മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ട്വിറ്റർ വിലക്ക് നീക്കുമെന്ന് മൈക്രോ ബ്ലോഗിങ് സൈറ്റ് ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന ടെസ്ല സി.ഇ.ഒ ഇലോൺ മസ്ക്. വിലക്ക് അധാർമികവും തികഞ്ഞ വിഡ്ഢിത്തവുമാണെന്ന് മസ്ക് പറഞ്ഞു.
ഫിനാൻഷ്യൽ ടൈംസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മസ്ക്. ട്വിറ്റർ അക്കൗണ്ടുകളുടെ ആജീവനാന്ത വിലക്ക് അപൂർവമാണെന്നും തട്ടിപ്പുകളോ, ഓട്ടോമേറ്റഡോ ആയ അക്കൗണ്ടുകൾക്കു മാത്രമായിരിക്കണം വിലക്കെന്നും അദ്ദേഹം പറഞ്ഞു. 2021 ജനുവരിയിലെ കാപിറ്റൾ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിന് ട്വിറ്റർ വിലക്കേർപ്പെടുത്തിയത്.
വിലക്ക് രാജ്യത്തിന്റെ വലിയൊരു ഭാഗത്തെ അന്യവത്കരിക്കുകയും ആത്യന്തികമായി ഡൊണാൾഡ് ട്രംപിനെ നിശബ്ദമാക്കുകയും ചെയ്തതിനാൽ അത് തെറ്റാണെന്ന് കരുതുന്നതായും മസ്ക് വ്യക്തമാക്കി. മസ്കിന്റെ പ്രഖ്യാപനത്തോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാൽ മസ്ക് ട്വിറ്റർ വാങ്ങിയാലും തന്റെ വിലക്ക് നീക്കിയാലും താൻ ഇനി ട്വിറ്ററിലേക്ക് ഇല്ലെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രൂത്ത് സോഷ്യൽ എന്ന സ്വന്തം സമൂഹ മാധ്യമ ആപ്പാണ് താൻ ഉപയോഗിക്കുകയെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ട്രംപ് സ്വന്തമായി സമൂഹ മാധ്യമം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.