'ജി.ടി.എ' അഥവാ 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ' എന്ന ഗെയിമിനെ കുറിച്ച് അറിയാത്ത കൗമാരക്കാരും യൂത്തൻമാരും കുറവായിരിക്കും. സിംഗിൾ ട്രാക്കിലും പരിമിതമായ സ്ഥലത്തും മാത്രം ഗെയിം കളിച്ച് മടുത്തവരെ തുറന്ന ലോകത്തേക്ക് ഇറക്കി വിട്ട, വിപ്ലവമായ ഓപൺ -വേൾഡ് ഡിസൈൻ ഗെയിമിങ്ങിൽ കൊണ്ടുവന്ന ലെജൻഡാണ് ജി.ടി.എ സീരീസ്.
എന്നാൽ, ജി.ടി.എ സീരീസിലെ അഞ്ചാമത്തെ ഗെയിം അഥവാ ജി.ടി.എ-5 (GTA V) റിലീസ് ചെയ്തിട്ട് അടുത്ത വർഷത്തോടെ പത്ത് വർഷം തികയുകയാണ്. എന്നിട്ടും ജി.ടി.എ ആറാമനെ (Grand Theft Auto VI) കുറിച്ച് ഒരു വിവരം പോലും സൃഷ്ടാക്കളായ റോക്സ്റ്റാർ ഗെയിംസ് പുറത്തുവിട്ടിട്ടില്ല. എന്നാണ് ഗെയിം ലോഞ്ച് ചെയ്യുകയെന്ന് അറിയാനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഗെയിമിങ് ലോകം.
GTA 6-ൽ തങ്ങൾ പ്രവർത്തനം ആരംഭിച്ചെന്നും അതിന്റെ റിലീസിനൊപ്പം പുതിയൊരു ബെഞ്ച്മാർക്ക് സ്ഥാപിക്കാൻ തങ്ങൾ കാര്യമായി പരിശ്രമിക്കുന്നുണ്ടെന്നും ഡെവലപ്പർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ആനിമേഷനും ഗ്രാഫിക്സും മറ്റും നിറയുന്ന, വ്യത്യസ്തമായ അനുഭവമായിരിക്കും ഗെയിമിലൂടെ ലഭിക്കാൻ പോകുന്നത്. മുൻ ഗെയിമുകളെ അപേക്ഷിച്ച്, ആറാമനിൽ കൂടുതൽ ഇന്റീരിയർ ലൊക്കേഷനുകളും പ്രതീക്ഷിക്കാവുന്നതാണ്.
ഇതൊക്കെ അറിഞ്ഞിട്ടും ഫാൻസിന് ആവേശം അടക്കിവെക്കാൻ കഴിഞ്ഞില്ല, ചിലർക്ക് ഗെയിമിനെ കുറിച്ച് ചില സങ്കൽപ്പങ്ങളുമുണ്ട്. അത്തരത്തിലുള്ള ഒരു ആരാധകൻ, ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6 പുതിയ അൺറിയൽ എഞ്ചിൻ 5-ൽ നിർമ്മിച്ചാൽ എങ്ങനെയിരിക്കുമെന്ന് കാണിക്കുന്ന ഒരു കൺസെപ്റ്റ് വീഡിയോ പങ്കിടുകയും ചെയ്തു.
ജി.ടി.എ 6 എന്നെത്തും..??
അതിനിടെ ജി.ടി.എ 6-ന്റെ റിലീസ് തീയതി കണ്ടെത്തിയിരിക്കുകയാണ് ചില വിരുതൻമാർ. റോക്സ്റ്റാർ ഗെയിംസ് ഇതുവരെ ഔദ്യോഗികമായി ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ലെങ്കിലും അവരുടെ ജി.ടി.എ സീരീസിന്റെ റിലീസ് തീയതികളും മറ്റ് പല കാര്യങ്ങളും കൂട്ടിയും കുറച്ചുമൊക്കെയാണ് ഒരു നിഗമനത്തിൽ എത്തിയിരിക്കുന്നത്. 2001ൽ ജി.ടി.എ III എന്ന ആദ്യ ഗെയിം ലോഞ്ച് ചെയ്തത് മുതൽ സെപ്തംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായാണ് ഓരോ ഗെയിമുകളും റോക്സ്റ്റാർ അവതരിപ്പിച്ചത്.
പ്രമുഖ ജി.ടി.എ ലീക്കറായ ക്രിസ് ക്ലിപ്പൽ കഴിഞ്ഞ മാർച്ചിൽ ട്വീറ്റ് ചെയ്തത്, 2024 ന്റെ അവസാന മാസങ്ങൾക്ക് മുമ്പായി എന്തായാലും ജി.ടി.എ 6 റിലീസ് ചെയ്യില്ല എന്നായിരുന്നു. ബ്ലൂംബർഗ് റിപ്പോർട്ടറായ ജേസൺ ഷ്രെയറിനും അതേ അഭിപ്രായമായിരുന്നു. 2024-ന്റെ അവസാനമോ 2025-ന്റെ തുടക്കത്തിലോ ഗെയിം റിലീസാകുമെന്ന് അദ്ദേഹം പ്രവചിച്ചു. അതേസമയം, 2024 ഒക്ടോബറിലോ, നവംബറിലോ ജി.ടി.എ 6 എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.