വ്യാഴത്തിന്‍െറ ധ്രുവദീപ്തി; വശ്യചിത്രവുമായി ഹബ്ള്‍

വാഷിങ്ടണ്‍: സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്‍െറ ധ്രുവദീപ്തിയുടെ മനോഹരദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് ഹബ്ള്‍ ദൂരദര്‍ശിനി അയച്ച ചിത്രങ്ങള്‍ അതിഗംഭീരമെന്ന് വാനശാസ്ത്രജ്ഞര്‍.  ഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഊര്‍ജകണങ്ങള്‍ വാതകങ്ങളുമായി കൂട്ടിയിടിക്കുമ്പോഴാണ്  ഇത്തരം ദീപ്തികള്‍ സംജാതമാകാറ്. 
ഭൂമിയിലെ ധ്രുവദീപ്തിയേക്കാള്‍ നൂറുമടങ്ങ് ഊര്‍ജം പ്രസരിപ്പിക്കുന്നതും കാന്തിയേറിയതുമാണ് വ്യാഴത്തിലെ ധ്രുവദീപ്തികളെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. വ്യാഴത്തിന്‍െറ ധ്രുവങ്ങളിലെ മാറ്റങ്ങള്‍ മാസങ്ങളായി നിരീക്ഷിക്കുന്ന ഹബ്ള്‍ നിത്യേനയെന്നോണം പകര്‍ത്തിയ ചിത്രങ്ങളാണ് നാസയിലെ ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കിയത്. 
നാസയുടെ ബഹിരാകാശപേടകമായ ‘ജൂണോ’ വ്യാഴത്തിനു സമീപം എത്താനിരിക്കെയാണ് പുതിയ ചിത്രങ്ങള്‍ ലഭ്യമായത്. ‘ജൂണോയെ സ്വീകരിക്കാന്‍ വ്യാഴം കണ്ണഞ്ചിക്കുന്ന കരിമരുന്നുപ്രയോഗം നടത്തിയതാവാം’ എന്നായിരുന്നു ഗ്രഹപഠനത്തിന് നേതൃത്വം നല്‍കുന്ന ജൊനാഥന്‍ നിക്കോളാസ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍െറ പ്രതികരണം. വ്യാഴം രൂപംകൊണ്ട രീതി പഠനവിധേയമാക്കുന്ന ‘ജൂണോ’ ഒരു വര്‍ഷത്തോളം ഗ്രഹഭീമനില്‍ പര്യവേക്ഷണം തുടരും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.