പബ്ജി രംഗങ്ങൾ അനുകരിച്ച് കുടുംബത്തിന് നേരെ യുവാവിന്‍റെ വെടിവെപ്പ്; നാല് മരണം
text_fieldsലോകപ്രശസ്ത ഗെയിമായ പബ്ജി മൊബൈലിന് അടിമയായി കൗമാരപ്രായത്തിലുള്ളവർ കുറ്റകൃത്യങ്ങൾ ചെയ്ത സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അമിതനേരം ഗെയിം കളിച്ച് യുവാക്കൾ ഹൃദയാഘാതം വന്ന് മരണപ്പെട്ടതും ഗെയിമിൽ പരാജയപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവങ്ങളും വാർത്തകളായി വന്നിരുന്നു. എന്നാൽ, പാകിസ്താനിൽ നിന്നും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത അതിലേറെ ഞെട്ടിക്കുന്നതാണ്.
പബ്ജി ഗെയിം കളിക്കുന്നതിൽ നിന്ന് വിലക്കിയതിന് നാല് പേരെയാണ് യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയത്. പബ്ജി ഗെയിമിലെ രംഗങ്ങൾ ജീവിതത്തിൽ പുനഃരാവിഷ്കരിക്കുകയായിരുന്നു യുവാവ്. സഹോദരൻ, സഹോദരി, സഹോദരന്‍റെ ഭാര്യ, സുഹൃത്ത് എന്നിവരെയാണ് കൊലപ്പെടുത്തിയത്. ലാഹോറിനടുത്തുള്ള നവ കോട്ടിലാണ് സംഭവം നടന്നതെന്ന് പാകിസ്താനിലെ എ.ആർ.വൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ബിലാൽ എന്ന് പേരായ യുവാവ്, സ്വന്തം കുടുംബത്തിന് നേരെ തുരുതുരാ വെടിവെക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. പബ്ജി ഗെയിമിലെ കഥാപാത്രത്തെ പോലെ ജാക്കറ്റും ഹെൽമറ്റുമൊക്കെ ധരിച്ചാണ് വെടിവെപ്പ്. ബിലാൽ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഗെയിം കളിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് കുടുംബവുമായി വഴക്കുണ്ടാക്കിയ യുവാവ് മാതാവിനെയും ലക്ഷ്യമാക്കി വെടിയുതിർത്തിരുന്നു. നിലവിൽ മാതാവ് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വെടിയൊച്ച കേട്ട് വീട്ടിലേക്ക് പാഞ്ഞെത്തിയ നാട്ടുകാരാണ് ബിലാലിനെ പിടികൂടി പൊലീസിലേൽപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് ബിലാൽ, ഭാര്യയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. നാല് പേരുടെ മരണത്തിന്‍റെ ഉത്തരവാദിത്തം അയാൾ ഏറ്റെടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. 2020ൽ പാകിസ്താനിൽ പബ്ജി നിരോധിച്ചിരുന്നു. എന്നാൽ, സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമുയർന്നതോടെ വിലക്ക് നീക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.