ബംഗളൂരു: ഇ-കോമേഴ്സ് ഭീമന്മാരായ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ അന്വേഷണവുമായി മുന്നോട്ടുപോവാൻ കർണാടക ഹൈക്കോടതി അനുമതി. കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യ(സി.സി.െഎ) കഴിഞ്ഞ വർഷം ജനുവരി 13ന് നൽകിയ ഉത്തരവ് ശരിവെച്ച ഹൈക്കോടതി, ഉത്തരവിനെതിരെ ആമസോൺ സെല്ലർ സർവിസസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്ലിപ്കാർട്ട് ഇൻറർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ നൽകിയ ഹരജി തള്ളി. ഹരജിക്കാരുടെ ആവശ്യം ഇൗ സാഹചര്യത്തിൽ ന്യായമെന്ന് കരുതാനാവില്ലെന്നും സി.സി.െഎ ഉത്തരവിൽ ഒരു തരത്തിലും ഇടപെടുന്നില്ലെന്നും ജസ്റ്റിസ് പി.എസ്. ദിനേശ് കുമാർ ഉത്തരവിൽ വ്യക്തമാക്കി.
സി.സി.െഎ ഉത്തരവിന് മുമ്പ് നോട്ടീസ് നൽകിയില്ലെന്നായിരുന്നു ഇ കോമോഴ്സ് കമ്പനികളുടെ ഹരജിയിലെ പ്രധാന വാദം. എന്നാൽ, സെക്ഷൻ 26(ഒന്ന്) പ്രകാരമുള്ള ഉത്തരവിന് കക്ഷികൾക്ക് മുൻകൂർ നോട്ടീസ് നൽകേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് (ഫെമ) ലംഘനത്തിെൻറ പേരിൽ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടക്കുന്നുണ്ട്. സമാന്തര അന്വേഷണം സി.സി.െഎയുടെ ഡയറക്ടർ ജനറലിനും നടത്താമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
ആമസോണും ഫ്ലിപ്കാർട്ടും അനുവദിക്കുന്ന ഒാൺലൈൻ വിൽപന പ്ലാറ്റ്ഫോമിൽ ചില വിൽപനക്കാർക്ക് മാത്രം പ്രത്യേക പരിഗണനയും വൻ ഡിസ്കൗണ്ടും നൽകുന്നതായും ഇത് മറ്റു പല വിൽപനക്കാരുടെയും കച്ചവടം നിർത്തിക്കാനിടയാക്കിയെന്നും ചൂണ്ടിക്കാട്ടി ഡൽഹിയിലെ െചറുകിട^ ഇടത്തരം വ്യാപാരികളുടെ കൂട്ടായ്മയായ ഡൽഹി വ്യാപാർ മഹാസംഘ് (ഡി.വി.എം) പരാതിയുമായി 2019 ഒക്ടോബറിൽ കോംപറ്റീഷൻ കമ്മീഷനെ സമീപിച്ചതോടെയാണ് കേസിെൻറ തുടക്കം. തങ്ങളുെട ഉൽപന്നങ്ങൾ വിൽക്കുന്നതിൽ ഇകോമേഴ്സ് കമ്പനികൾ അദൃശ്യ നിയന്ത്രണം ഏർപ്പെടുത്തിയതായി അവർ ആരോപിച്ചു. വിപണി ആർക്കും സ്വന്തമാക്കി വെക്കാനാവില്ലെന്നും പല സ്മാർട്ട് ഫോണുകളും വിപണിയിലിറക്കുന്നത് ഇകോമേഴ്സ് കമ്പനികളിലൂടെ മാത്രമാണെന്നും ഇത് കോംപറ്റീഷൻ ആക്ടിെൻറ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
വൻകിടക്കാർ ഒാഫറുകളും ഡിസ്കൗണ്ടുകളും നൽകി വിപണി പിടിക്കുകയാെണന്നും ചെറുകിടക്കാരെ പുറംതള്ളാനുള്ള അജണ്ട എപ്പോഴും ഇതിന് പിന്നിലുണ്ടെന്ന് നിരീക്ഷിച്ച കോംപറ്റീഷൻ കമ്മീഷൻ, വ്യാപാരികളുടെ പരാതിയിൽ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ കമ്പനികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഇൗ ഹരജിയിൽ കഴിഞ്ഞവർഷം ഫെബ്രുവരി 14ന് ഹൈക്കോടതി താൽക്കാലിക സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവിനെതിരെ സി.സി.െഎ സുപ്രീംകോടതിയെ സമീപിെച്ചങ്കിലും കഴിഞ്ഞ ഒക്ടോബറിൽ ഹരജി മടക്കിയ പരമോന്നത കോടതി, ഹൈക്കോടതിയെത്തന്നെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.