ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയുടെ ചെന്നൈയിലെ കുടുംബ വീട് വീട് വിറ്റു. തമിഴ് സിനിമാ നടനും നിർമാതാവുമായ മണികണ്‌ഠനാണ് ചെന്നൈ അശോക് നഗറിലുള്ള വീട് സ്വന്തമാക്കിയത്. വീട് വിൽപ്പനയ‌്ക്കിടെ സുന്ദർ പിച്ചൈയുടെ പിതാവ് കുഴഞ്ഞുവീണു. രജിസ്ട്രേഷൻ ഓഫീസിലെ മണിക്കൂറുകൾ നീണ്ട നടപടികൾക്കിടെയായിരുന്നു സംഭവം.
ഈ വീട്ടിലാണ് സുന്ദർ പിച്ചൈ ജനിച്ചതും വളർന്നതും. 1989 ൽ ഐഐടി ഖരക്പൂരിൽ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നതു വരെ സുന്ദർ താമസിച്ചതും ഇവിടെയായിരുന്നു. നടനും നിർമാതാവും റിയൽ എസ്റ്റേറ്റ് ഡവലപ്പറുമാണ് വീട് വാങ്ങിയ മണികണ്ഠൻ. വീട്ടിൽ ഉടമസ്ഥാവകാശ കൈമാറ്റ സമയത്ത് സുന്ദർ പിച്ചൈയുടെ പിതാവ് വികാരധീനനായതായി മണികണ്ഠൻ പറയുന്നു.
റിയൽ എസ്റ്റേറ്റ് ഡവലപ്പർ കൂടിയായ മണികണ്ഠൻ അശോക് നഗറിലെ സുന്ദർ പിച്ചൈയുടെ വീട് വിൽക്കുന്നുണ്ടെന്ന് അറിഞ്ഞയുടനെ അദ്ദേഹത്തിന്റെ മാതാപിതാക്കളെ സമീപിക്കുകയായിരുന്നു. ഗൂഗിൾ തലവൻ ജനിച്ചു വളർന്ന വീടാണെന്നത് മാത്രമായിരുന്നു തന്നെ ആകർഷിച്ചതെന്നും അദ്ദേഹം പറയുന്നു. ‘രാജ്യത്തിന് തന്നെ അഭിമാനമായി മാറിയ ആളാണ് സുന്ദർ. അദ്ദേഹം ജനിച്ചു വളർന്ന വീട് വാങ്ങാൻ കഴിയുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്’- മണികണ്‌ഠൻ പ്രതികരിച്ചു.
വീടിന്റെ കൈമാറ്റ പ്രക്രിയയോ രജിസ്ട്രേഷനോ വേഗത്തിലാക്കാൻ മകന്റെ പേരോ വിവരങ്ങളോ ഉപയോഗിക്കരുതെന്ന് പിതാവിന് നിർബന്ധമായിരുന്നുവെന്നും മണികണ്ഠൻ പറയുന്നു. അതിനാൽ തന്നെ നടപടികൾ പൂർത്തിയാക്കാൻ അദ്ദേഹം മണിക്കൂറുകളോളം രജിസ്ട്രേഷൻ ഓഫീസിൽ കാത്തിരുന്നു. രേഖകൾ കൈമാറുന്നതിന് മുമ്പ് ആവശ്യമായ എല്ലാ നികുതികളും അടച്ചുവെന്നും മണികണ്ഠൻ പറഞ്ഞു.
ഈ വീട് പുതുക്കി പണിത് വില്ല നിർമിക്കാനാണ് മണികണ്ഠന്റെ പദ്ധതി. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.