പാർട് ടൈം ജോലി (part-time jobs) ഓഫർ ചെയ്തുകൊണ്ടുള്ള പുതിയ വാട്സ്ആപ്പ് തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബെംഗളൂരു പൊലീസ്. ദിവസവും 5000 രൂപയോ അതിലധികമോ വാഗ്ദാനം ചെയ്തുകൊണ്ടാണ് സൈബർ കുറ്റവാളികൾ ആളുകളെ പറ്റിക്കുന്നത്. യൂട്യൂബ് വിഡിയോകൾക്ക് ലൈക് അടിക്കുന്നത് പോലുള്ള വളരെ എളുപ്പത്തിലുള്ള ടാസ്കുകൾ നൽകിയാണ് ആളുകളെ ആകർഷിക്കുന്നത്. അതിൽ വീഴുന്നവരിൽ നിന്ന് ലക്ഷങ്ങളാണ് കുറ്റവാളികൾ അടിച്ചുമാറ്റുന്നത്.
തട്ടിപ്പുകാരുടെ വാട്സ്ആപ്പ് ചാറ്റുകൾ അടക്കം പങ്കുവെച്ചുകൊണ്ടാണ് ബെംഗളൂരു പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. "ഈ തന്ത്രങ്ങളിൽ വീഴരുത്, ജാഗ്രത പാലിക്കുക." -പോലീസ് പറഞ്ഞു.
യൂട്യൂബിൽ ലൈക്ക് അടിക്കുന്ന ജോലി വാഗ്ദാനത്തിൽ മയങ്ങിയത് ഗുരുഗ്രാമിലെ ഒരു സോഫ്റ്റ്വെയർ എൻജിനീയറാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. അദ്ദേഹത്തിന് നഷ്ടമായത് 42 ലക്ഷം രൂപയും. ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
‘യൂട്യൂബ് വീഡിയോകൾ ലൈക്ക് ചെയ്യൽ’ എന്ന എളുപ്പമായ ജോലി ചെയ്യുന്നതിലൂടെ അധിക പണം സമ്പാദിക്കാമെന്ന ഒരു സന്ദേശത്തിലൂടെയാണ് എല്ലാത്തിന്റെയും തുടക്കം. മാർച്ച് 24-നായിരുന്നു ആ സന്ദേശം ലഭിച്ചത്. പിന്നീട് സൈബർ കുറ്റവാളികൾ ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേരാനും ആവശ്യപ്പെട്ടു. വലിയ വരുമാനം നേടാനാകും എന്നായിരുന്നു വാഗ്ദാനം, അതിനായി പണം നിക്ഷേപിക്കാനും ടെക്കിയോട് ആവശ്യപ്പെട്ടു. അദ്ദേഹം തന്റെയും ഭാര്യയുടെയും അക്കൗണ്ടിൽ നിന്ന് മൊത്തം 42,31,600 രൂപ നിക്ഷേപിക്കുകയും ചെയ്തു.
നിക്ഷേപത്തിലൂടെ ലാഭമടക്കം 69 ലക്ഷത്തിലേറെ നേടിയതായി ടെക്കിയെ തട്ടിപ്പുകാർ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാൽ, പണം പിൻവലിക്കാൻ അനുവദിച്ചില്ല, പകരം 11,000 രൂപ കൂടി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അതോടെ, അപകടം മണത്ത, അയാൾ പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചു. പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. തട്ടിപ്പുകാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അവരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.