കോവിഡ് മഹാമാരിക്ക് പിന്നാലെ ലോകമെമ്പാടുമുള്ള വമ്പൻ കോർപ്പറേറ്റ് കമ്പനികളും ടെക് ഭീമൻമാരും തൊഴിലാളികളെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. കോവിഡ് ഇടക്ക് ഒന്നടങ്ങിയെങ്കിലും, അപ്പോഴേക്കും 'വർക് ഫ്രം ഹോം' എങ്ങും തൊഴിൽ സംസ്കാരത്തിെൻറ ഭാഗമായി മാറി. ജീവനക്കാർക്കായി ഏറ്റവും പെട്ടന്ന് 'വർക് ഫ്രം ഹോം' നടപ്പിലാക്കിയ ടെക് കമ്പനികളിലൊന്നായിരുന്നു ഗൂഗ്ൾ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഗൂഗ്ളിെൻറ ജീവനക്കാർക്ക് കൊറോണയുടെ തുടക്കം മുതലേ, റിമോട്ട് വർക് അനുവദിച്ചിരുന്നു.
തൊഴിലാളികളോടുള്ള സമീപനത്തിലും അവർക്ക് നൽകുന്ന സുരക്ഷയിലും എന്നും മറ്റുള്ളവരേക്കാൾ ഒരുപടി മുന്നിലെത്താനായി പരമാവധി ശ്രമിക്കുന്ന കമ്പനിയാണ് ഗൂഗ്ൾ. അതിെൻറ ഭാഗമായിട്ടായിരുന്നു എല്ലാ സൗകര്യങ്ങളോടുകൂടിയും ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവർ അനുവദിച്ചത്. എന്നാൽ, അതും കമ്പനി വലിയ ലാഭമാക്കി മാറ്റിയിരിക്കുകയാണ്. വർക് ഫ്രം ഹോം നടപ്പിലാക്കിയതോടെ വാർഷിക വരുമാനത്തിൽ ഗണ്യമായ ഉയർച്ചയാണ് ഗൂഗ്ളിന് നേടാനായത്.
ഒരു ബില്യൺ ഡോളറാണ് (7412 കോടി രൂപ) കമ്പനി ആ വിധത്തിൽ മിച്ചം പിടിച്ചത്. ജീവനക്കാരുടെ യാത്ര, വിനോദം, മറ്റ് അധിക ചെലവുകൾ കുറക്കാൻ സാധിച്ചതും കോവിഡ് കാലത്ത് ഇൻറർനെറ്റ് അധിഷ്ഠിത സേവനങ്ങളുടെ ആവശ്യം വൻതോതിൽ വർധിക്കുകയും ചെയ്തതോടെ കഴിഞ്ഞ വർഷം 34 ശതമാനം വരുമാന വർധനവ് കമ്പനിക്ക് സ്വന്തമാക്കാൻ സാധിച്ചതായി ഗൂഗ്ളിെൻറ മാതൃകമ്പനി ആൽഫബറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, 2021െൻറ ആദ്യ പാദത്തിൽ വീട്ടിലിരുന്നുള്ള തൊഴിൽ രീതി കാരണം 268 മില്യൺ ഡോളർ മിച്ചം പിടിക്കാനായതായും അവർ പറയുന്നു.
വർക് ഫ്രം ഹോം വിജയിച്ചതോടെ ഭാവിയിൽ 'ഹൈബ്രിഡ്' മോഡൽ പരീക്ഷിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. ചില തൊഴിലാളികളെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുകയും അവശേഷിക്കുന്നവർ ഒാഫീസിൽ വന്ന് ജോലി ചെയ്യേണ്ടതായും വരുന്ന സംവിധാനമാണിത്. എന്നാൽ, ഒരു സമയപരിധി നിശ്ചയിച്ച് ഒാഫീസിലുള്ളവർക്ക് വർക് ഫ്രം ഹോം അനുവദിക്കും. അതോടെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ഒാഫീസിലേക്ക് തിരിച്ചെത്തേണ്ടിയും വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.