ലോകത്തിലെ ആദ്യത്തെ എസ്.എം.എസ് ലേലത്തിൽ വിറ്റത് 91 ലക്ഷം രൂപയ്ക്ക്. പാരീസിൽ നടന്ന ലേലത്തിൽ നോൺ-ഫഞ്ചിബിൾ ടോക്കൺ (എൻ.എഫ്.ടി) എന്ന സാങ്കേതികവിദ്യയുപയോഗിച്ച് ഓൺലൈനായാണ് ഭീമൻ തുകയ്ക്ക് എസ്.എം.എസ് വിറ്റത്. ''മെറി ക്രിസ്മസ്(Merry Christmas)' എന്നായിരുന്നു സന്ദേശം.
ബ്രിട്ടീഷ് ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ വോഡഫോണാണ് എസ്.എം.എസ് ലേലത്തിന് വെച്ചത്. വോഡഫോൺ എഞ്ചിനീയർ നീൽ പാപ്വർത്ത് തന്റെ കമ്പ്യൂട്ടറിൽ നിന്ന് 1992 ഡിസംബർ 3-ന് യു.കെയിലെ ഒരു മാനേജർക്ക് അയച്ചതാണ് ലോകത്തിലെ ആദ്യത്തെ എസ്.എം.എസ്. 'ഓർബിറ്റൽ' ടെലിഫോണിലാണ് എസ്.എം.എസ് സ്വീകരിക്കപ്പെട്ടത്. കാണാൻ സാധാരണ ഡെസ്ക് ഫോൺ പോലെയാണെങ്കിലും ഹാൻഡിലുള്ള ഒരു കോഡ്ലെസ് ഫോണാണ് 'ഓർബിറ്റൽ' ടെലിഫോൺ.
എന്താണ് നോൺ-ഫഞ്ചിബിൾ ടോക്കൺ (എൻ.എഫ്.ടി)
ഈ വർഷം ഏറെ ജനപ്രീതിയാർജിച്ച ഒരു തരം ഡിജിറ്റൽ അസറ്റാണ് എൻ.എഫ്.ടി. സൃഷ്ടികൾക്കോ കലാരൂപങ്ങൾക്കോ ലഭിക്കുന്ന ഡിജിറ്റൽ ലൈസൻസെന്നും ഇതിനെ പറയാം. ഡിജിറ്റൽ കലാരൂപങ്ങൾ വിറ്റ് പണം കണ്ടെത്താനുള്ള അവസരമാണ് ബ്ലോക്ചെയിൻ അധിഷ്ഠിത സാങ്കേതികവിദ്യയായ എൻ.എഫ്.ടി ഒരുക്കുന്നത്. ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെയാണ് എൻ.എഫ്.ടികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നത്.
കോടിക്കണക്കിന് രൂപയ്ക്കാണ് പലരും തങ്ങളുടെ ഡിജിറ്റൽ ആർട്ട് വർക്കുകൾ എൻ.എഫ്.ടിയായി വിൽക്കുന്നത്. അമിതാഭ് ബച്ചന്‍റെ കലാശേഖരത്തിന് എൻ.എഫ്.ടി ലേലത്തിലൂടെ 7 കോടിയിലധികം രൂപ ലഭിച്ചിരുന്നു. നടി റിമ കല്ലിങ്കലും എൻ.എഫ്.ടി വഴി വർക്കുകൾ വിൽക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.