കേപ് കനാവറൽ(യു.എസ്): ശാസ്ത്രലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന ആ ദൗത്യവും വിജയം. പിറന്നത് പുതുചരിത്രം. ഭൂമിയിലിരുന്ന് അന്യഗ്രഹത്തിൽ മനുഷ്യൻ ഇതാദ്യമായി ഒരു പേടകം പറത്തിയിരിക്കുന്നു.
അമേരിക്കയുടെ ചൊവ്വ ദൗത്യമായ പെഴ്സിവിയറൻസിെൻറ ഭാഗമായ ചെറു ഹെലികോപ്ടറാണ് ചൊവ്വയുടെ ഉപരിതലത്തിൽ പറന്നുയർന്ന് മനുഷ്യചരിത്രത്തിൽ പുതിയ ഉയരം താണ്ടിയത്. ലോകത്താദ്യമായി വിമാനം പറത്തിയ റൈറ്റ് സഹോദരൻമാരുടെ ദൗത്യത്തിന് തുല്യമായാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ചൊവ്വയിലെ ഹെലികോപ്ടർ പറക്കലിനെ വിശേഷിപ്പിച്ചത്.
39 സെക്കൻഡ് വിജയകരമായി പറന്നതിലൂടെ ലക്ഷ്യമിട്ടതെല്ലാം കോപ്ടർ കൈവരിച്ചുവെന്ന് ഭൂമിയിലിരുന്നുകൊണ്ട് പൈലറ്റ് ഹാവാഡ് ഗ്രിപ് പറഞ്ഞപ്പോൾ അദ്ദേഹത്തിന് തൊണ്ടയിടറി. നാസയിലെ സഹപ്രവർത്തകർ ആവേശത്തോടെ കൈയടിച്ചാണ് ആ നിമിഷം അദ്ദേഹത്തെ പിന്തുണച്ചത്.
1.8 കിലോഗ്രാം തൂക്കമുള്ള കോപ്ടറിൽ റൈറ്റ് ബ്രദേഴ്സ് പറത്തിയ വിമാനത്തിെൻറ ചിറകിലെ ചെറിയ ഭാഗവും ഉണ്ടായിരുന്നു. പത്തടി ഉയരത്തിലാണ് പേടകം പറന്നത്. കഴിഞ്ഞയാഴ്ച നടക്കേണ്ട ദൗത്യം സോഫ്റ്റ്വേർ തകരാർ മൂലം നീട്ടിവെക്കുകയായിരുന്നു. ഫെബ്രുവരിയിൽ ചൊവ്വയിലെത്തിയ പെഴ്സിവിയറൻസിലെ റോവറിലാണ് ഹെലികോപ്ടറിനെ ബന്ധിപ്പിച്ചിരുന്നത്.
ആറു വർഷമെടുത്താണ് നാലു കാലിൽ നിൽക്കുന്ന 19 ഇഞ്ച് ഉയരം മാത്രമുള്ള പേടകം നിർമിച്ചത്. ചൊവ്വയിലെ മൈനസ് 130 ഡിഗ്രി തണുപ്പിൽ കോപ്ടർ സ്വയം സംരക്ഷിക്കുന്നത് സോളാർ പാനൽ വഴി ബാറ്ററി ചാർജ് ചെയ്താണ്.
ദൗത്യവിജയത്തെ തുടർന്ന് കോപ്ടർ പറന്നുയർന്ന ചൊവ്വയിലെ പ്രതലത്തിന് നാസ 'റൈറ്റ് ബ്രദേഴ്സ് ഫീൽഡ്' എന്നുപേരിട്ടു. കഴിഞ്ഞ വർഷം ജൂലൈയിൽ ഭൂമിയിൽനിന്ന് പുറപ്പെട്ട പെഴ്സിവിയറൻസ് ഫെബ്രുവരിയിൽ ചൊവ്വയുടെ പ്രതലത്തിൽ, താഴ്ന്ന ഭാഗത്താണ്(ജെസേറോ ക്രേറ്റർ) വിജയകരമായി ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.