ഒരു കൗമാരക്കാരൻ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് ലോക സമ്പന്നനായ ഇലോൺ മസ്ക്. അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിന്റെ സഞ്ചാരപാത ട്രാക് ചെയ്യുന്ന ട്വിറ്റർ അക്കൗണ്ട് നിർമിച്ചിരിക്കുകയാണ് ജാക്ക് സ്വീനി എന്ന 19കാരൻ. അത് പൂട്ടാൻ മസ്ക്, ജാക്കിന് 5000 ഡോളർ വാഗ്ദാനം ചെയ്തെങ്കിലും അവൻ ഒരുതരത്തിലും സമ്മതിക്കുന്നില്ല.
തന്റെ സ്വകാര്യ ജെറ്റ് ട്രാക് ചെയ്യുന്നതിലെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് മസ്ക് കൗമാരക്കാരനെ സമീപിച്ചത്. താൻ എവിടെയാണുള്ളത് എന്നതടക്കമുള്ള വിവരങ്ങൾ ചർച്ച ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ "വലിയ സുരക്ഷാ പ്രശ്‌നമായി മാറുകയാണെന്ന്" ഈ മാസം ആദ്യം മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.
എന്നാൽ, ജാക്ക് ഓഫർ നിരസിച്ചു. ഇലോൺ മസ്ക്സ് ജെറ്റ് (Elon Musk's Jet) എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് പ്രവർത്തിപ്പിക്കുന്നതിലൂടെ തനിക്ക് കിട്ടുന്ന മനസുഖത്തിന് പകരം വെക്കാൻ 5000 ഡോളർ മതിയാകില്ലെന്നും അതിനാലാണ് ഓഫർ നിരസിച്ചതെന്നും ജാക്ക് സ്വീനി ബിസിനസ് ഇൻസൈഡറിനോട് പ്രതികരിച്ചു.
സ്വകാര്യ സന്ദേശത്തിലൂടെയാണ് മസ്ക് ട്വിറ്റർ അക്കൗണ്ട് പൂട്ടാൻ 5000 ഡോളർ വാഗ്ദാനം ചെയ്തത്. ഇരുവരും തമ്മിലുള്ള ട്വിറ്റർ ഡി.എമ്മിലൂടെയുള്ള സംസാരത്തിന്റെ സ്ക്രീൻഷോട്ട് ബിസിനസ് ഇൻസൈഡറിന് ലഭിച്ചിരുന്നു.
എങ്ങനെയാണ് താൻ നിർമിച്ച ട്വിറ്റർ അക്കൗണ്ട് മസ്കിന്റെ ജെറ്റ് ട്രാക് ചെയ്യുന്നതെന്ന് ജാക്ക്, ട്വിറ്റർ സന്ദേശത്തിലൂടെ ടെസ്‍ല സഥാപകന് വിശദീകരിച്ച് കൊടുത്തിട്ടുണ്ട്. എങ്ങനെ അത് തടയാമെന്നതിനും സാങ്കേതിക ഉപദേശം അവൻ നൽകി. അതോടെ മസ്ക് ആ ട്വിറ്റർ അക്കൗണ്ടിന് 5000 ഡോളർ നൽകാമെന്ന് പറഞ്ഞു. എന്നാൽ, അത് 50,000 ഡോളറാക്കാൻ പറ്റുമോ എന്ന് ജാക്ക് ചോദിച്ചു. കോളജ് പഠനത്തിനും ടെസ്‍ല മോഡൽ 3 വാങ്ങുന്നതിനും ആ പണം ഉപയോഗിക്കുമെന്നും അവൻ മസ്കിനോട് പറഞ്ഞു.
'അത് ആലോചിക്കാം' എന്നായിരുന്നു മസ്കിന്റെ മറുപടി. എന്നാൽ, അൽപ്പസമയത്തിനകം അക്കൗണ്ട് അടച്ചുപൂട്ടാൻ അത്രയും തുക നൽകുന്നത് ശരിയാണെന്ന് തോന്നുന്നില്ലെന്ന് മസ്ക് പറഞ്ഞു.
"ഞാൻ അതിൽ ഒരുപാട് അധ്വാനിച്ചിട്ടുണ്ട്, 5000 ഡോളർ പോരാ," ഇൻസൈഡറിന് നൽകിയ അഭിമുഖത്തിൽ 19കാരൻ പറഞ്ഞു. "എനിക്ക് ഇതിൽ നിന്ന് ലഭിക്കുന്ന രസത്തിന് പകരം വയ്ക്കാൻ അത്രയും തുക പര്യാപ്തമല്ല, താൻ മുന്നോട്ട് വെച്ച ഡീലിൽ അദ്ദേഹത്തിന് താൽപര്യം നഷ്ടമായതോടെയാണ് എല്ലാം പുറത്തുവിടാൻ തീരുമാനിച്ചതെന്നും ജാക്ക് കൂട്ടിച്ചേർത്തു.
2020 ജൂണിലാണ് ജാക്ക് സ്വീനി ട്വിറ്റർ അക്കൗണ്ട് ആരംഭിക്കുന്ത്. ബോട്ടുകളുടെ സഹായത്തോടെയാണ് എയർ ട്രാഫിക് ഡാറ്റ അത് പങ്കുവെക്കുന്നത്. മസ്‌ക്കിന്റെ സ്വകാര്യ ജെറ്റിന്റെ ചലനങ്ങളെക്കുറിച്ച് ഫോളോവേഴ്സിനെ അത് സമയാസമയം അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.