സോഷ്യൽ മീഡിയ രംഗത്ത് ഏറ്റവും കൂടുതൽ പണമുണ്ടാക്കുന്നവർ ഒരു പക്ഷെ യൂട്യൂബർമാരാകും. ക്രിയേറ്റർമാർക്ക് യൂട്യൂബ് നൽകുന്നത്രയും പണം മറ്റൊരു പ്ലാറ്റ്ഫോമും നൽകുന്നില്ല. കോടിക്കണക്കിന് യൂസർമാരുള്ള സോഷ്യൽ മീഡിയയാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. ഈ രണ്ട് ആപ്പുകൾ ഉപയോഗിക്കുന്നവർക്കും മെറ്റ ചെറിയ രീതിയിലുള്ള വരുമാന മാർഗങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും യൂട്യൂബിനോളമില്ല എന്നതാണ് വസ്തുത. എന്നാൽ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ നിന്ന് പണം സമ്പാദിക്കാൻ സാധിക്കുന്ന സേവനങ്ങൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ.
ഇൻസ്റ്റഗ്രാം ക്രിയേറ്റേഴ്‌സിനുള്ള 'ഇൻവൈറ്റ് ഓൺലി ഹോളിഡേ ബോണസാണ്' ഇതിൽ ആദ്യത്തേത്. ക്രിയേറ്റേഴ്സിന് അവർ പങ്കുവെക്കുന്ന ക്രിയേറ്റീവായിട്ടുള്ള ഫോട്ടോകൾക്കും റീലുകൾക്കും പ്രതിഫലം നൽകുന്ന സംവിധാനമാണിത്. പ്രാരംഭഘട്ടത്തിൽ യു.എസ്, സൗത്ത് കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ക്രിയേറ്റേഴ്സിനാണ് ഫീച്ചർ ലഭ്യമാവുക. ഈ വർഷം അവസാനം വരെ തിരഞ്ഞെടുത്ത ക്രിയേറ്റേഴ്‌സിന് ഈ ഫീച്ചർ പരീക്ഷണാർഥം ലഭ്യമാക്കിയേക്കും.
അതേസമയം പണം ലഭിക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. ബോണസിന്റെ കാലാവധിയിൽ റീലുകൾ എത്രതവണ പ്ലേ ചെയ്തുവെന്നതും ഫോട്ടോസിന്റെ വ്യൂസും അടിസ്ഥാനമാക്കിയാകും ക്രിയേറ്റേഴ്‌സിന് വരുമാനം ലഭിക്കുക. കൂടാതെ, ഈ രീതിയിൽ ഷെയർ ചെയ്യപ്പെടുന്ന ഉള്ളടക്കം നിർബന്ധമായും മോണിറ്റൈസേഷൻ പോളിസി പാലിച്ചിരിക്കണം.
മെറ്റ അടുത്തിടെ അവതരിപ്പിച്ച ഫീച്ചറാണ് ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ. ഈ സേവനം ആരംഭിച്ചതിന് ശേഷം ക്രിയേറ്റേഴ്‌സിൽ പലർക്കും ഒരു മില്ല്യണിലധികം ആക്ടീവ് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെന്ന് മെറ്റ അറിയിച്ചു. സബ്‌സിക്രിപ്ഷൻ പ്രോഗ്രാം ഇന്ത്യയടക്കം 35 രാജ്യങ്ങളിൽ നിലവിൽ ലഭ്യമാണ്. ക്രിയേറ്റേഴ്‌സിന് അവരുടെ സബ്‌സ്‌ക്രൈബേഴ്‌സ് കമ്മ്യൂണിറ്റി വികസിപ്പിക്കാൻ സഹായിക്കുന്ന രീതിയിൽ ചില ഫീച്ചറുകളും മെറ്റ ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. ഫോളോവേഴ്‌സ് ക്രിയേറ്റേഴ്‌സിന്റെ കണ്ടന്റുകൾ കാണുമ്പോൾ ഫീഡിൽ സബ്‌സ്‌ക്രൈബ് ബട്ടൺ കാണിക്കുന്നതാണ് പുതിയ ഫീച്ചർ. കൂടാതെ പൂതിയ സബ്‌സ്‌ക്രൈബേഴ്‌സിനെ ക്രിയേറ്റേഴ്‌സിന് ഡയറക്ട് മെസേജിലൂടെയും (ഡി.എം) സ്‌റ്റോറികളിലൂടെയും സ്വാഗതം ചെയ്യാനും സാധിക്കും.
ഫേസ്ബുക്കിലെ ക്രിയേറ്റേഴ്സിന് അവരെ പിന്തുടരുന്നവരെ സബ്‌സ്‌ക്രൈബ് ചെയ്യിക്കാനുള്ള ചില ഫീച്ചറുകളും മെറ്റ കൊണ്ടുവന്നിട്ടുണ്ട്. റീലുകളിലൂടെയും സ്റ്റോറികളിലൂടെയും പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെ ക്ഷണിക്കുന്നതിന് പുറമെ ക്രിയേറ്റേഴ്‌സിന് അവരുടെ ഫോളോവേഴ്‌സിനായി 30 ദിവസത്തെ സബ്‌സ്‌ക്രിപ്ഷൻ ട്രയൽ നൽകാനും ഇനി കഴിയും. കൂടാതെ ക്രിയേറ്റേഴ്‌സിന് സബ്‌സ്‌ക്രിപ്ഷൻ തുക ഇഷ്ടാനുസരണം തീരുമാനിക്കാനുള്ള സൗകര്യവും മെറ്റ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.