ഓപൺഎ.ഐ എന്ന സ്റ്റാർട്ടപ്പ് ചാറ്റ്ജിപിടിയിലൂടെ തുടക്കമിട്ട എ.ഐ റേസ് ഇപ്പോൾ ടെക് ഭീമൻമാരെയാകെ കൂടെയോടാൻ പ്രേരിപ്പിച്ചിരിക്കുകയാണ്. ഗൂഗിളും മൈക്രോസോഫ്റ്റും പൂണ്ടുവിളയാടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തേക്ക് ഒടുവിൽ മാർക്ക് സക്കർബർഗിന്റെ മെറ്റയും കാലെടുത്തുവെച്ചു. തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ കഴിഞ്ഞ ദിവസമാണ് മെറ്റ ലോഞ്ച് ചെയ്തത്. പേര് ലാമ 2 (Llama 2). മൈക്രോസോഫ്റ്റുമായി കൈകോർത്താണ് മെറ്റയുടെ പുതിയ സംരംഭം.
എന്നാൽ, ലാമ ചാറ്റ്ജിപിടിയോ ഗൂഗിളിന്റെ ബാർഡോ പോലെ ഒരു ജനറേറ്റീവ് എഐ മോഡലല്ല. അതിനെ ഓപൺ സോഴ്സ് എ.ഐ മോഡലായാണ് മെറ്റ വികസിപ്പിച്ചിരിക്കുന്നത്. അതായത് ആർക്കും അത് ആവശ്യം പോലെ ഉപയോഗിക്കാനും പരിഷ്‌ക്കരിക്കാനും സാധിക്കും. ഗവേഷണത്തിനും വാണിജ്യ ആവശ്യങ്ങൾക്കും ഇത് സൗജന്യമായി ഉപയോഗിക്കാം.
സ്റ്റാർട്ടപ്പുകൾക്കും ബിസിനസ്സുകൾക്കും ചാറ്റ്ജിപിടി പോലുള്ള ചാറ്റ്ബോട്ടുകൾ സൃഷ്ടിക്കാൻ ഉപയോഗിക്കാവുന്ന ലാർഡ് ലാംഗ്വേജ് മോഡലാണ് (LLM) മെറ്റയുടെ ലാമ എന്ന് പറയാം. ഓപ്പണ്‍ എഐയുടെ ജിപിടി4, ഗൂഗിളിന്റെ ലാംഡ തുടങ്ങിയ എഐ മോഡലുകളുമായാണ് ലാമ മത്സരിക്കുന്നത്.
ചാറ്റ്ജിപിടിയുമായി മത്സരിക്കാൻ ഗൂഗിൾ പുറത്തിറക്കിയ ബാർഡ് പ്രവർത്തിക്കുന്നത് ലാംഡ എ.ഐ-യെ അടിസ്ഥാനമാക്കിയാണ്. അതുപോലെ ചാറ്റ്ജിപിടി എന്ന എ.ഐ ചാറ്റ്ബോട്ട് ഓപൺഎ.ഐയുടെ ലാംഗ്വേജ് മോഡലായ ജിപിടി-4 അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇനി മെറ്റയുടെ ലാമ-യുടെ സഹായത്തോടെ ആർക്കും അത്തരം എ.ഐ ചാറ്റ്ബോട്ടുകൾ അവരുടെ സ്വന്തം ആവശ്യങ്ങൾക്കുതകും വിധം സൗജന്യമായി നിർമിച്ചെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.