ജിദ്ദ: രാജ്യത്തിന്‍റെ മൂല്യങ്ങൾക്ക് വിരുദ്ധമായ പരസ്യങ്ങൾ ഒഴിവാക്കാൻ സൗദി അറേബ്യ ആവശ്യപ്പെട്ട ഉടനെ അനുകൂലമായി പ്രതികരിച്ച് യൂട്യൂബ്. ഇസ്‍ലാമിക മൂല്യങ്ങൾക്കും സൗദി സാമൂഹിക നിലവാരത്തിനും യോജിക്കാത്ത അനുചിതമായ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് കഴിഞ്ഞദിവസമാണ് സൗദി ഓഡിയോ-വിഷ്വൽ മീഡിയ ജനറൽ കമീഷനും കമ്യൂണിക്കേഷൻസ് കമീഷനും ആവശ്യപ്പെട്ടത്. ആവശ്യത്തോട് ഉടനടി പ്രതികരിച്ച യൂട്യൂബ് വക്താവ് തങ്ങളുടെ പ്ലാറ്റ്മോമിൽ പ്രത്യക്ഷപ്പെട്ട എല്ലാ അനുചിതമായ പരസ്യങ്ങളും നീക്കം ചെയ്തതായും ഇനി അത്തരം ഒരു ഉള്ളടക്കങ്ങളും കാണിക്കില്ലെന്നും വ്യക്തമാക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
യൂട്യൂബിന്റെ നയങ്ങൾ ലംഘിക്കുന്ന പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. സമൂഹത്തെ സംരക്ഷിക്കുകയെന്നത് സൗദി അറേബ്യയിലും ലോകമെമ്പാടും പ്രചാരത്തിലുള്ള യൂട്യൂബിന്റെ മുൻഗണനകളിലൊന്നാണ്. കഴിഞ്ഞ വർഷം ഗൂഗിൾ അതിന്റെ നയങ്ങൾക്ക് വിരുദ്ധമായതും അശ്ലീല ഉള്ളടക്കമുള്ളതുമായ 286 ദശലക്ഷത്തിലധികം പരസ്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ അനുചിതമെന്ന് തോന്നുന്ന ഉള്ളടക്കമുള്ള മറ്റ് 125.6 ദശലക്ഷം പരസ്യങ്ങളും നീക്കം ചെയ്തിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
മാനവിക, സദാചാര തത്വങ്ങളും മൂല്യങ്ങളും ലംഘിക്കുന്നതും പൊതു അഭിരുചിക്ക് അനുയോജ്യമല്ലാത്തതും അസഭ്യവുമായ യൂട്യൂബ് പരസ്യങ്ങളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്നാണ് സൗദി അറേബ്യ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.