യൂട്യൂബ് വിഡിയോ കണ്ടുകൊണ്ടിരിക്കവേ രണ്ടിൽ കൂടുതൽ പരസ്യങ്ങൾ വന്നാൽ പോലും യൂസർമാർക്ക് സഹിക്കാനാവില്ല. അപ്പോഴാണ് സ്‌കിപ് ചെയ്യാനാകാത്ത അഞ്ചു പരസ്യങ്ങൾ യൂട്യൂബ് പരീക്ഷിക്കുന്നതായുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇരിക്കപ്പൊറുതി കിട്ടാതെ നെറ്റിസൺസ് പരക്കംപാഞ്ഞ് സമൂഹ മാധ്യമങ്ങളിലെത്തി പ്രതിഷേധമറിയിക്കാൻ തുടങ്ങി.
ആളുകളെ കൊണ്ട് പ്രീമിയം മെമ്പർഷിപ്പ് എടുപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് യൂട്യൂബിന്റെ പുതിയ പരാക്രമമെന്നും, പരസ്യങ്ങൾ കണ്ട് മനംമടുത്ത് മാസം 139 രൂപ മുടക്കാൻ യൂസർമാർ മുന്നോട്ട് വരുമെന്ന വ്യാമോഹമാണ് അമേരിക്കൻ ടെക് ഭീമൻ ഗൂഗിളിനെന്നും പലരും എഴുതി.
എന്നാൽ, ആളുകളെ കൊണ്ട് പ്രീമിയം മെമ്പർഷിപ്പ് എടുപ്പിക്കാനായി പരസ്യ പ്രളയം സൃഷ്ടിക്കുക എന്ന പദ്ധതി മാത്രമല്ല യൂട്യൂബിനുള്ളത്. ചിലപ്പോൾ യൂട്യൂബിൽ 4കെ വിഡിയോ കാണാനും നാം പണം മുടക്കേണ്ടി വന്നേക്കും.
4കെ -ക്ക് പണം
നിലവിൽ യൂട്യൂബിൽ 144p മുതൽ 2160p (4K) റെസല്യൂഷൻ വരെയുള്ള വിഡിയോകൾ കാണാനുള്ള ഓപ്ഷനുണ്ട്. 4കെ ഡിസ്പ്ലേയുള്ള ഫോണുകളിലും ടിവികളിലും അത്തരം വിഡിയോകൾ അതേ മിഴിവോടെ ആസ്വദിക്കാൻ കഴിയും. സാധാരണ സ്മാർട്ട്ഫോണുകളിലെ യൂട്യൂബ് ആപ്പിലും 4കെ ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കും. എന്നാൽ, ഇനി 4കെ വിഡിയോ പ്രീമിയം യൂസർമാർക്ക് മാത്രമായി ചുരുക്കാൻ പോവുകയാണ് ഗൂഗിൾ.
യൂട്യൂബ് ആപ്പിലെ വിഡിയോ ക്വാളിറ്റി തെരഞ്ഞെടുക്കുന്ന സെക്ഷനിൽ 2160p അല്ലെങ്കിൽ 4കെ എന്ന ഓപ്ഷന് 'പ്രീമിയം' ടാഗ് നൽകിയിരിക്കുന്നതായി പല യൂസർമാരും ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതായത് 129 രൂപ നൽകി യൂട്യൂബ് പ്രീമിയം എടുത്താൻ മാത്രം 4കെ മിഴിവിൽ വിഡിയോ കാണാം. റെഡ്ഡിറ്റിലും ട്വിറ്ററിലുമായി നിരവധിയാളുകളാണ് അതിന്റെ സ്ക്രീൻഷോട്ടുകളുമായെത്തിയത്.
അതേസമയം, വിഷയത്തിൽ യൂട്യൂബ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തായാലും നിങ്ങൾ യൂട്യൂബ് ആപ്പിൽ കയറി 4കെ വിഡിയോ ഓപ്ഷന് പ്രീമിയം ടാഗുണ്ടോ എന്ന് പരിശോധിച്ച് നോക്കുക.
സോഷ്യൽ മീഡിയ ഭീമൻമാർ അവരുടെ ചില സവിശേഷതകൾ പണം മുടക്കുന്ന യൂസർമാർക്ക് മാത്രമായി ചുരുക്കുന്ന പ്രതിഭാസം സമീപകാലത്തായി വർധിച്ചിട്ടുണ്ട്. ട്വിറ്റർ ബ്ലൂ, സ്നാപ്ചാറ്റ് പ്ലസ്, ടെലഗ്രാം പ്രീമിയം എന്നിവ ഉദാഹരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.