എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) തൊഴിലാളിയായി ചമഞ്ഞ് ഹാക്കർ അധ്യാപികയിൽ നിന്ന് തട്ടിയത് 80,000 രൂപ. നവി മുംബൈയിലെ 32 കാരിയായ സ്വകാര്യ സ്കൂൾ അധ്യാപികയെയാണ് ഇ.പി.എഫ്.ഒ-യുടെ പേരിൽ കബളിപ്പിപ്പിച്ചത്.
ഇ.പി.എഫ്.ഒ ജീവനക്കാരന്റെ കോൺടാക്ട് നമ്പർ ഇന്റർനെറ്റിൽ തപ്പിയതായിരുന്നു അവർ. ഓൺലൈനിൽ നിന്ന് ലഭിച്ച നമ്പറിൽ വിളിച്ചപ്പോൾ പി.എഫ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞുകൊണ്ട് സഹായിക്കാനായി മുന്നോട്ട് വന്നത് ഒരു ഹാക്കറായിരുന്നു.
വിദഗ്ധമായി സംസാരിച്ച സൈബർ കുറ്റവാളി അധ്യാപികയെ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിച്ചു. എയർഡ്രോയ്ഡ് (AirDroid) എന്ന പേരിലുള്ള ആപ്പായിരുന്നു ഹാക്കറുടെ നിർദേശപ്രകാരം അവർ ഡൗൺലോഡ് ചെയ്തത്. അത് ഇൻസ്റ്റാൾ ചെയ്തതോടെ അധ്യാപികയുടെ ഫോണിന്റെ നിയന്ത്രണം കുറ്റവാളിക്ക് ലഭിച്ചു.
മൾട്ടിനാഷണൽ സൈബർ സെക്യൂരിറ്റി കമ്പനിയായ കാസ്‌പെർസ്‌കി പറയുന്നതനുസരിച്ച് ദൂരെയുള്ള ഒരാളെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അനുവദിക്കുന്ന നിയമാനുസൃതമായ ഒരു ആപ്പാണ് എയർഡ്രോയ്ഡ്.
തുടർന്ന് അയാൾ ഇരയാക്കപ്പെട്ട അധ്യാപികയോട് അവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അവരുടെ രഹസ്യാത്മക മൊബൈൽ ബാങ്കിങ് വ്യക്തിഗത തിരിച്ചറിയൽ നമ്പറും (mPIN) ആപ്പിൽ ടൈപ്പ് ചെയ്ത് നൽകാൻ ആവശ്യപ്പെട്ടു. ആവശ്യമായ വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞതോടെ തട്ടിപ്പുകാരൻ, 16 ഇടപാടുകളിലായി ഇരയുടെ അക്കൗണ്ടിൽ നിന്ന് മൊത്തം 80,000 രൂപ പിൻവലിച്ചു. പിന്നാലെ അവർ സംഭവത്തെക്കുറിച്ച് എൻആർഐ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്യുകയായിരുന്നു.
ഈ സംഭവത്തിന്റെ വെളിച്ചത്തിൽ, അജ്ഞാതരായ ആളുകൾ നിർദ്ദേശിക്കുന്ന ഏതെങ്കിലും മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്ന് ആളുകൾ വിട്ടുനിൽക്കണമെന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.