകരുണ്ട്. എന്നാൽ, അവർക്ക് ദുഃഖ വാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗ്ൾ.
പിക്സൽ 6 സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ലെന്നാണ് ഗൂഗ്ൾ ഒൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. എൻ.ഡി.ടി.വി ഗാഡ്ജറ്റ്സ് 360-ക്ക് നൽകിയ പ്രസ്താവനയിൽ, ഗൂഗ്ൾ അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് ടെക് ലോകം ഇപ്പോൾ നേരിടുന്ന ആഗോള 'ചിപ് ക്ഷാമമാണ്'. ഒപ്പം മറ്റുപല ഘടകങ്ങളുമുണ്ടെന്നും ഗൂഗ്ൾ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന പിക്സൽ ഡിവൈസുകൾ ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഗൂഗ്ൾ വക്താവ് ഗാഡ്ജറ്റ്സ് 360-യോട് പ്രതികരിച്ചു.
ഗൂഗ്ളിെൻറ ഫ്ലാഗ്ഷിപ്പ് നിരയിലുള്ള പിക്സൽ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാത്തതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് നമ്മുടെ രാജ്യം അവർക്ക് ലാഭകരമായ ബിസിനസ്സ് നൽകുന്നില്ല എന്നതാണ്. രാജ്യത്ത് നിലനിൽക്കുന്ന ചൈനീസ് ബ്രാൻഡുകളുടെ സ്വാധീനവും ഗൂഗ്ളിനെ പിന്നോട്ടടിക്കുന്നുണ്ട്. ഷവോമി, ഒപ്പോ, വിവോ, റിയൽമി, മോേട്ടാ തുടങ്ങിയ കമ്പനികൾ ചെറിയ വിലയ്ക്ക് വമ്പൻ സവിശേഷതകളുള്ള ഫോണുകൾ വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിൽ, മറ്റൊരു ആൻഡ്രോയ്ഡ് ഫോൺ അതും ഭീമൻ വിലയ്ക്ക് വാങ്ങാൻ ഇന്ത്യക്കാർ മടിക്കുന്നു. അതേസമയം, ഐ.ഒ.എസിന് എതിരാളികളില്ലാത്തതിനാൽ ആപ്പിളിന് ഇന്ത്യയിൽ ഐഫോണുകൾ ലാഭകരമായി വിൽക്കാൻ കഴിയുന്നുണ്ട്.
അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, തായ്‌വാൻ, അയർലൻഡ് എന്നീ രാജ്യങ്ങളിലുള്ളവർക്ക് പിക്സൽ ഫോണുകൾ ഒക്ടോബർ 28 മുതൽ വാങ്ങാം. ഇറ്റലി, സ്പെയിൻ, സിംഗപ്പൂർ എന്നീ രാജ്യക്കാർക്ക് അടുത്ത വർഷം തുടക്കത്തിലും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.