പാരിസ്: അമേരിക്കൻ ടെക് ഭീമൻ ഗൂഗ്ളിന് ഭീമൻ തുക പിഴയീടാക്കി ഫ്രഞ്ച് അധികൃതർ. ഡിജിറ്റല്‍ പരസ്യ മേഖലയിലെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റി 26.8 കോടി ഡോളര്‍ ( 1950 കോടി രൂപയോളം) ഗൂഗ്ളിന് പിഴയിട്ടത്. എതിരാളികളെ ബാധിക്കുന്ന വിധം ഗൂഗ്ള്‍ സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകള്‍ക്ക് ആനുപാതികമല്ലാത്ത മുന്‍ഗണന നല്‍കിയെന്നാണ് അധികൃതർ കണ്ടെത്തിയത്.
ഡിജിറ്റല്‍ പരസ്യ രംഗത്തുള്ള ആധിപത്യം ഗൂഗ്ള്‍ ദുരുപയോഗം ചെയ്തെന്ന് കാട്ടി 2019ൽ റൂപര്‍ട് മര്ഡോക്കിെൻറ കീഴിലുള്ള ന്യൂസ് കോര്‍പ്, ഫ്രഞ്ച് പത്രമായ ലെ-ഫിഗരോ, ബെല്‍ജിയന്‍ മാധ്യമ സ്ഥാപനമായ റൊസല്‍ എന്നിവര്‍ ചേര്‍ന്ന് നൽകിയ പരാതിയിലാണ് നടപടി. നടപടിക്കുപിന്നാലെ പരസ്യസേവനങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് ഗൂഗ്ൾ അറിയിച്ചിട്ടുണ്ട്.
ഗൂഗ്ൾ സ്വന്തം പരസ്യ പ്ലാറ്റ്ഫോമുകളായ ആഡ്-എക്സിനും ഡബിൾക്ലിക്ക് ആഡ് എക്സ്‌ചെയ്ഞ്ചിനും പരിധിയിലധികം മുൻഗണന നൽകി മാർക്കറ്റിൽ അവർക്കുള്ള സ്ഥാനം ദുരുപയോഗം ചെയ്യുന്നതായും കമ്പനികൾ ആരോപിക്കുന്നു. അതുവഴി വൻ തുക മുടക്കി മാധ്യമങ്ങളുടെ വെബ് സൈറ്റുകളിലും മറ്റ് ആപ്പുകളിലും നൽകിവരുന്ന പരസ്യങ്ങളും വാർത്തകളും ടെക് ഭീമൻ മറയ്ക്കുന്നതായും മത്സര രംഗത്തുള്ള മറ്റ് കമ്പനികൾ ആരോപിക്കുന്നു. മറ്റ് പ്ലാറ്റ്ഫോമുകളിലെ റേറ്റ് അനുസരിച്ച് ഗൂഗ്ളിെൻറ പരസ്യ പ്ലാറ്റ്ഫോമുകള്‍ കമീഷനില്‍ വ്യത്യാസം വരുത്തുന്നുണ്ടായിരുന്നു എന്നും കോംപറ്റീഷന്‍ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്.
മുമ്പും ഫ്രാന്‍സില്‍ ഗൂഗിളിന് പിഴയിട്ടിരുന്നു. 2019 ഡിസംബറില്‍ സമാനമായ കേസില്‍ 150 മില്യന്‍ യൂറോയാണ് ടെക് ഭീമന് പിഴയൊടുക്കേണ്ടിവന്നത്. 2018 ല്‍ വിപണി മര്യാദകള്‍ ലംഘിച്ചതിനു ഗൂഗിള്‍ 34,500 കോടി രൂപ പിഴ നല്‍കണമെന്നു യൂറോപ്യന്‍ കമീഷനും നിര്‍ദേശിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിെൻറ വന്‍ സ്വാധീനം ഉപയോഗിച്ച് മറ്റു കമ്പനികളുടെ സാധ്യതകള്‍ അടയ്ക്കുന്നുവെന്നാണ് അന്നവർ വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.