വാഷിങ്ടണ്‍: അഞ്ചു വര്‍ഷം മുമ്പ് വ്യാഴത്തെ ലക്ഷ്യമാക്കി നാസ വിക്ഷേപിച്ച ജുനോ എന്ന കൃത്രിമോപഗ്രഹം കൈവരിച്ചത് പുതിയ നേട്ടം. സൗരോര്‍ജം ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ദൂരം ഗ്രഹാന്തര യാത്ര നടത്തിയതിന്‍െറ റെക്കോഡ് ഇനി ഈ വാഹനത്തിനാണ്. നാലു മാസത്തിനുള്ളില്‍ വ്യാഴത്തിന്‍െറ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന ജുനോ ഇതിനകം 79.3 കോടി കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. നേരത്തേ, 67പി എന്ന വാല്‍നക്ഷത്രത്തില്‍ റോബോട്ടിക് വാഹനത്തെ ഇറക്കി ചരിത്രം സൃഷ്ടിച്ച റോസെറ്റയുടെ റെക്കോഡാണ് ജുനോ മറികടന്നത്. റോസെറ്റ ഇതിനകം 79.2 കോടി കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുണ്ട്.
വ്യാഴത്തിന്‍െറ ഉദ്ഭവം, പരിണാമം എന്നിവയുടെ വിശദമായ പഠനമാണ് ജുനോ ലക്ഷ്യമിടുന്നത്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‍െറ ഘടന, അന്തരീക്ഷം, കാന്തികവലയം എന്നിവയെ നിരീക്ഷിച്ചായിരിക്കും ജുനോയുടെ പഠനങ്ങള്‍. ഓരോ 14 ദിവസത്തിലും ജുനോ ഗ്രഹത്തെ പരിക്രമണം ചെയ്യുംവിധത്തിലാണ് ഈ കൃത്രിമോപഗ്രഹത്തിന്‍െറ വേഗം നിശ്ചയിച്ചിട്ടുള്ളത്. സാധാരണഗതിയില്‍ സൂര്യനില്‍നിന്ന് വലിയ അകലത്തിലുള്ള ഗ്രഹങ്ങളിലേക്കുള്ള യാത്രയില്‍ അറ്റോമിക് ഊര്‍ജം ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഉപയോഗിക്കാറുള്ളത്. കാരണം, ഈ ഗ്രഹം നില്‍ക്കുന്ന സ്ഥാനങ്ങളിലേക്ക് വളരെ കുറഞ്ഞ അളവിലേ സൗരോര്‍ജം ലഭിക്കുകയുള്ളൂ.
ജുനോയില്‍ 19,000ത്തോളം സോളാര്‍ സെല്ലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഓരോ സെല്ലും 14 കിലോവാട്ട് വൈദ്യുതിയാണ് ഭൂമിയില്‍ ഉല്‍പാദിപ്പിക്കുക. ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്‍െറ അഞ്ച് മടങ്ങുണ്ട് സൂര്യനും വ്യാഴവും തമ്മില്‍. അതുകൊണ്ടുതന്നെ ഓരോ സെല്ലും വളരെ കുറഞ്ഞ അളവില്‍ മാത്രമായിരിക്കും വൈദ്യുതി ഉല്‍പാദിപ്പിക്കുക. ഭൂമിയില്‍ ഉല്‍പാദിപ്പിക്കുന്നതിന്‍െറ 25 ശതമാനം മാത്രമേ വ്യാഴത്തിന്‍െറ പരിധിയില്‍ ലഭിക്കൂവെന്നാണ് കരുതുന്നത്. പരിമിതിക്കിടയിലും ജുനോ ദൗത്യം വിജയിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.