ദോഹ: പൊതു ഇടങ്ങളിലെ മോശം പ്രവർത്തനങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ നിയമലംഘനങ്ങളും ഉദ്യോഗസ്ഥ അഴിമതിയും ഉൾപ്പെടെ പരാതിക്കാരന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെതന്നെ ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള ‘അൽ അദീദ്’ സേവനവുമായി മെട്രാഷ് ആപ്ലിക്കേഷൻ. സ്വദേശികൾക്കും താമസക്കാർക്കും തങ്ങളുടെ വിവരങ്ങൾ രഹസ്യമാക്കിത്തന്നെ റിപ്പോർട്ട് ചെയ്യാനാവുന്ന സൗകര്യം മെട്രാഷിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു.
പൊതു ധാർമികത, നിഷേധാത്മക സമീപനങ്ങൾ എന്നിവക്കു പുറമെ, ഭീഷണികളും മെട്രാഷിലെ ‘അൽ അദീദ്’ വഴി അധികൃതരെ അറിയിക്കാം. സാമൂഹിക സുരക്ഷ ലക്ഷ്യമാക്കിയാണ് പ്രതിരോധ സുരക്ഷ റിപ്പോർട്ടിങ് എന്ന പേരിൽ മെട്രാഷിൽ പുതിയ സേവനത്തിന് തുടക്കമിട്ടത്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചു. മെട്രാഷ് ആപ്പിലെ ‘കമ്യൂണിക്കേറ്റ് വിത് അസ്’ ഓപ്ഷനു കീഴിലെ ‘പ്രിവൻറിവ് സെക്യൂരിറ്റി’ വിൻഡോക്ക് കീഴിലാണ് ‘അൽ അദീദ്’ സേവനം ലഭ്യമാകുന്നത്.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ നിരവധി സേവനങ്ങൾ ലഭ്യമാക്കുന്ന ‘മെട്രാഷ്’ ആപ്ലിക്കേഷൻ സ്വദേശികൾക്കും താമസക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ്. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ലളിതമാക്കിയാണ് മെട്രാഷിലൂടെ ലഭ്യമാകുന്നത്. വിവിധ മേഖലകളുമായി ബന്ധപ്പെട്ട 200ലേറെ സേവനങ്ങൾ പൊതുജനങ്ങൾക്ക് മെട്രാഷ് വഴി ലഭ്യമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.