കാമറയിൽ ആരാണ് വമ്പൻ..? പിക്സൽ 7 പ്രോ Vs ഐഫോൺ 14 പ്രോ; ഫലം ഇങ്ങനെ...!

ആപ്പിളിന്റെ ഐഫോൺ 14 സീരീസും ഗൂഗിളിന്റെ പിക്സൽ 7 സീരീസും പുറത്തിറങ്ങിയതിന് പിന്നാലെ, ടെക് ലോകത്ത് ചർച്ചകൾ കൊഴുക്കുകയാണ്. പ്രധാന ചർച്ചാവിഷയം 'കാമറ' തന്നെയാണ്. ഏറ്റവും മികച്ച കാമറ ഐഫോണുകൾക്കാണെന്ന് ഒരു വിഭാഗം കാലങ്ങളായി വാദിക്കുന്നുണ്ട്. താരതമ്യങ്ങളിലും പലപ്പോഴായി ഐഫോണുകൾ സ്കോർ ചെയ്യാറുമുണ്ട്. എന്നാൽ, ആൻഡ്രോയ്ഡ് ലോകത്തെ പ്രധാന മത്സരാർഥിയായ സാംസങ്ങിനൊപ്പം പിക്സൽ ഫോണുകളുമായി ഗൂഗിളും എത്തിയതോടെ ആപ്പിളിന് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ സമീപകാലത്തായി ഐഫോണുകളുടെ കാമറ ഡിപ്പാർട്ട്മെന്റിന് ആപ്പിൾ കുറച്ചധികം പ്രാധാന്യം നൽകിവരുന്നുണ്ട്.

പിക്സൽ 7 സീരീസ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ലോഞ്ച് ചെയ്തതോടെ ഗൂഗിളിന്റെ ഫ്ലാഗ്ഷിപ്പായ പിക്സൽ 7 പ്രോയുടെ കാമറ ഐഫോൺ 14 പ്രോ സീരീസുമായി മുട്ടി നിൽക്കുമോ എന്ന സംശയം പലരിലും ഉടലെടുത്തിരുന്നു. എന്നാൽ, ഏറ്റവും പുതിയ DxOMark ക്യാമറ റാങ്കിങ് കണക്കിലെടുത്താൽ ഗൂഗിളിന് കൈയ്യടികൊടുക്കേണ്ടി വരും.

DxOMark-ന്റെ മികച്ച ക്യാമറ സ്‌മാർട്ട്‌ഫോണുകളുടെ പട്ടികയിൽ പിക്സൽ 7 പ്രോ ഒന്നാം സ്ഥാനത്തെത്തി. മൊത്തത്തിൽ 147 പോയിന്റുകളാണ് ഗൂഗിൾ പിക്സൽ 7 പ്രോ  നേടിയത്. ആപ്പിളിന്‍റെ ഐഫോൺ 14 പ്രോക്ക് 146 പോയിന്റുകളാണ് ലഭിച്ചത്. പിക്സൽ 7 പ്രോ ഫോട്ടോ വിഭാഗത്തിൽ 148 പോയിന്റുകളും വീഡിയോ വിഭാഗത്തിൽ 143 പോയിന്റുകളും നേടി. അതേസമയം, ഐഫോൺ 14 പ്രോ ഫോട്ടോ വിഭാഗത്തിൽ 143 പോയിന്റുകളും വീഡിയോ വിഭാഗത്തിൽ 149 പോയിന്റുകളുമാണ് നേടിയത്. എങ്കിലും, മികച്ച സെൽഫി ക്യാമറ വിഭാഗത്തിൽ 145 പോയിന്റുമായി ഐഫോൺ 14 പ്രോ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്, 142 പോയിന്റുമായി പിക്സൽ 7 പ്രോ ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്താണ്.

എല്ലാതരം ഉപയോഗങ്ങളും ഫീച്ചറുകളും പരിഗണിച്ചാൽ പിക്സൽ 7 പ്രോ സ്ഥിരതയാർന്ന ക്യാമറാ അനുഭവം വാഗ്ദാനം ചെയ്തതായി DxOMark അഭിപ്രായപ്പെട്ടു. മികച്ച സ്കിൻ ടോൺ റെൻഡറിംഗും നാച്വറൽ കോൺട്രാസ്റ്റും നൽകുന്നതിനാൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിൽ പിക്സൽ ഫോൺ ഏറ്റവും മികച്ചുനിന്നതായും അവർ ചൂണ്ടിക്കാട്ടി.

50 മെഗാപിക്സൽ പ്രൈമറി സെൻസർ, 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 12 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ എന്നിവയുൾപ്പെടെ പിറകിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായാണ് ഗൂഗിൾ പിക്സൽ 7 പ്രോ എത്തിയത്. ഫ്ലിപ്കാർട്ടിലൂടെ വിൽക്കുന്ന ഗൂഗിളിന്റെ ഈ ഫ്ലാഗ്ഷിപ്പിന് 84,999 രൂപയാണ് വില. 

Tags:    
News Summary - which smartphone has better camera ? Pixel 7 Pro Vs iPhone 14 Pro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.