ഇന്ത്യയിൽ 5 ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനെതിരെ ബോളിവുഡ് താരം ജൂഹി ചൗള നൽകിയ ഹരജി ഡൽഹി ഹൈകോടതി തള്ളിയിരുന്നു. നടിയുടെയും കൂട്ടാളികളുടെയും നീക്കം പബ്ലിസിറ്റി സ്റ്റണ്ടാണെന്നാരോപിച്ച കോടതി 20 ലക്ഷം രൂപ പിഴയും ചുമത്തുകയുണ്ടായി. വസ്തുതകളെക്കുറിച്ച് യാതൊരു അറിവുമില്ലാതെ ഹരജിയിൽ അനാവശ്യവും നിസ്സാരവുമായ കാര്യങ്ങളാണ് കുത്തിനിറച്ചതെന്നും വിധിപ്രസ്താവത്തിൽ പറഞ്ഞിരുന്നു. എന്നാൽ, എന്തുകൊണ്ടാണ് താൻ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് താരം.
"കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, എനിക്ക് സ്വയം കേൾക്കാൻ പോലും കഴിയാത്തത്ര ശബ്ദ കോലാഹലമുണ്ടായിരുന്നു. ഈ ബഹളത്തിനിടയിൽ വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം നഷ്ടപ്പെട്ടു," -ജൂഹി ചൗള ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ പറഞ്ഞു. 'അത് ഞങ്ങൾ 5ജിക്ക് എതിരല്ല എന്നതാണ്... വാസ്തവത്തിൽ ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു..., എന്നാൽ, ഞങ്ങൾ അധികാരികളോട് ആവശ്യപ്പെടുന്നത് 5ജി സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തണമെന്ന് മാത്രമാണ്. പഠനങ്ങളും ഗവേഷണങ്ങളും പൊതു ഡൊമെയ്‌നിൽ പ്രസിദ്ധീകരിക്കുക, അങ്ങനെ ചെയ്താൽ ഞങ്ങൾക്ക് ഭയമില്ലാതാകും. അതിനാൽ നമുക്കെല്ലാവർക്കും സമാധാനത്തോടെ ഉറങ്ങാൻ കഴിയും. ഇത് കുട്ടികൾക്ക് സുരക്ഷിതമാണെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഗർഭിണികളായ സ്ത്രീകൾക്ക്, പിഞ്ചു കുഞ്ഞുങ്ങൾക്ക്, വൃദ്ധരായ ആളുകൾക്ക്, സസ്യജന്തുജാലങ്ങൾക്ക്... എല്ലാവർക്കും സുരക്ഷിതമാണോ എന്ന് മാത്രമാണ് ഞങ്ങൾ ചോദിക്കുന്നത്.... -ഒന്നര മിനിറ്റ് നീണ്ട വിഡിയോയിൽ ജൂഹി ചൗള പറഞ്ഞു.
ഇന്ത്യയിൽ 5ജി സേവനം തുടങ്ങുന്നത് ആളുകളുടെ ആരോഗ്യത്തിന് പ്രശ്നം സൃഷ്ടിക്കുമെന്നാരോപിച്ചാണ് ജൂഹി ചൗളയും വീരേഷ് മാലിക്, ടീന വച്ചാനി എന്നിവരും കോടതിയെ സമീപിച്ചത്. റേഡിയോ ഫ്രീക്വന്‍സി റേഡിയേഷനെതിരേ അവബോധം സൃഷ്ടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന നടി, 5ജി നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിയിലാണ് ഹരജി ഫയൽ ചെയ്തത്. വയർലെസ് സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ലെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തലെന്നും ജൂഹി ചൗള ഹരജിയിൽ പറഞ്ഞിരുന്നു. 5 ജി യാഥാർത്ഥ്യമായാൽ ഭൂമിയിൽ മനുഷ്യരും മൃഗങ്ങളും പക്ഷികളും പ്രാണികളും സസ്യങ്ങളും അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. നിലവിലുള്ളതിന്‍റെ 10 മുതൽ 100 മടങ്ങ് വരെ അളവിൽ റേഡിയോ വികിരണം വർധിക്കുമെന്നും ഇവർ ഹരജിയിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.