ഭർത്താവ് ജീവനോടെ കുഴിച്ചുമൂടിയ യുവതിയെ ആപ്പിൾ വാച്ച് രക്ഷിച്ചു; സംഭവമിങ്ങനെ...

വാഷിങ്ടൺ: ഭർത്താവ് ജീവനോടെ കുഴിച്ചുമൂടിയ സ്ത്രീയുടെ ജീവൻ രക്ഷിച്ച് ആപ്പിൾ വാച്ച്. യങ് സൂക്ക് എന്ന 42-കാരിയെയായിരുന്നു ഭർത്താവ് ചേ ക്യോങ് മാരകമായി പരിക്കേൽപ്പിച്ച് ടേപ്പ് ഉപയോഗിച്ച് ബന്ധിയാക്കി കുഴിച്ചുമൂടിയത്. ഡെയ്‌ലിമെയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. ആപ്പിൾ വാച്ച് ഇല്ലായിരുന്നെങ്കിൽ യുവതി രക്ഷപ്പെടില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

വാഷിങ്ടണിലുള്ള സീയാറ്റിൽ ഒക്ടോബർ 16നാണ് സംഭവം നടന്നത്. വിവാഹമോചനത്തിന് കേസ് കൊടുത്തിരിക്കുകയാണ് ഇരുവരും. സാമ്പത്തിക ഇടപാടുകളേച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വാക്കേറ്റമായിരുന്നു. തന്റെ സമ്പാദ്യത്തിൽ നിന്ന് ഒരു പങ്ക് നല്‍കുന്നതിനെക്കാള്‍ നല്ലത് നിന്നെ കൊല്ലുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ഭർത്താവ് ചേ ക്യോങ് കൊലപാതക ശ്രമം നടത്തിയതെന്ന് സൂക്ക് ആരോപിച്ചു.

ഭാര്യയെ മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത ചേ ക്യോങ് അവരെ ടേപ്പ് കൊണ്ട് ചുറ്റി ബന്ധിയാക്കി വാഹനത്തിൽ കടത്തിക്കൊണ്ടുപോയാണ് കുഴിച്ചുമൂടിയത്. അയൽവാസിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പൊലീസ് വാഹനം കണ്ടെത്തിയത്. മർദിക്കുന്നതിനിടെ തന്നെ സൂക്ക് ആപ്പിൾ വാച്ച് ഉപയോഗിച്ച് 911 എന്ന എമർജൻസി നമ്പറിൽ വിളിച്ചിരുന്നു. മകൾക്ക് സന്ദേശമയക്കുകയും ചെയ്തു. ഇത് കണ്ട ഭർത്താവ് വാച്ച് ചുറ്റിക ഉപയോഗിച്ച് തകർത്തു

യുവതിയെ കുഴിയിലേക്ക് തള്ളിയിട്ടതിന് ശേഷം ഭർത്തവ് ഒരു മരത്തടിയും കൂടെയിട്ടിരുന്നു. അതാണ് സൂക്കിന് രക്ഷയായത്. ശരീരത്തിലേക്ക് നീക്കിയിട്ട മണ്ണിലേറെയും മരത്തടിയിൽ തട്ടി ചിതറുകയായിരുന്നു. ആ സമയം കൊണ്ട് കൈകൾ കൂട്ടിക്കെട്ടിയ ടേപ്പിൽ നിന്ന് രക്ഷനേടാൻ യുവതിക്ക് സാധിച്ചു. ഏറെ നേരത്തെ പരിശ്രമങ്ങൾക്ക് ശേഷം ശരീരമാസകലം ചുറ്റിയ ടേപ്പ് മുഴുവൻ നീക്കം ചെയ്ത് അവർ കുഴിമാടത്തിൽ നിന്ന് പുറത്തുകടക്കുകയായിരുന്നു. പൊലീസെത്തിയപ്പോൾ "എന്റെ ഭർത്താവ് എന്നെ കൊല്ലാൻ ശ്രമിക്കുന്നു" എന്ന് യുവതി നിലവിളിക്കുകയായിരുന്നു. വളരെ മോശമായ അവസ്ഥയിലായിരുന്ന സൂക്കിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

Tags:    
News Summary - woman buried alive in grave by her husband; Apple Watch comes to the rescue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.