ടെക് ഭീമനായ ഗൂഗ്ളിനെതിരെ വിശ്വാസ വഞ്ചന കേസ് ഫയൽ ചെയ്ത് യു.എസ് നീതിന്യായ വകുപ്പ്. ഗൂഗ്ൾ അവരുടെ സേർച്ച് എഞ്ചിൻ ബിസിനസിലുള്ള ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്നാണ് പരാതി. നിലവിൽ ആഗോളതലത്തിലുള്ള സ്വീകാര്യതയും ബന്ധങ്ങളും മറ്റും എതിരാളികളെ തരംതാഴ്ത്താൻ കമ്പനി ഉപയോഗപ്പെടുത്തിയെന്നും യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻറ് ചൂണ്ടിക്കാട്ടുന്നു. യു.എസ് ഡിസ്ട്രിക്ട് കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് ഗൂഗ്ൾ അവരുടെ സേർച്ച് എഞ്ചിൻ ബിസിനസിൽ മുന്നേറാൻ ചെയ്തുകൂട്ടുന്ന പ്രവർത്തികളെ കുറിച്ച് വിശദീകരിക്കുന്നത്.
എതിരാളികളായ മറ്റ് സേർച്ച് എഞ്ചിനുകൾ ഫോണുകളിൽ ഒാപഷ്നായി നൽകുന്നതടക്കം ഒഴിവാക്കാനായി കമ്പനികളുമായി രഹസ്യകരാർ ഗൂഗ്ൾ ഒപ്പുവെച്ചിട്ടുണ്ടെന്ന് അവർക്കെതിരെ വന്ന പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഡക്ഡക് ഗോ, മൈക്രോസോഫ്റ്റ് ബിങ്, യാഹൂ പോലുള്ള നിരവധി ചെറുതും വലുതുമായ സേർച്ച് എഞ്ചിനുകൾക്കെതിരെയായിരുന്നു ഗൂഗ്ളിെൻറ രഹസ്യമായുള്ള നീക്കം. ഫോണുകൾ അടക്കമുള്ള വിവിധ ഗാഡ്ജറ്റുകളിൽ ഉപയോക്താക്കൾക്ക് നീക്കം ചെയ്യാൻ പറ്റാത്ത വിധത്തിൽ ഗൂഗ്ൾ സേർച്ച് എഞ്ചിൻ നിർബന്ധിതമായി പ്രീ-ഇൻസ്റ്റാൾ ചെയ്തുവരുന്നതായും പരാതിയിൽ പറയുന്നുണ്ട്.
ആപ്പിൾ െഎഫോണുകളിലെ വെബ് ബ്രൗസറായ സഫാരിയുടെ പ്രധാന സേർച്ച് എഞ്ചിനായി നിലനിർത്തുന്നതിന് ഗൂഗ്ൾ ആപ്പിളിന് വർഷാവർഷം 12 ബില്യൺ ഡോളർ പണമായി നൽകുന്നുണ്ട്. ആപ്പിളിെൻറ വാർഷിക വരുമാനത്തിെൻറ 20 ശതമാനത്തോളം വരുമത്. ആപ്പിളിെൻറ സേർച്ച് എഞ്ചിൻ എന്ന സ്ഥാനം പോയാൽ അത് വലിയ വെല്ലുവിളിയാകുമെന്നാണ് കമ്പനി കരുതുന്നതെന്നും ഗൂഗ്ളിനെതിരെ വന്ന ലോസ്യൂട്ടിൽ പറയുന്നു.
അതേസമയം, തങ്ങൾക്കെതിരെ വന്ന പരാതികൾക്ക് മറുപടിയുമായി ഗൂഗ്ൾ എത്തുകയും ചെയ്തു. എല്ലാം തെറ്റായ ആരോപണങ്ങളാണെന്ന് പറഞ്ഞ അവർ, ആപ്പിൾ ഗൂഗ്ളിനെ സേർച്ച് എഞ്ചിനായി സ്വീകരിച്ചത് ഗൂഗ്ൾ ഏറ്റവും മികച്ചതായത് കൊണ്ടാണെന്നും വ്യക്തമാക്കി. വിൻഡോസിൽ ബിങ് ആണ് സേർച്ച് എഞ്ചിനായി വരുന്നതെന്നും അവിടെ എന്തുകൊണ്ടാണ് ഗൂഗ്ൾ വരാത്തതെന്നും ബ്ലോഗ് പോസ്റ്റിൽ കമ്പനി ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.