ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നടന്ന റെയ്ഡിൽ പ്രമുഖ ഇലക്ട്രോണിക് ബ്രാൻഡായ ഷവോമിയുടെ 33.3 ലക്ഷം രൂപ വിലവരുന്ന വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടി. ചെന്നൈയിൽനിന്ന് നാലും ബംഗളൂരുവിൽനിന്ന് മൂന്നും വിതരണക്കാരാണ് പിടിയിലായത്. വ്യാജ ഉൽപ്പന്നങ്ങൾ വ്യാപകമായി വിപണിയിലുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് പരിശോധന നടത്തുകയായിരുന്നു.
ഇരു നഗരങ്ങളിലെയും പ്രധാന ഷോപ്പുകളിൽനിന്നാണ് ഉൽപ്പന്നങ്ങൾ പിടികൂടിയത്. മറ്റു നഗരങ്ങളിലടക്കം വൻ സംഘം തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. മൊബൈൽ ബാക്ക് കവറുകൾ, ഹെഡ്ഫോൺ, പവർ ബാങ്ക്, ചാർജർ തുടങ്ങിയവയാണ് പ്രധാനമായും പിടിച്ചെടുത്തത്. ഇവ വിതരണം ചെയ്ത സ്ഥാപന ഉടമകളും പിടിയിലായി.
സംഭവത്തെ തുടർന്ന് എം.ഐ തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. കൈവശമുള്ള ഉൽപ്പന്നങ്ങൾ അസ്സലാണോ എന്നറിയാൻ വിവിധ പരിശോധന രീതികൾ വിശദീകരിച്ചിട്ടുണ്ട്. പവർ ബാങ്ക്, ഓഡിയോ ഉപകരണങ്ങൾ എന്നിവയുടെ ആധികാരികത mi.com വഴി സെക്യൂരിറ്റി കോഡ് നൽകി പരിശോധിക്കാം.
റീട്ടെയിൽ ബോക്സുകളുടെ പാക്കേജിംഗും ഗുണനിലവാരവും ഏറെ വ്യത്യസ്തമാണ്. യഥാർത്ഥ പാക്കേജിംഗ് ഉറപ്പാക്കാൻ എം.ഐ ഹോം, എം.ഐ സ്റ്റോറുകൾ സന്ദർശിക്കാം. എം.ഐ ഇന്ത്യ ലോഗോയും പരിശോധിക്കേണ്ടതുണ്ട്. പാക്കേജിംഗിെൻറ യഥാർത്ഥ ലോഗോ mi.comൽ കാണാം.
എം.ഐ ബാൻഡുകൾ പോലുള്ള എല്ലാ അംഗീകൃത ഫിറ്റ്നസ് ഉൽപ്പന്നങ്ങൾക്കും എം.ഐ ഫിറ്റ് അപ്ലിക്കേഷനുമായി കണക്ട് ചെയ്യാൻ സാധിക്കും. വ്യാജ കേബിളുകൾ ദുർബലവും എളുപ്പത്തിൽ തകരുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.