ന്യൂഡൽഹി: പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നതിനായി ഉപയോക്താക്കൾക്ക് മെയ് 15 വരെ അനുവദിച്ചിട്ടുള്ള സമയപരിധി നീട്ടിയിട്ടില്ലെന്ന് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. യൂസർമാരെ നയം അംഗീകരിപ്പിക്കാനായി തങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ അതിന് മുതിരുന്നില്ലെങ്കിൽ പതിയെ അവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെടുമെന്നും വാടസ്ആപ്പിന് വേണ്ടി ഹാജരായ അഭിഭാകൻ കപിൽ സിബൽ കോടതിയോട് പറഞ്ഞു. "നയം അംഗീകരിക്കാൻ ഞങ്ങൾ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവർ സമ്മതിക്കുന്നില്ലെങ്കിൽ ഞങ്ങൾ അവരുടെ അക്കൗണ്ടുകൾ ഇല്ലാതാക്കും ... നയത്തിൽ യാതൊരുവിധ മാറ്റവുമില്ല", -സിബൽ കോടതിയെ അറിയിച്ചു.
വാട്ട്സ്ആപ്പിെൻറ പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് സീമ സിങ്, അഭിഭാഷകൻ മേഗൻ, നിയമ വിദ്യാർത്ഥി ചൈതന്യ റോഹില്ല എന്നിവർ സമർപ്പിച്ച ഹരജിയിലാണ് വാദം കേൾക്കുന്നത്. സ്വകാര്യതാ നയം പിൻവലിക്കാനോ അല്ലെങ്കിൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവർക്ക് 2021 ജനുവരി നാലിന് കമ്പനി കൊണ്ടുവന്ന പരിഷ്കാരങ്ങൾ അംഗീകരിക്കാതിരിക്കാനോ ഉള്ള സൗകര്യം ഒരുക്കണമെന്ന് വാട്ട്‌സ്ആപ്പിനോട് ആവശ്യപ്പെടാനും ഹരജിക്കാർ കേന്ദ്രത്തോട് നിർദ്ദേശം തേടിയിട്ടുണ്ട്. സ്വകാര്യതാ നയം അംഗീകരിച്ച ഉപയോക്താക്കൾക്ക് അതിൽ തീരുമാനം അറിയിക്കാൻ ഒരു അവസരം കൂടി നൽകാനും ഹരജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യതാ നയം അംഗീകരിക്കാനുള്ള സന്ദേശം ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത് വാട്സ്ആപ്പ് വൈകിപ്പിച്ചിരുന്നെങ്കിലും തങ്ങളുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് കമ്പനി നേരത്തെ തന്നെ അറിയിച്ചിരുന്നു. കമ്പനിയുടെ പദ്ധതികൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് എഴുതിയിട്ടും അതിൽ നിന്ന് അവർ പിൻമാറിയിരുന്നില്ല.
മാതൃകമ്പനിയായ ഫേസ്ബുക്കുമായി യൂസർമാരുടെ സ്വകാര്യ വിവരങ്ങൾ കൈമാറുന്നത് അംഗീകരിക്കാനാണ് വാട്സ്ആപ്പ് പറയുന്നത്. 2014ൽ വാട്സാപ് ഫേസ്ബുക്കിന്റെ ഭാഗമായ ശേഷം സമാനമായി വിവരങ്ങൾ ഫേസ്ബുക്കുമായി കൈമാറുമെന്ന് അറിയിച്ചിരുന്നു. ചില വിവരങ്ങൾ അന്നുമുതൽ കമ്പനി കൈമാറുന്നുമുണ്ട്. പുതിയ നയത്തോടെ അത് കൂടുമെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.