പബ്​ജി രംഗങ്ങൾ അനുകരിച്ച്​ കുടുംബത്തിന്​ നേരെ യുവാവിന്‍റെ വെടിവെപ്പ്​; നാല്​ മരണം

ലോകപ്രശസ്​ത ഗെയിമായ പബ്​ജി മൊബൈലിന്​ അടിമയായി കൗമാരപ്രായത്തിലുള്ളവർ കുറ്റകൃത്യങ്ങൾ ചെയ്​ത സംഭവങ്ങൾ നിരവധി റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​. അമിതനേരം ഗെയിം കളിച്ച്​ യുവാക്കൾ ഹൃദയാഘാതം വന്ന്​ മരണപ്പെട്ടതും ഗെയിമിൽ പരാജയപ്പെട്ടതിനെ തുടർന്ന്​ ആത്മഹത്യ ചെയ്​ത സംഭവങ്ങളും വാർത്തകളായി വന്നിരുന്നു. എന്നാൽ, പാകിസ്​താനിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത അതിലേറെ ഞെട്ടിക്കുന്നതാണ്​.

പബ്​ജി ഗെയിം കളിക്കുന്നതിൽ നിന്ന്​ വിലക്കിയതിന്​​ നാല്​ പേരെയാണ്​ യുവാവ്​ വെടിവെച്ച്​ കൊലപ്പെടുത്തിയത്​. പബ്​ജി ഗെയിമിലെ രംഗങ്ങൾ ജീവിതത്തിൽ പുനഃരാവിഷ്​കരിക്കുകയായിരുന്നു യുവാവ്​. സഹോദരൻ, സഹോദരി, സഹോദരന്‍റെ ഭാര്യ, സുഹൃത്ത്​ എന്നിവരെയാണ്​ കൊലപ്പെടുത്തിയത്​. ലാഹോറിനടുത്തുള്ള നവ കോട്ടിലാണ്​ സംഭവം നടന്നതെന്ന്​ പാകിസ്​താനിലെ എ.ആർ.വൈ ന്യൂസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്​. ബിലാൽ എന്ന്​ പേരായ യുവാവ്​, സ്വന്തം കുടുംബത്തിന്​ നേരെ തുരുതുരാ വെടിവെക്കുന്നതായാണ്​ ദൃശ്യങ്ങളിലുള്ളത്​. പബ്​ജി ഗെയിമിലെ കഥാപാത്രത്തെ പോലെ ജാക്കറ്റും ഹെൽമറ്റുമൊക്കെ ധരിച്ചാണ്​ വെടിവെപ്പ്​. ബിലാൽ മയക്കുമരുന്നിന്​ അടിമയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്​​.

ഗെയിം കളിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന്​ കുടുംബവുമായി വഴക്കുണ്ടാക്കിയ യുവാവ്​ മാതാവിനെയും ലക്ഷ്യമാക്കി വെടിയുതിർത്തിരുന്നു. നിലവിൽ മാതാവ്​ വെടിയേറ്റ്​ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്​. വെടിയൊച്ച കേട്ട്​ വീട്ടിലേക്ക്​ പാഞ്ഞെത്തിയ നാട്ടുകാരാണ്​ ബിലാലിനെ പിടികൂടി പൊലീസിലേൽപ്പിച്ചത്​.

ദിവസങ്ങൾക്ക്​ മുമ്പ്​ ബിലാൽ, ഭാര്യയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നതായി പൊലീസ്​ പറഞ്ഞു. നാല്​ പേരുടെ മരണത്തിന്‍റെ ഉത്തരവാദിത്തം അയാൾ ഏറ്റെടുത്തിട്ടുണ്ടെന്നും അവർ വ്യക്​തമാക്കി. 2020ൽ പാകിസ്​താനിൽ പബ്​ജി നിരോധിച്ചിരുന്നു. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർന്നതോടെ വിലക്ക്​ നീക്കുകയായിരുന്നു.

Tags:    
News Summary - PUBG addict from pakistan recreates scene from the game and shoots four family members dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.