കൊച്ചി മെട്രോക്കായി അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജ് രൂപകല്‍പന ചെയ്ത റോബോട്ട്

പാട്ട് പാടും, നൃത്തം ചെയ്യും; കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ഇനി റോബോട്ടുകളുടെ 'ഭരണം'

അങ്കമാലി: കൊച്ചി മെട്രോയിലെ സേവനങ്ങൾക്കായി അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിങ് കോളജ് റോബോട്ടുകളെ നിയോഗിക്കും. ആദ്യഘട്ടത്തിൽ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഷനിലാകും സ്ഥാപിക്കുക. ഇതിനായി കെ.എം.ആര്‍.എലും ഫിസാറ്റും തമ്മില്‍ ധാരണപത്രത്തില്‍ ഒപ്പുവെച്ചു. മെട്രോ സ്റ്റേഷനിലെത്തുന്ന യാത്രക്കാരെ റോബോട്ട് സ്വാഗതം ചെയ്യും. യാത്രക്കാര്‍ക്ക് ഏത് സംശയവും ദുരീകരിക്കാന്‍ അവസരമൊരുക്കും. സ്റ്റേഷനിലെത്തുന്ന കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ പാട്ടു പാടാനും അവർക്കൊപ്പം നൃത്തം ചെയ്യാനുമെല്ലാം റോബോട്ടുണ്ടാകും. യാത്രക്കാരുടെ സംശങ്ങള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറുപടി നല്‍കും.

യാത്രക്കാര്‍ ഉന്നയിക്കുന്ന പരാതികള്‍ പരിഹരിക്കാനും ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും ഇവക്ക് സാധിക്കും. എല്ലാ മെട്രോ സ്റ്റേഷനുകളിലും റോബോട്ടുകളെ സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ ടിക്കറ്റ് ബുക്കിങ് സംവിധാനവും റോബോട്ടുകള്‍ വഴിയാകും നല്‍കുക. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചാര്‍ജ് തീര്‍ന്നാല്‍ സ്വയം ചാര്‍ജ് ചെയ്യുമെന്ന പ്രത്യേകതയുമുണ്ട്.

ഫിസാറ്റ് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ റോബോട്ടിക്സും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയേഴ്സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഫിസാറ്റ് സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ റോബോട്ടിക്സ് നോഡല്‍ ഓഫിസര്‍ ബിജോയ് വര്‍ഗീസ്, സി. മഹേഷ്, ആര്‍. രാജേഷ്, സ്റ്റുഡന്റ്സ് കോഓഡിനേറ്റർമാരായ ജോസ് ബെല്‍, രോഹിത് ജോര്‍ജ് എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. എല്ലാ സ്റ്റേഷനുകളിലും റോബോട്ടുകളെ സ്ഥാപിക്കുന്ന ആദ്യഘട്ട പ്രവര്‍ത്തങ്ങള്‍ ആഗസ്റ്റോടെ അവസാനിക്കും.

Tags:    
News Summary - Will sing and dance; 'Governance' of robots in Kochi metro stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.