മുംബൈ: യുപിഐ ഇടപാടുകൾ ഇല്ലാത്ത ഒരു ദിനം നമുക്ക് ഇന്ന് ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. എന്ത് വാങ്ങിയാലും ഒരു ഉപയോക്താവ് ഇപ്പോള്‍ തേടുന്നത് യുപിഐ ആപ്പ് സ്കാന്‍ ചെയ്യാനുള്ള ക്യൂആര്‍ കോഡാണ്.അത്രമാത്രം യുപിഐ ഇടപാടുകൾ ഉപഭോക്താക്കളെ ആകർഷിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗൂഗിൾ പേ, ബിം, ഫോൺ പേ, പേടിഎം, തുടങ്ങിയ മുൻനിര ആപ്പുകളാണ് ഇന്ന് പണമിടപാടുകൾ നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്നത്. കൂടുകൾ ഇടപാടുകൾ നടത്തി ആധിപത്യം സ്ഥാപിക്കാനായി ഉപഭോക്താക്കൾക്ക് വിവിധ തരത്തിലുള്ള ഓഫറുകളും,ഗിഫ്റ് കൂപ്പണുകളും നൽകുന്ന കമ്പനികളും ഈ കൂട്ടത്തിൽ ഉണ്ട്. ഈ ആധിപത്യം കുറയ്ക്കുക എന്ന ലക്ഷ്യവുമായാണ് യുപിഐ അതോററ്റിയായ എന്‍പിസിഐയുടെ പുതിയ നീക്കം. വ്യക്തികള്‍ക്ക് യുപിഐ ഇടപാടുകള്‍ നടത്താന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്റെ ആവശ്യമില്ലാതെ നടത്താന്‍ കഴിയുന്ന സംവിധാനമാണ് വരും നാളുകളില്‍ അവതരിപ്പിക്കുന്നത്തിനായി എന്‍പിസിഐ ലക്ഷ്യമിടുന്നത്. ഇതിനെതിരെ ആപ്പുകള്‍ ഇതിനകം രംഗത്ത് എത്തിയിട്ടുണ്ട്. ഫോണ്‍ പേ ചീഫ് ടെക്നോളജി ഓഫീസര്‍ രാഹുല്‍ ചാരി ഇതിനെതിരെ ഒരു ബ്ലോഗ് എഴുതിയിട്ടുണ്ട്.
യുപിഐ പ്ലഗിന്‍ എന്നോ അല്ലെങ്കില്‍ മര്‍ച്ചന്റ് സോഫ്റ്റ്‍വെയര്‍ ഡെവലപ്‍മെന്റ് കിറ്റ് എന്നോ വിളിക്കാവുന്ന സംവിധാനമാണ് എന്‍പിസിഐ അവതരിപ്പിക്കുന്നത്. ഇതിലൂടെ വ്യാപാരികള്‍ക്ക് ഒരു വിര്‍ച്വല്‍ പേയ്മെന്റ് അഡ്രസ് സൃഷ്ടിക്കാനും പ്രത്യേക പേയ്മെന്റ് ആപ്ലിക്കേഷനുകളൊന്നും ഉപയോഗിക്കാതെ ഈ അഡ്രസ് ഉപയോഗിച്ച് ഉപഭോക്താക്കളില്‍ നിന്ന് പണം സ്വീകരിക്കാനും സാധിക്കും എന്നതാണ് പ്രത്യേകത. നിലവിലുള്ളതിനേക്കാള്‍ അല്‍പം കൂടി വേഗത്തിലും, മൊബൈല്‍ ഫോണില്‍ ഒരു പേയ്മെന്റ് ആപ്ലിക്കേഷനും ഇന്‍സ്റ്റാള്‍ ചെയ്യാതെയും യുപിഐ ഇടപാടുകളിലൂടെ പണം നല്‍കാന്‍ സാധിക്കുമെന്നാണ് എന്‍സിപിഐ പറയുന്നത്. നിങ്ങള്‍ ഒരു ആപ്പില്‍ കയറി ഷോപ്പിംഗ് നടത്തുന്നു എന്ന് കരുതുക പേമെന്‍റില്‍ എത്തുമ്പോള്‍ യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ നിങ്ങളുടെ ഫോണിലെ പേമെന്‍റ് ആപ്പിലേക്ക് റീഡയറക്ട് ചെയ്യാറാണ് ഇപ്പോഴത്തെ പതിവ്. കൂടാതെ പാസ് വേർഡ് കൊടുത്തുകൊണ്ട് വെരിഫിക്കേഷൻ നടക്കുന്നത് മൂലം ഉണ്ടാകുന്ന ട്രാഫിക് പലപ്പോഴും നമ്മുടെ ട്രാൻസാക്ഷൻ പോലും തടസ്സപ്പെടുത്തുന്നത് പതിവാണ്. ഇത്തരത്തില്‍ പേമെന്‍റ് ചെയ്ത് വരുമ്പോള്‍ നിങ്ങളുടെ സമയം നഷ്ടപ്പെടും. ഒപ്പം ചിലപ്പോള്‍ ഇടപാടും നടക്കാറില്ല. പലപ്പോഴും കടകളിലോ ,മാളുകളിലോ,ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്തോ നാമെല്ലാവരും ഇതിനു സാക്ഷികളായവരാണ്.
ഇത് ഒഴിവാക്കുന്നതാണ് പുതിയ യുപിഐ പ്ലഗിന്‍. പണം നല്‍കാനായി യുപിഐ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ മറ്റ് ആപ്ലിക്കേഷനുകള്‍ തുറക്കാതെ യുപിഐ ഇടപാടും നടത്താന്‍ സാധിക്കും. ഇതിലൂടെ യുപിഐ ഇടപാടുകളുടെ കാര്യക്ഷമത 15 ശതമാനത്തിലധികം വര്‍ദ്ധിക്കുമെന്നാണ് എന്‍പിസിഐ കരുതുന്നത്. വർധിച്ചുവരുന്ന ഡിജിറ്റൽ ട്രാന്സാക്ഷനുകളെ ഇത് വളരെയധികം സ്വാധീനിക്കും.
അതേ സമയം യുപിഐ ഇടപാടുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ഈ രീതി ഗുണകരമല്ലെന്നാണ് ആപ്പുകളുടെ വാദം. നിലവിലെ രീതിയില്‍ നിന്ന് ഇടപാടുകളുടെ ഉത്തരവാദിത്തം ബാങ്കുകളിലേക്കും, ഷോപ്പിംഗ് ആപ്ലിക്കേഷനുകളിലേക്കും മാറ്റുന്നു എന്നത് മാത്രമാണ് സംഭവിക്കുന്നതെന്നാണ് ഫോണ്‍ പേ ചീഫ് ടെക്നോളജി ഓഫീസര്‍ രാഹുല്‍ ചാരി പറയുന്നത്. വ്യാപാരികള്‍ക്ക് ഇത്തരം ഉത്തരവാദിത്വങ്ങള്‍ യുപിഐ ആപ്പുകള്‍ നന്നായി തന്നെ ഇപ്പോള്‍ ചെയ്ത് നല്‍കുന്നുണ്ട്. അപ്പോള്‍ പിന്നെ ഇത്തരം ഒരു പ്ലഗിന്‍ വഴി അനാവശ്യ ഉത്തരവാദിത്വം നേരിട്ട് കച്ചവടക്കാരില്‍ വയ്ക്കുകയാണെന്നും രാഹുല്‍ ചാരി പറയുന്നു. എന്തായാലും യുപിഐ ആപ്പുകള്‍ക്ക് വലിയൊരു തിരിച്ചടിയാണ് ഈ സംവിധാനം എന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്നു.
അതേ സമയം യുപിഐ ഇടപാടുകളില്‍ 57 ശതമാനം നടക്കുന്നത് മെര്‍ച്ചന്‍റ് ഇടപാടുകളാണ്. ഇന്ത്യയിലെ ഓണ്‍ലൈന്‍ സാധനം വാങ്ങലുകളില്‍ 60 ശതമാനത്തിലും യുപിഐ ഇടപാട് നടക്കുന്നു എന്നാണ് കണക്ക്. ഇത്രയും വലിയ മേഖലയില്‍ യുപിഐ ആപ്പുകളുടെ വിപണി വിഹിതം 30 ശതമാനത്തില്‍ കൂടുതല്‍ വേണ്ട എന്ന തീരുമാനത്തിലാണ് എന്‍പിസിഐ. അതിന്‍റെ ഭാഗമാണ് പുതിയ പ്ലഗിന്‍ എന്നാണ് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് പറയുന്നത്. ജൂലൈയില്‍ മാത്രം 9.96 ശതകോടി യുപിഐ ഇടപാടുകള്‍ നടന്നിട്ടുണ്ട്. അതിലൂടെ 15.34 ലക്ഷം കോടിയുടെ ഇടപാടുകളാണ് നടന്നിട്ടുള്ളത്.
ഇന്ത്യയിലെ യുപിഐ ആപ്പുകളുടെ വിപണി വിഹിതം നോക്കിയാല്‍ ഫോണ്‍പേയാണ് മുന്നില്‍ 47 ശതമാനമാണത്. രണ്ടാം സ്ഥാനത്ത് ഗൂഗിൾ പേ 33 ശതമാനമാണ് ഇവരുടെ വിപണി വിഹിതം. മൂന്നാം സ്ഥാനത്ത് 13 ശതമാനം വിപണി വിഹിതവുമായി പേടിഎം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.