ഓൺലൈൻ ഗെയിമിങ്ങിന് മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഓൺലൈൻ ഗെയിമിങ്ങിന് നയം രൂപീകരിക്കുന്നതിന്‍റെ മുന്നോടിയായി കരട് മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര വിവരസാങ്കേതിക-ഇലക്ട്രോണിക്സ് വകുപ്പ്. ഓൺലൈൻ ഗെയിമിങ് സ്ഥാപനങ്ങൾക്ക് സ്വയം നിയന്ത്രണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നിർദേശങ്ങൾ. പൊതുജനങ്ങൾക്കും മേഖലയിൽ പ്രവർത്തിക്കുന്നവർക്കും കരട് മാർഗനിർദേശങ്ങളിൽ അഭിപ്രായം അറിയിക്കാം. ഇത് കൂടി പരിശോധിച്ച് അടുത്ത മാസം അവസാനത്തോടെ നിയമങ്ങൾ പ്രാബല്യത്തിൽ വരും.

ഓൺലൈൻ ഗെയിമിങ് ഇൻഡസ്ട്രിയുടെ വളർച്ച കൂടുതൽ ഉത്തരവാദിത്വത്തോടെയുള്ളതാക്കാനായാണ് നയരൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര സർക്കാർ നോട്ടീസിൽ പറയുന്നു. ഓൺലൈൻ ഗെയിമിങ് സ്ഥാപനങ്ങൾ രാജ്യത്തെ നിയമങ്ങൾ അനുസരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഉപഭോക്താക്കൾ തങ്ങളുടെ വ്യക്തിവിവരങ്ങൾ (കെ.വൈ.സി) നൽകണം. പണം കൈമാറ്റം, ഫീസ്, സമ്മാനങ്ങൾ, റീഫണ്ട് മുതലായവയിൽ സുതാര്യത വേണം.

ഗെയിം കമ്പനികൾക്ക് അംഗീകാരം നൽകാൻ പ്രത്യേക സമിതിയെ രൂപീകരിക്കും. ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും. ഗെയിമിങിലൂടെ വാതുവെപ്പ് അനുവദിക്കില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ ഗെയിം കളിക്കാൻ രജിസ്റ്റര്‍ ചെയ്യുമ്പോൾ മാതാപിതാക്കളുടെ സമ്മതം വാങ്ങിയിരിക്കണം മുതലായവയാണ് പ്രധാന നിർദേശങ്ങൾ. ഗെയിമിങ് പ്ലാറ്റ്‍ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ജനുവരി 17 വരെ കരട് നിർദേശങ്ങളിൽ പൊതുജനങ്ങൾക്കും വിദഗ്ധർക്കും അഭിപ്രായമറിയിക്കാം. ഇതിനായുള്ള വെബ്സൈറ്റ്: https://innovateindia.mygov.in/online-gaming-rules/ 

കരട് മാർനിർദേശങ്ങളുടെ വിശദമായ അറിയിപ്പ് ഐ.ടി വകുപ്പിന്‍റെ വെബ്സൈറ്റിൽ ലഭ്യമാണ്: https://www.meity.gov.in/content/draft-amendments-it-intermediary-guidelines-and-digital-media-ethics-code-rules-2021

Tags:    
News Summary - IT ministry calls for self-regulation, grievance redressal in online gaming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.