യൂട്യൂബ് പോലെ ഇനി ട്വിറ്ററിൽ നിന്നും പണമുണ്ടാക്കാം; ക്രിയേറ്റർമാർക്ക് 20 ലക്ഷം രൂപ വരെ

കണ്ടന്റ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്ത. ഒടുവിൽ ട്വിറ്ററും തങ്ങളുടെ പരസ്യ വരുമാനത്തിലൊരു പങ്ക് ഉള്ളടക്ക സൃഷ്ടാക്കൾക്ക് നൽകിത്തുടങ്ങി. യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ പാത പിന്തുടർന്നാണ് ട്വിറ്ററും ആഡ് റെവന്യൂ, പങ്കുവെക്കാൻ തുടങ്ങിയത്. ചില പ്രമുഖ ട്വിറ്റർ ക്രിയേറ്റർമാർ തങ്ങൾക്ക് വരുമാനം ലഭിച്ച വിവരം പങ്കുവെച്ചിട്ടുമുണ്ട്. നിലവിൽ തിരഞ്ഞെടുത്ത ചിലർക്ക് മാത്രമാണ് വരുമാനം ലഭിക്കുന്നത്, വൈകാതെ എല്ലാ ക്രിയേറ്റർമാർക്കും ഇത് ഉപയോഗപ്പെടുത്താം.

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റ്, മെറ്റയുടെ ‘ത്രെഡ്സ്’ എന്ന പുതിയ സോഷ്യൽ മീഡിയയുടെ വരവോടെ അൽപ്പം ക്ഷീണത്തിലാണ്. ആളുകളെ ട്വിറ്ററിലേക്ക് ആകർഷിക്കാനും പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുവാനുമാണ് പുതിയ ‘വരുമാന’ തന്ത്രം മസ്ക് പയറ്റിയിരിക്കുന്നത്.

അതേസമയം, ട്വിറ്ററിൽ നിന്ന് പണമുണ്ടാക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. ട്വീറ്റിന് ലഭിക്കുന്ന ഇംപ്രഷനുകളാണ് വരുമാനത്തിന്റെ അടിസ്ഥാനം. ഉള്ളടക്ക നിർമ്മാതാക്കൾക്ക് അവരുടെ പോസ്റ്റുകൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗമാണ് നൽകുക. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രതിമാസം 5 ദശലക്ഷത്തിലധികം ട്വീറ്റ് ഇംപ്രഷനുകൾ ഉണ്ടായിട്ടുള്ളവരും ട്വിറ്റർ ബ്ലൂ (Twitter Blue)-ന്റെ വരിക്കാരുമായ ഉപയോക്താക്കൾക്ക് മാത്രമാകും പരസ്യവരുമാനം ലഭിക്കാനുള്ള അർഹതയുണ്ടാവുക. അതായത്, മൂന്ന് മാസം കൊണ്ട് കുറഞ്ഞത് 50 ലക്ഷം ആളുകളെങ്കിലും നിങ്ങളുടെ ട്വീറ്റുകൾ കാണണം, കൂടാതെ, ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഉള്ളവരുമാകണം.

ഇത്തരം പേയ്‌മെന്റുകൾ മൊത്തം അഞ്ച് ദശലക്ഷം ഡോളർ മൂല്യമുള്ളതായിരിക്കും. സ്ട്രൈപ്പ് വഴിയാകും, പണം ക്രിയേറ്റർമാർക്ക് ലഭ്യമാക്കുകയെന്നും ഇലോൺ മസ്ക് അറിയിച്ചു. പ്രശസ്തരായവരാണെങ്കിൽ, വരുമാനത്തിന്റെ തോത് കൂടും. ടെക് ക്രഞ്ചിന്റെ റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 750,000 ഫോളോവേഴ്‌സ് ഉള്ള എഴുത്തുകാരൻ ബ്രയാൻ ക്രാസെൻസ്റ്റീന് ട്വിറ്റർ 24,305 ഡോളർ (20 ലക്ഷത്തോളം രൂപ) നൽകിയിട്ടുണ്ട്. യു.എഫ്.സി താരം ആൻഡ്രൂ ടേറ്റിന് 20000 ഡോളറാണ് ലഭിച്ചത്. ബാബിലോൺ ബീ എഴുത്തുകാരിയായ ആഷ്‌ലി സെന്റ് ക്ലെയർ തനിക്ക് $7,153 ലഭിച്ചതായി അവകാശപ്പെട്ടു.

Tags:    
News Summary - Now creators can get paid on Twitter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.