ന്യൂഡൽഹി: വാട്സ്ആപ് ഏർപ്പെടുത്തിയ പുതിയ സ്വകാര്യത നയം ഇന്ത്യയിലെ വിവരസാേങ്കതിക നിയമത്തിന് എതിരാണെന്ന് സർക്കാർ ഡൽഹി ഹൈകോടതിയെ അറിയിച്ചു. വാട്സ്ആപ്പിെൻറ സ്വകാര്യതാനയത്തെ ചോദ്യംചെയ്ത് നിരവധിപേർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചത്.
തങ്ങളുടെ സ്വകാര്യതാനയം മേയ് 15 മുതൽ നിലവിൽ വന്നുവെന്നും അത് അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്നുമാണ് വാട്സ്ആപ് കോടതിയെ അറിയിച്ചത്. എന്നാൽ, നയം അംഗീകരിക്കാത്തവരെ ഇതുവരെ നീക്കിത്തുടങ്ങിയിട്ടില്ല. നയം അംഗീകരിച്ച് അക്കൗണ്ട് തുടരാൻ അവരെ പ്രേരിപ്പിക്കും. അക്കൗണ്ടുകൾ നീക്കംചെയ്യുന്നതിന് ഏകീകൃത സമയപരിധി നിശ്ചയിച്ചിട്ടില്ല. ഒാരോ ഉപയോക്താവിനെയും അറിയിച്ച ശേഷമായിരിക്കും നീക്കം ചെയ്തു തുടങ്ങുക. നയം പ്രാബല്യത്തിൽ വന്നെങ്കിലും ഉടൻതന്നെ അക്കൗണ്ടുകൾ ഇല്ലാതാക്കില്ലെന്നും വാട്സ്ആപ് കൂട്ടിച്ചേർത്തു.
എന്നാൽ, പുതിയ നയം ഭരണഘടന പ്രകാരം ഉപയോക്താക്കളുടെ സ്വകാര്യതക്കുള്ള അവകാശത്തെ ലംഘിക്കുന്നുവെന്ന് സർക്കാറിനായി വാദിച്ച അഭിഭാഷകൻ കോടതിയെ അറിയിച്ചു.
വാട്സ്ആപ് യൂറോപ്യൻമാരിൽനിന്ന് വ്യത്യസ്തമായാണ് ഇന്ത്യക്കാരോട് പെരുമാറുന്നതെന്നും ഈ വിഷയത്തിൽ ഫേസ്ബുക്ക് സി.ഇ.ഒമാർക്ക് സക്കർബർഗിന് കത്തെഴുതിയിട്ടുണ്ടെന്നും മറുപടി കാത്തിരിക്കുകയാണെന്നും അതിനാൽ നയം ധിറുതിപിടിച്ച് നടപ്പാക്കാതെ തൽസ്ഥിതി തുടരണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.എൻ. പേട്ടൽ, ജ. ജോതി സിങ് എന്നിവരടങ്ങിയ ബെഞ്ച് കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂൺ മൂന്നിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.