വാട്സ്ആപ്പ് തങ്ങളുടെ മെസ്സേജിങ് പ്ലാറ്റ്ഫോമിൽ പുതിയ 'ഡിസപ്പിയറിങ് മെസ്സേജസ്' സംവിധാനം അവതരിപ്പിക്കാനൊരുങ്ങുന്നു. വ്യക്തികൾക്കോ, ഗ്രൂപ്പിലോ അയക്കുന്ന മെസ്സേജുകൾ ഏഴ് ദിവസങ്ങൾ കൊണ്ട് താനെ മാഞ്ഞുപോകുന്നതാണ് പുതിയ ഫീച്ചർ. ഗ്രൂപ്പുകളിൽ അഡ്മിൻമാർക്ക് മാത്രമായിരിക്കും ഡിസപ്പിയറിങ് മെസ്സേജ് ഫീച്ചർ ഒാൺചെയ്യാനും ഒാഫ് ചെയ്യാനും സാധിക്കുക. പേഴ്സണൽ മെസ്സേജുകളിൽ ഇത് എനബ്ൾ ചെയ്യുന്നതോടെ, ശേഷം അയക്കുന്ന സന്ദേശങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രമായിരിക്കും ആയുസ്സുണ്ടാവുക.
വാട്സ്ആപ്പ് ഏഴ് ദിവസങ്ങളോളം ഉപയോഗിക്കാതിരുന്നാൽ അയച്ച സന്ദേശങ്ങളെല്ലാം ചാറ്റ് ഹെഡിൽ നിന്നും മായും. അതേസമയം, നോട്ടിഫിക്കേഷൻ ബാറിൽ സന്ദേശങ്ങളുടെ പ്രിവ്യ യൂസർക്ക് കാണാൻ സാധിക്കും. സന്ദേശങ്ങൾക്കൊപ്പം അയക്കുന്ന ചിത്രങ്ങൾ ഓട്ടോമാറ്റിക് ഡൗൺലോഡ് ഫീച്ചർ ഒാൺ ആണെങ്കിൽ ഫോണിലെ സ്റ്റോറേജിൽ സേവ് ചെയ്യപ്പെടും. എന്നാൽ, ഡിസ്സപ്പിയറിങ് മെസ്സേജ് ഒാൺ ചെയ്യുകയും ഓട്ടോമാറ്റിക് ഡൗൺലോഡ് ഒാഫായിരിക്കുകയും ചെയ്യുന്ന സാഹചര്യം വന്നാൽ ചിത്രങ്ങളും അപ്രത്യക്ഷമായേക്കും.
മെസ്സേജുകൾ അപ്രത്യക്ഷമാവുന്നതിന് മുമ്പ് ബാക്അപ്പ് എടുത്താൽ അവ സുരക്ഷിതമായി ഗൂഗ്ൾ ഡ്രൈവിൽ സേവ് ചെയ്യപ്പെടും. എന്നാൽ, റീസ്റ്റോർ ചെയ്താൽ പതിവുപോലെ അപ്രത്യക്ഷമാവുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു. യൂസർമാർക്ക് വിശ്വാസമുള്ളവർക്ക് മാത്രം ഡിസപ്പിയറിങ് മെസ്സേജുകൾ അയക്കാനാണ് വാട്സ്ആപ്പ് നിർദേശിക്കുന്നത്. കാരണം, അത്തരത്തിൽ അയച്ച സന്ദേശങ്ങൾ ഫോർവാർഡ് ചെയ്യാനും, കോപ്പി ചെയ്യാനും, സ്ക്രീൻഷോട്ടുകൾ എടുക്കാനും സാധിക്കും.
ഡിസപ്പിയറിങ് മെസ്സേജസ് എന്ന ഫീച്ചർ യൂസർമാരുടെ താൽപര്യമനുസരിച്ച് ഏത് കോൺടാക്ടിലും എനബ്ൾ ചെയ്യാവുന്നതാണ്. വൈകാതെ തന്നെ എല്ലാവർക്കും ഇൗ ഫീച്ചർ ലഭ്യമായി തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.