പിഞ്ചുകുട്ടികളുടെ കൈയ്യിൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ കൊടുക്കരുതെന്നും അവ എല്ലായ്പ്പോഴും ലോക് ചെയ്യുന്നതാവും ഉചിതമെന്നും വിദഗ്ധർ നിർദേശിക്കുന്നത്, കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ മാത്രമല്ല. മറിച്ച്, ഇൻറർനെറ്റുള്ള സ്മാർട്ട്ഫോണും ടാബ്ലെറ്റും കുട്ടികളുടെ കൈയ്യിലെത്തിയാൽ തിരുത്താൻ കഴിയാത്തതും പിന്നീട് ദുഃഖിക്കേണ്ടിവരുന്നതുമായ ഒരുപാട് കാര്യങ്ങൾക്ക് അത് കാരണമായേക്കും.
ന്യൂജഴ്സിയിലെ ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിന് അവരുടെ രണ്ട് വയസുകാരനായ മകൻ അയാൻഷ് കുമാറിെൻറ വക ചെറിയൊരു പണികിട്ടി. 2000 ഡോളർ (1.4 ലക്ഷം രൂപ) വിലമതിക്കുന്ന വീട്ടുപകരണങ്ങൾ അയാൻഷ് വാൾമാർട്ടിൽ നിന്ന് ഒാർഡർ ചെയ്തു. അതും അമ്മ മധു കുമാറിെൻറ ഫോണിൽ കളിക്കവേ.
പുതിയ വീട്ടിലേക്ക് 'കുറച്ച്' സാധനങ്ങൾ വാങ്ങാമെന്ന ഉദ്ദേശത്തോടെ മധു, വാൾമാർട്ട് വെബ് സൈറ്റിൽ കയറി നിരവധി വീട്ടുപകരണങ്ങൾ തെരഞ്ഞെടുത്ത് കാർട്ടിൽ സൂക്ഷിച്ചിരുന്നു. എന്നാൽ, അയാൻഷ് എല്ലാംകൂടി ഒാർഡർ ചെയ്തു. 'ഇത് അവനാണ് ചെയ്തതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല, പക്ഷെ അതാണ് സംഭവിച്ചത്'. - അച്ഛൻ പ്രമോദ് കുമാർ പറഞ്ഞു.
നിരവധി പെട്ടികളിലായി വലുതും ചെറുതുമായ ഫർണിച്ചറുകൾ തങ്ങളുടെ അഡ്രസിലേക്ക് വന്നുതുടങ്ങിയതോടെ മധുവും പ്രമോദും അമ്പരന്നു. സംശയം തോന്നി മധു, അവരുടെ വാൾമാർട്ട് അക്കൗണ്ട് പരിശോധിച്ചപ്പോൾ, മകൻ കസേരകളും ഫ്ലവർ സ്റ്റാൻഡുകളും കൂടാതെ അവർക്ക് ആവശ്യമില്ലാത്ത മറ്റു പലതും ഓർഡർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഈ സാധനങ്ങളെല്ലാം അവൻ ഓർഡർ ചെയ്തതാണെന്ന് മനസിലാക്കിയതോടെ ഞങ്ങൾക്ക് ചിരിയാണ് വന്നത്. അവൻ വളരെ ചെറുതാണ്. -മധു പറഞ്ഞു. എന്തായാലും ഇനിമുതൽ ഫോണുകളിലും മറ്റും നിർബന്ധമായും ലോക്ക് ഒാപ്ഷൻ ഉപയോഗിക്കുമെന്ന് അച്ഛൻ പ്രമോദ്കുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.