നഗരങ്ങളിൽ 70% കുട്ടികളും വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ജെനറേറ്റീവ് എ.ഐ ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ കുട്ടികൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി പഠന റി​പ്പോർട്ട്. ‘ഗേറ്റ്‌വേ കൺസൾട്ടിംഗ്’ എന്ന പബ്ലിക് പോളിസി റിസർച്ച് സ്ഥാപനമാണ് ‘ജെനറേറ്റീവ് എ.ഐ യുഗത്തിൽ കുട്ടികളുടെ പഠനവും വിമർശനാത്മക ചിന്താശേഷിയും മെച്ചപ്പെടുന്നു’ എന്ന തലക്കെട്ടിൽ ഗവേഷണ റിപ്പോർട്ട് പുറത്തിറക്കിയത്.

ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, പുണെ, അഹമ്മദാബാദ് എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിന്നുള്ള 1,040 രക്ഷിതാക്കളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 77ശതമാനം  വരുന്ന രക്ഷിതാക്കളും അവരുടെ കുട്ടികൾ ഇതിനകം തന്നെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ജെൻ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പ്രതികരിച്ചു. അതേസമയം 20 ശതമാനം പേർ വ്യക്തിപരമായ താൽപര്യങ്ങൾക്കായി അതി​ന്‍റെ ഉപയോഗമുണ്ടെന്ന് പറഞ്ഞു. രണ്ടു ശതമാനം പേർ തങ്ങളുടെ കുട്ടികൾ സാമൂഹിക-വൈകാരിക പിന്തുണക്കും ജീവിത നൈപുണ്യ വികസനത്തിനും ജെൻ എ.ഐ ഉപയോഗിക്കുന്നതായി സൂചിപ്പിച്ചു. ജെനറേറ്റീവ് എ.ഐയുടെ പ്രയോജനങ്ങൾ മനസ്സിലാക്കിയ രക്ഷിതാക്കളുടെ എണ്ണം ഭിന്നമാണ്. 37ശതമാനം പേർ കുട്ടികളുടെ വിമർശനാത്മക ചിന്ത വർധിപ്പിക്കുന്നതിനുള്ള ജെൻ എ.ഐയുടെ സാധ്യത തിരിച്ചറിഞ്ഞപ്പോൾ 26 ശതമാനം സംശയം പ്രകടിപ്പിക്കുകയും 37 ശതമാനം പേർ നിഷ്പക്ഷത പാലിക്കുകയും ചെയ്തു.

വിദ്യാസമ്പന്നരും നഗരവാസികളുമായ രക്ഷിതാക്കളുടെ ഇടയിൽ പോലും 61ശതമാനം മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ ഉത്തരവാദിത്തമുള്ള ജെൻ എ.ഐ ഉപയോഗത്തിലേക്ക് നയിക്കുന്നില്ലെന്ന് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട അവബോധത്തിൽ കാര്യമായ വിടവ് എടുത്തുകാണിക്കുന്നതാണ് ഈ കണക്ക്.

‘കുട്ടികളുടെ പഠനത്തിനും വിമർശനാത്മക ചിന്തക്കും ജെൻ എ.ഐ ഉയർത്തുന്ന അപാരമായ സാധ്യതകളും വെല്ലുവിളികളും തങ്ങളുടെ ഗവേഷണം വെളിപ്പെടുത്തുന്നതായി ‘ഗേറ്റ്‌വേ കൺസൾട്ടിംഗ്’ സി.ഇ.ഒ തുഷാർ ഗാന്ധി വ്യക്തമാക്കി. വൈവിധ്യമാർന്ന പഠന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ജെൻ എ.ഐക്ക് കുട്ടികളെ സഹായിക്കാൻ കഴിയും. അതിന് ഈ ഉപകരണങ്ങൾ എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാമെന്നും തങ്ങളുടെ സ്വതന്ത്ര വിമർശനാത്മക ചിന്താശേഷി വികസിപ്പിക്കാമെന്നതിലേക്കും അവരെ നയിക്കണം. കുട്ടികളുടെ ജീവിതത്തിൽ ജെൻ എ.ഐയെ ഉത്തരവാദിത്തത്തോടെ സംയോജിപ്പിക്കാൻ സഹായിക്കുന്ന പ്രവർത്തനക്ഷമമായ ശിപാർശകൾ നൽകിക്കൊണ്ട് അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരു ഗൈഡായി മാറാൻ തങ്ങളുടെ റിപ്പോർട്ട് ലക്ഷ്യമിടുന്നുവെന്നും തുഷാർ ഗാന്ധി പറഞ്ഞു.

Tags:    
News Summary - Survey reveals 77% of Indian children use generative AI for education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.