വാഷിങ്ടൺ: രണ്ടാം തരംഗമായി കോവിഡ് വീണ്ടും ലോകം ജയിച്ചുതുടങ്ങിയതോടെ ഓഫീസിലെത്തി ജോലി ചെയ്തിരുന്നവർ ഓൺലൈനായതിെൻറ ഗുണം പിന്നെയും ഇരട്ടി ലാഭമാക്കി മാറ്റി ഗൂഗ്ൾ. മാതൃകമ്പനിയായ ആൽഫബെറ്റിെൻറ 2021 ആദ്യപാദത്തിലെ വരുമാനം മാത്രം കഴിഞ്ഞ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 34 ശതമാനമാണ് വർധിച്ചത്- 5530 കോടി ഡോളർ (4,11,639.65 കോടി രൂപ). ആളുകൾ കൂടുതലായി ഓൺലൈനിലെത്തിയതോടെ പരസ്യ വരുമാനം കുത്തനെ കൂടിയതാണ് ഗൂഗ്ളിന് നേട്ടമായത്. സമാന കാലയളവിലെ ലാഭം ഇരട്ടിയായും വർധിച്ചു- 1793 കോടി ഡോളർ (1,33,434.25 കോടി രൂപ).
കമ്പനി ലാഭമുണ്ടാക്കുന്ന തുടർച്ചയായ മൂന്നാം സാമ്പത്തിക പാദവർഷമാണിത്. പുതിയ നേട്ടത്തിെൻറ വാർത്തയെത്തിയതോടെ ആഗോള വിപണിയിൽ കമ്പനി ഓഹരികളുടെ വില നാലു ശതമാനം ഉയർന്നു.
യൂടൂബ് വരുമാനമായി മാത്രം 600 കോടി ഡോളറാണ് (44,653.83 കോടി രൂപ) ഈ കാലയളവിൽ ഗൂഗ്്ളിന് ലഭിച്ചത്- അതും 49 ശതമാനം വർധന.
കൊറോണ ആദ്യമായി ലോകത്തെ ഭീതിയിലാഴ്ത്തിയ കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ നേരിയ തളർച്ച കാണിച്ച ഗൂഗ്ളും ആൽഫബെറ്റും വർഷം പൂർത്തിയായതോടെ മികച്ച വരുമാനമുണ്ടാക്കിയിരുന്നു.
വിവിധ രാജ്യങ്ങൾ ലോക്ഡൗണിലായതാണ് അനുഗ്രഹമായതെന്നും ഇവ എടുത്തുമാറ്റുന്നതോടെ നേട്ടം തുടരാനാകില്ലെന്നും ആൽഫബെറ്റ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ റത് പൊറട്ട് പറഞ്ഞു.
ഗൂഗ്ൾ നൽകുന്ന ക്ലൗഡ് കമ്പ്യൂട്ടിങ് സേവനം മഹാമാരി കാലത്ത് ഏറ്റവും കൂടുതൽ ജനപ്രീതി നേടിയതാണ്. ജീവനക്കാർ അവരവരുടെ വീടുകളിൽ ജോലി ചെയ്യുന്ന സംവിധാനമായതോടെ കമ്പനികൾ സ്വന്തം സംവിധാനങ്ങളിൽ വിവരങ്ങൾ സൂക്ഷിക്കുന്നതിന് പകരം ഗൂഗ്ൾ ക്ലൗഡ് സേവനം പ്രയോജനപ്പെടുത്തുന്നത് കുത്തനെ കൂടിയിരുന്നു. 46 ശതമാനമാണ് ക്ലൗഡ് ബിസിനസ് വരുമാന വർധന. പക്ഷേ, ആമസോണും മൈക്രോസോഫ്റ്റുമാണ് ക്ലൗഡ് സേവനങ്ങളിൽ ബഹുദൂരം മുന്നിലുള്ളത്.
വരുമാനം കൂടിയ ആൽഫബെറ്റ് പുതുതായി കൂടുതൽ ഓഫീസുകളും ഡേറ്റ സെൻററുകളും തുടങ്ങുമെന്നും 10,000 അധിക തൊഴിലുകൾ സൃഷ്ടിക്കുമെന്നും ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ അറിയിച്ചു. വിവിധ മേഖലകളിൽ ഗൂഗ്ൾ വിവിധ രാജ്യങ്ങളിൽ കേസുകൾ നേരിടുന്നതിനിടെയാണ് റെക്കോഡ് പരസ്യവരുമാന വർധന. ഫെബ്രുവരിയിൽ കമ്പനിക്കു കീഴിലെ ഏഷ്യൻ, വനിത ജീവനക്കാർക്ക് 260 കോടി ഡോളർ നഷ്ട പരിഹാരം നൽകുമെന്ന് ഗൂഗ്ൾ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഇത്തരം പ്രതിസന്ധികളൊന്നും കമ്പനിയുടെ കുതിപ്പിൽ കാര്യമായ ക്ഷീണമുണ്ടാക്കുന്നില്ലെന്നാണ് പുതിയ റിപ്പോർട്ട് നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.