വാഷിങ്ടൺ: യു.എസിലെ മാസച്യുസിറ്റ്സില്‍ ഇന്ത്യൻ വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നിൽ കുപ്രസിദ്ധമായ ബ്ലൂവെയില്‍ ഗെയിമാണെന്ന് സൂചന. കഴിഞ്ഞ മാര്‍ച്ച് എട്ടിനായിരുന്നു 20കാരനായ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു.
അന്വേഷണത്തിൽ വിദ്യാര്‍ഥി ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായി കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. അതേസമയം, കുടുംബത്തിന്‍റെ അഭ്യര്‍ഥന മാനിച്ച് വിദ്യാര്‍ഥിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മരിച്ചുപോയ വിദ്യാര്‍ഥി രണ്ടുമിനിറ്റ് നേരം ശ്വാസം പിടിച്ചുവച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഗെയിം നിരോധിക്കണമെന്ന് സര്‍ക്കാര്‍ ആദ്യം ആവശ്യപ്പെടിരുന്നെങ്കിലും പിന്നീട് തീരുമാനം നീട്ടിവെക്കുകയാണുണ്ടായത്.
മൃതദേഹം ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും കാണാതായ വിദ്യാര്‍ഥിയുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടർന്ന് 20കാരന്‍റെ മരണം കൊലപാതകമാണെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ വനത്തില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
അതേസമയം വിദ്യാർഥിയുടെ മരണത്തിന് കാരണമായത് ബ്ലൂവെയില്‍ ഗെയിമാണന്നതിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും ആത്മഹത്യയാണെന്ന അനുമാനത്തിലാണ് നിലവില്‍ അന്വേഷണം മുന്നോട്ട് പോകുന്നതെന്നുമാണ് അന്വേഷണസംഘം പറയുന്നത്. മെഡിക്കല്‍ എക്സാമിനറുടെ വിശദ റിപ്പോര്‍ട്ട് വന്നശേഷമേ കേസിലെ അന്വേഷണം അവസാനിപ്പിക്കുകയുള്ളൂവെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.