എന്തൊക്കെ സംഭവിച്ചാലും ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്കിനോ മൂന്നാം കക്ഷിക്കോ പങ്കുവെക്കാൻ അധികാരം നൽകുന്ന സ്വകാര്യത നയവുമായി തങ്ങൾ മുന്നോട്ടുപോകുമെന്ന തീരുമാനത്തിൽ വാട്സ്ആപ്പ് ഉറച്ചുനിൽക്കുകയാണ്. ആഗോളതലത്തിൽ നിന്ന് പോലും സമ്മർദ്ദമുണ്ടായിട്ടും നയ പരിഷ്കാരങ്ങളിൽ മാറ്റം വരുത്തുന്നതിന് പകരം അവ അംഗീകരിക്കുന്നതിന് യൂസർമാർക്ക് മെയ് 15 വരെ സമയപരിധി നൽകുകയാണ് ഫേസ്ബുക്കിന് കീഴിലുള്ള മെസ്സേജിങ് പ്ലാറ്റ്ഫോം ചെയ്തത്.
എന്നാൽ, ഇപ്പോൾ വാട്സ്ആപ്പ് യൂസർമാർക്ക് വീണ്ടും ഇൻ-ആപ്പ് സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ സേവനം ഉപയോഗിക്കാനായി മെയ് 15നകം പുതിയ പ്രൈവസി പോളിസി അംഗീകരിക്കണമെന്ന് തന്നെയാണ് അതിന്‍റെ ഉള്ളടക്കം. പലരും ട്വിറ്ററിലും മറ്റും തങ്ങൾക്ക് ലഭിച്ച വാട്സ്ആപ്പ് നോട്ടിഫിക്കേഷന്‍റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. "ഞങ്ങളുടെ നിബന്ധനകളും സ്വകാര്യതാ നയവും മെയ് 15 മുതൽ പ്രാബല്യത്തിൽ വരും. ഈ തീയതിക്ക് ശേഷവും വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നത് തുടരാൻ ദയവായി ഈ അപ്‌ഡേറ്റുകൾ സ്വീകരിക്കുക," അറിയിപ്പിൽ പറയുന്നു.
ഫെബ്രുവരി എട്ടിന് പുറത്തുവിട്ട സ്വകാര്യതാ നയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് ഇത്രയും കാലം നീട്ടിവെച്ചതിനുള്ള വാട്സ്ആപ്പിന്റെ വിശദീകരണം, യൂസർമാർക്ക് അവയെ കുറിച്ച് പഠിച്ച് തെറ്റിധാരണകൾ മാറ്റാൻ സമയം അനുവദിക്കുകയായിരുന്നു എന്നാണ്. 'യൂസർമാർ അയക്കുന്ന സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡാണെന്നും അയച്ചയാൾക്കും സ്വീകരിച്ചയാൾക്കുമല്ലാതെ അതൊരിക്കലും തങ്ങൾക്ക് വായിക്കാൻ കഴിയില്ലെന്നും' കമ്പനി വ്യക്തമാക്കുന്നു. തങ്ങളുടെ ഭാഗം വിശദീകരിക്കാനായി വിവിധ മാർഗങ്ങളാണ് വാട്സ്ആപ്പ് ഉപയോഗപ്പെടുത്തുന്നത്. ഇന്ത്യയിൽ ചില പത്രങ്ങളിൽ വലിയ മുൻപേജ് പരസ്യങ്ങൾ പോലും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.