സ്മാർട്ട്ഫോണുകൾ അടക്കമുള്ള എല്ലാ ഉപകരണങ്ങള്‍ക്കും യു.എസ്.ബി-സി (USB-C) പോര്‍ട്ടുകള്‍ വേണമെന്ന നിയമം ആദ്യം പാസാക്കിയത് യൂറോപ്യന്‍ യൂണിയന്‍ (ഇയു) ആയിരുന്നു. ആൻഡ്രോയ്ഡ് ഫോണുകളിൽ ബഹുഭൂരിപക്ഷവും നിലവിൽ ടൈപ്-സി പോർട്ടുമായാണ് വിപണിയിലെത്തുന്നത്. എന്നാൽ, ആപ്പിൾ അവരുടെ ഐഫോണുകളിൽ ഇപ്പോഴും ലൈറ്റ്നിങ് പോർട്ടുകളാണ് ഉൾപ്പെടുത്തുന്നത്.
അതേസമയം, ഇന്ത്യയും സമാന നിയമവുമായി എത്തിയിരിക്കുകയാണ്. 2025 മാർച്ച് മുതലാണ് രാജ്യത്ത് വിൽക്കുന്ന മൊബൈലുകൾക്ക് യു.എസ്.ബി-സി ചാർജിങ് പോർട്ട് ഇന്ത്യ നിർബന്ധമാക്കുന്നത്. രാജ്യത്ത് വിൽക്കുന്ന ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിൽ ചാർജിങ്ങിനായി ‘യുഎസ്ബി-സി പോർട്ട്’ ഉറപ്പാക്കാൻ ഇന്ത്യയിലെ മൊബൈൽ നിർമ്മാതാക്കൾക്ക് 2025 മാർച്ച് വരെ സമയപരിധി നൽകിയിട്ടുണ്ടെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിങ് ‘ദി ഇക്കണോമിക് ടൈംസി’നോട് പറഞ്ഞു.
2023 ഡിസംബർ 28നകം ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശം പുറത്തിറക്കാനും 2024 ഡിസംബർ 28ന് പ്രാബല്യത്തിൽ വരുത്താനുമാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. ഇതിന് മൂന്ന് മാസങ്ങൾക്ക് ശേഷമാകും ഇന്ത്യയിൽ മാർഗനിർദേശം പ്രാബല്യത്തിൽ വരിക.
ഒരേതരം ചാർജർ നടപ്പാക്കുന്നതു പരിശോധിക്കാൻ കർമസമിതി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാർ ചൗബേ രാജ്യസഭയിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇലക്ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങളിലെയും വാണിജ്യസംഘടനകളുടെയും സാങ്കേതിക വിദ്യാസ്ഥാപനങ്ങളിലെയും പ്രതിനിധികൾ സമിതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.