ന്യൂയോർക്ക്: അമേരിക്കയെ ലോകത്തിന് മുമ്പിൽ നാണക്കേടിലാക്കിയ കാപിറ്റൽ കലാപവുമായി ബന്ധപ്പെട്ട് ടെക് ഭീമൻമാരോട് ചോദ്യശരങ്ങളുമായി യു.എസ് കോൺഗ്രസ്. ട്രംപ് അനുകൂലികളായ ഭീകരവാദികൾ കാപിറ്റലിനെ ആക്രമിച്ചതിന് ശേഷം അമേരിക്കയിലെ നിയമനിർമാതാക്കൾക്ക് മുന്നിൽ ആദ്യമായി ഹാജരാവുകയായിരുന്നു ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗ്ൾ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ ചീഫ് എക്സിക്യൂട്ടീവുമാർ.
കലാപത്തിന് മൂന്ന് പ്ലാറ്റ്ഫോമുകളും ഏതെങ്കിലും വിധേന ഉത്തരാവാദികളായിട്ടുണ്ടോ..? എന്ന ചോദ്യത്തിന് 'അതെ അല്ലെങ്കിൽ ഇല്ല' എന്ന ഉത്തരം നൽകാനാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ, ട്വിറ്റർ സി.ഇ.ഒ ജാക്ക് ഡോർസി മാത്രമാണ് അതിന് 'അതെ' എന്ന ഉത്തരം നൽകിയത്. മാർക്ക് സുക്കർബർഗും സുന്ദർ പിച്ചൈയും പകരം മറ്റ് വിശദീകരണങ്ങളിലേക്ക് പോവുകയായിരുന്നു.
അതേസമയം, 'അതെ' എന്ന ഉത്തരം നൽകിയെങ്കിലും വിശാലമായ എക്കോസിസ്റ്റം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്ന്' ജാക്ക് ഡോർസി ചൂണ്ടിക്കാട്ടി. ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ, പറഞ്ഞത് - കമ്പനിക്ക് എല്ലായ്പ്പോഴും സംഭവത്തിൽ ചെറിയൊരു ഉത്തരാവാദിത്തമുള്ളതായി തോന്നാറുണ്ടെങ്കിലും ഒരു സങ്കീർണ്ണമായ ചോദ്യമാണ് ചോദിക്കുന്നതെന്ന് മറുപടി നൽകി. എന്നാൽ, ഫലപ്രദമായ സംവിധാനങ്ങൾ നിർമിച്ചതിനുള്ള ഉത്തരവാദിത്തമാണ് തന്‍റെ കമ്പനിക്കുള്ളതെന്നും, കലാപകാരികളും മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമാണ് അതിന്‍റെ യഥാർഥ കാരണക്കാരുമെന്ന് ഫേസ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗ് വിശദീകരിച്ചു.
''ഒരു ജനക്കൂട്ടം കാപിറ്റലിനെയും നമ്മുടെ ജനാധിപത്യ പ്രക്രിയയെയും അശുദ്ധമാക്കാൻ ഇരച്ചെത്തിയതോടെ ഞങ്ങൾ ഒാടിരക്ഷപ്പെടുകയായിരുന്നു. ആ അക്രമണവും അതിന് പ്രേരിപ്പിച്ച പ്രസ്ഥാനവും ആരംഭിച്ചതും പരിപോഷിപ്പിക്കപ്പെട്ടതും നിങ്ങളുടെ പ്ലാറ്റ്ഫോമുകളിലാണ്...'' -ഡെമോക്രാറ്റിക് പ്രതിനിധി മൈക്ക് ഡോയൽ ആരോപിച്ചു. കാപിറ്റൽ ആക്രമണത്തെ തുടർന്ന് ജീവൻ രക്ഷിക്കാനായി സുരക്ഷിത സ്ഥലം തേടി ഒാടുന്ന യു.എസ് കോൺഗ്രസ് അംഗങ്ങളുടെ വിഡിയോ വാർത്താ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
തെറ്റായതോ അപകടകരമോ ആയ ഉള്ളടക്കത്തോടുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സമീപനത്തെ നിയമനിർമാതാക്കൾ രൂക്ഷമായി വിമർശിച്ചു. തെറ്റായ വിവരങ്ങൾ തടയുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് മൂന്ന് കമ്പനികളും നിരന്തരം വ്യക്മാക്കിയിട്ടുണ്ടെങ്കിലും, ഇപ്പോഴും മൂന്ന് പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി അത് നടക്കുന്നുണ്ടെന്ന് ഗവേഷകർ തെളിയിച്ചിട്ടുണ്ട്.
ജനുവരി ആറിന് നടന്ന കാപിറ്റൽ കലാപത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു ഉടലെടുത്തത്. കലാപത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടപ്പെടുന്ന ഡോണൾഡ് ട്രംപിന്‍റെ വിഡിയോകൾ മണിക്കൂറുകളോളം ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ ആപ്പുകളിൽ പ്രചരിക്കപ്പെട്ടിരുന്നു. കലാപം ആളിക്കത്തിച്ചതിനും തെറ്റായ വാർത്തകളും വിവരങ്ങളും പ്രചരിപ്പിച്ചതിനും തിരഞ്ഞെടുപ്പ് ഫലങ്ങളെ അക്രമാസക്തമായി അട്ടിമറിക്കാനുള്ള ശ്രമത്തിന് ചുക്കാൻപിടിച്ചതിനും സോഷ്യൽ മീഡിയ കാരണമായതായി പലരും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.