കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത ഗൂഗിളിന്റെ ഫ്ലാഗ്ഷിപ്പ് ഫോണായ പിക്സൽ 7 സീരീസിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ആപ്പിൾ ഐഫോണിനോട് മുട്ടി നിൽക്കുന്ന ഫോൺ ഒടുവിൽ ഗൂഗിൾ പുറത്തിറക്കി എന്നാണ് ടെക് ലോകത്തെ സംസാരം. ഗൂഗിൾ അത് നന്നായി ആസ്വദിക്കുകയും ചെയ്തു എന്ന് പറയാം. അങ്ങനെ ആവേശം കയറി, ഒന്ന് ആപ്പിൾ സി.ഇ.ഒയെ ട്രോളിയതാണ്, കിട്ടിയത് എട്ടിന്റെ പണിയും.
ഗൂഗിൾ പിക്സൽ ഫോണിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് പണി പറ്റിച്ചത്. ടിം കുക്കിനെ പരിഹസിച്ചുള്ള ട്വീറ്റ്, പിക്സൽ ടീം ഇട്ടത് ഐഫോൺ ഉപയോഗിച്ചായിരുന്നു. ട്വിറ്ററിൽ കാലങ്ങളായുള്ള ഫീച്ചറാണ് അവർക്ക് പണി കൊടുത്തത്. ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നത് ഏത് ഉപകരണം ഉപയോഗിച്ചാണെന്നത് ട്വീറ്റിന് താഴെ തന്നെ ട്വിറ്റർ പ്രദർശിപ്പിക്കാറുണ്ട്. ഉദാഹരണം: 'ട്വിറ്റർ ഫോൺ ഐഫോൺ, ട്വിറ്റർ ഫോൺ ആൻഡ്രോയ്ഡ്, ട്വിറ്റർ ഫോർ വെബ്'.
ആപ്പിൾ സി.ഇ.ഒയെ കുറിച്ചുള്ള പരിഹാസ ട്വീറ്റിന് താഴെ വന്നത് 'ട്വിറ്റർ ഫോൺ ഐഫോൺ' എന്നായിരുന്നു. ഉടൻ തന്നെ പോസ്റ്റ് ഗൂഗിൾ പിക്സൽ പിൻവലിച്ചെങ്കിലും നെറ്റിസൺസിന് സ്ക്രീൻഷോട്ട് എടുക്കാനുള്ള സമയം ലഭിച്ചിരുന്നു. അവരത് വൈറലാക്കി ആഘോഷിക്കുകയു ചെയ്തു.
ഹാഷ്ടാഗ് ട്രോൾ
ടിം കുക്ക് ട്വിറ്ററിൽ ഒരു ഹാഷ്ടാഗ് ഉപയോഗിച്ചതാണ് ട്രോളിന് കാരണമായത്. ആപ്പിളിന്റെ പുതിയ പ്രൊഡക്ടിന്റെ പ്രൊമോഷണൽ വീഡിയോ "ടേക്ക് നോട്ട് (#TakeNote)" എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ടിം കുക്ക് ട്വീറ്റ് ചെയ്യുകയായിരുന്നു. ഈ ഹാഷ്‌ടാഗ് മുമ്പ് എൻബിഎ ഫ്രാഞ്ചൈസി യൂട്ടാ ജാസ് ഉപയോഗിച്ചിരുന്നു. പിന്നാലെ യൂട്ടാ ജാസ് ഉടമ റയാൻ സ്മിത്ത് കുക്കിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു.
അതോടെ ആപ്പിളിന്റെ എതിരാളികളായ ഗൂഗിൾ പിക്സൽ, യൂട്ടാ ജാസ് വിവാദത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കുക്കിന്റെ ട്വീറ്റിന് മറുപടിയുമായി എത്തി. "Hmmmm ഓകെ, ഞാൻ കാണുന്നുണ്ട്. #Take Note. നിങ്ങളുടെ പ്രിയപ്പെട്ട ടീമുമായി നിങ്ങളെ അടുപ്പിക്കാൻ ടീം പിക്സൽ ഇവിടെയുണ്ട്. ടീമേതാണെന്ന് ഞങ്ങളോട് പറയൂ. നിങ്ങളുടെ NBA ടിപ്പ്-ഓഫ് കൂടുതൽ മികച്ചതാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും," - ഇങ്ങനെയായിരുന്നു അവരുടെ ട്വീറ്റ്.
എന്നാൽ, ട്വിറ്ററാട്ടികൾ ശ്രദ്ധിച്ചത് മറ്റൊന്നായിരുന്നു, ആപ്പിൾ ഐഫോൺ ഉപയോഗിച്ചാണ് പിക്സലിന്റെ ട്വീറ്റെന്ന് കണ്ടെത്താൻ അവർ ബുദ്ധിമുട്ടിയില്ല. അതോടെ ട്വീറ്റ് മുക്കിയ ഗൂഗിൾ ട്വിറ്റർ വെബ് ആപ്പ് ഉപയോഗിച്ച് പുതിയ ട്വീറ്റുമായി എത്തുകയും ചെയ്തു. എന്നാൽ, ഇന്റർനെറ്റിൽ ഗൂഗിളും പിക്സൽ ടീമും നാണംകെട്ടു.
നേരത്തെ സാംസങ്ങിനും ഇതേ അമളി പറ്റിയിരുന്നു. സാംസങ്ങിന്റെ നൈജീരിയ വിഭാഗത്തിന്റെ ട്വിറ്റർ ഹാൻഡിൽ ഐഫോൺ ഉപയോഗിച്ച് ഒരു പ്രഖ്യാപനം പോസ്റ്റ് ചെയ്തത് വലിയ ട്രോളുകൾക്ക് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.