ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇനിമുതൽ ഭൂകമ്പങ്ങളെക്കുറിച്ചുള്ള അലേർട്ടുകൾ ലഭിക്കും. ഭൂകമ്പം മനസ്സിലാക്കാനും നിങ്ങൾക്ക് പ്രാദേശിക ഭാഷകളിൽ മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും ആക്‌സിലറോമീറ്റർ പോലെയുള്ള നിങ്ങളുടെ ഫോണിലെ സെൻസറുകളാണ് സിസ്റ്റം ഉപയോഗിക്കുന്നത്. ആൻഡ്രോയിഡ് എർത്ത് ക്വേക്ക് അലേർട്ട് സിസ്റ്റം എന്നാണ് പുതിയ ഫീച്ചറിന്റെ പേര്.
നാഷ്ണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി, നാഷ്ണൽ സീസ്‌മോളജി സെന്റർ എന്നിവയുമായി സഹകരിച്ചാണ് ഗൂഗിൾ ഈ ഫീച്ചർ വികസിപ്പിച്ചത്. ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഇതിനകം ഈ ഫീച്ചർ വിന്യസിച്ചിട്ടുണ്ട്.
ആക്സിലറോമീറ്റർ സെൻസറിനെ സീസ്മോഗ്രാഫായി ഉപയോഗിച്ച് നിങ്ങളുടെ ഫോണിനെ ഒരു മിനി ഭൂകമ്പ ഡിറ്റക്ടറാക്കി മാറ്റിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. നിങ്ങളുടെ ഫോൺ ചാർജ്ജ് ചെയ്യാനിട്ടിരിക്കുമ്പോഴും ചലിക്കാതിരിക്കുമ്പോഴും, അതിന് ഭൂകമ്പത്തിന്റെ ആദ്യ ലക്ഷണങ്ങൾ മനസ്സിലാക്കാൻ കഴിയും.
ഒരേ സമയം ഭൂകമ്പം പോലുള്ള കുലുക്കം പല ഫോണുകൾക്കും അനുഭവപ്പെടുകയാണെങ്കിൽ, ഗൂഗിളിന്റെ സെർവറിന് ഒരു ഭൂകമ്പം സംഭവിക്കുന്നുണ്ടെന്നും അത് എവിടെ, എത്ര ശക്തമാണെന്നും മനസ്സിലാക്കാൻ കഴിയും. തുടർന്ന്, Google-ന്റെ സെർവർ സമീപത്തുള്ള മറ്റ് ഫോണുകളിലേക്ക് അലേർട്ടുകൾ അയയ്ക്കുന്നു.
റിക്ടർ സ്‌കെയിലിൽ 4.5നു മുകളിൽ തീവ്രതയുള്ള ഭൂകമ്പമുണ്ടാകുന്ന സമയത്ത് എല്ലാവർക്കും ഫോണിൽ ജാഗ്രതാ നിർദേശം വരും. സുരക്ഷക്കായി എന്തെല്ലാം ചെയ്യണമെന്ന നിർദേശവും ഫോണിന്റെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും. ഫോൺ സൈലന്റ് മോഡിലോ ഡു നോട്ട് ഡിസ്‌ടേർബ് മോഡിലോ ആയാൽ പോലും വലിയ ശബ്ദത്തിലുള്ള അലാമും സുരക്ഷ നടപടിക്കായുള്ള നിർദേശവും ഫോണിൽ പ്രത്യക്ഷപ്പെടും.
അൻഡ്രോയിഡ് 5നും അതിന് മുകളിലുമുള്ള വേർഷനുകളിൽ അടുത്തയാഴ്ചയോടെ ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഫീച്ചർ ഫലപ്രദമായി ഉപയോഗിക്കാൻ ഫോണിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയും ലൊക്കേഷനും ഓൺ ആയിരിക്കണം. ഫോണിന്റെ സെറ്റിങ്‌സ് തുറന്ന് സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ ടാപ്പ് ചെയ്ത് എർത്ത് ക്വേക്ക് അലേർട്ട് ഓൺ ആക്കാനും ഓഫാക്കാനും സാധിക്കും. സേഫ്റ്റി ആൻഡ് എമർജൻസി ഓപ്ഷൻ കാണുന്നില്ലെങ്കിൽ ലൊക്കേഷൻ-അഡ്വാൻസ്ഡ് തിരഞ്ഞെടുത്ത് എരത്ത് ക്വേക്ക് അലേർട്ട്് തിരഞ്ഞെടുക്കാൻ സാധിക്കും.
ഗൂഗിൾ സെർച്ച്, മാപ്പ് എന്നിവ വഴി പ്രളയം കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നതിന് വേണ്ടിയും നാഷ്ണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ചു വരികയാണെന്ന് ഗൂഗിൾ അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.