ഒസിരിസ്-റെക്സ് എന്ന കൃത്രിമോപഗ്രഹം സെപ്റ്റംബര്‍ എട്ടിന് കുതിച്ചുയരുമ്പോള്‍ അത് ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ പുതിയൊരു അധ്യായമാകും. ഭൂമിക്കു സമീപമുള്ള ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ ഖനനം നടത്തി അവിടെനിന്ന് മണ്ണും പാറകളും മറ്റും ശേഖരിച്ച് ഭൂമിയില്‍ എത്തിക്കുന്ന ദൗത്യമാണ് ഒസിരിസ്-റെക്സിന്‍െറത്. ഏഴുവര്‍ഷത്തിനുശേഷം, ബെന്നുവില്‍നിന്നുള്ള ശേഖരങ്ങള്‍ ഭൂമിയിലത്തെുന്നതോടെ സൗരയൂഥത്തിന്‍െറ ഉദ്ഭവത്തെക്കുറിച്ചും അവിടെ ജീവന്‍െറ പിറവിയെക്കുറിച്ചുമെല്ലാം കൃത്യമായ ധാരണ ശാസ്ത്രലോകത്തിന് ലഭിക്കുമെന്നാണ് കരുതേണ്ടത്.  
ഈജിപ്ഷ്യന്‍ പുരാണങ്ങളിലെ പ്രധാന ദേവതകളിലൊന്നാണ് ഒസിരിസ്. പാതാളത്തിലെ ഭരണാധിപന്‍കൂടിയാണ് ഒസിരിസ്. ഇവിടെ ഒസിരിസ്-റെക്സ് എന്ന പേരില്‍തന്നെ അതിന്‍െറ പ്രവര്‍ത്തനവും ലക്ഷ്യവും നാസ വ്യക്തമാക്കുന്നുണ്ട്. ഒറിജിന്‍സ്, സ്പെക്ടറല്‍ ഇന്‍റര്‍പ്രട്ടേഷന്‍, റിസോഴ്സ് ഐഡന്‍റിഫിക്കേഷന്‍, സെക്യൂരിറ്റി, റിഗോലിത്ത് എക്സ്പ്ളോറര്‍ എന്നതിന്‍െറ ചുരുക്കെഴുത്താണ് ഒസിരിസ്-റെക്സ്. കേപ് കനവറില്‍നിന്ന് അറ്റ്ലസ് റോക്കറ്റില്‍ കുതിച്ചുയരുന്ന ഒസിരിസ് രണ്ടുവര്‍ഷത്തെ യാത്രക്കുശേഷമാണ് ബെന്നുവിന്‍െറ ഉപരിതലത്തിലത്തെുക. തുടര്‍ന്ന്, ഒന്നര വര്‍ഷത്തോളം ബെന്നുവിന്‍െറ ഉപരിതലത്തില്‍ ഒസിരിസിലെ ഉപകരണങ്ങള്‍ മാപ്പിങ് നടത്തും. ഖനനത്തിന് അനുയോജ്യമായ  ഇടം കണ്ടത്തെുകയാണ് ഈ മാപ്പിങ്ങിന്‍െറ ലക്ഷ്യം. അതിനുശേഷമാണ് ഖനനം ആരംഭിക്കുക. 

ആദ്യ ഖനനത്തിന് ബെന്നുതന്നെ തെരഞ്ഞെടുക്കാന്‍ കാരണമെന്തായിരിക്കും? 1999ലാണ് ഗവേഷകര്‍ ബെന്നുവിനെ തിരിച്ചറിഞ്ഞത്. ഭൂ സമീപ ഛിന്ന ഗ്രഹമാണിത്. 22ാം നൂറ്റാണ്ടില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ നേരിയ സാധ്യതയുള്ള ക്ഷുദ്രഗ്രഹം കൂടിയാണിത്. ബെന്നുവിന് നാലര ബില്യണ്‍ വര്‍ഷമാണ് പ്രായം കണക്കാക്കിയിരിക്കുന്നത്. അഥവാ, സൗരയൂഥത്തിന്‍െറ ആരംഭകാലത്തുതന്നെ ബെന്നുവുമുണ്ട്. അതുകൊണ്ടുതന്നെ, ഈ ഗ്രഹത്തിലെ ശേഖരങ്ങള്‍ തിരിച്ചറിയുന്നത് സൗരയൂഥ രൂപവത്കരണത്തെക്കുറിച്ചുള്ള പഠനങ്ങളിലും ഗുണം ചെയ്യും.  250 മീറ്റര്‍ വ്യാസാര്‍ധമാണ് ബെന്നുവിന്. അഥവാ, ഒരു ഫുട്ബാള്‍ ഗ്രൗണ്ടിന്‍െറ മാത്രം വലുപ്പം. മാത്രമല്ല, പ്രാഥമിക നിരീക്ഷണത്തില്‍ കാര്‍ബണ്‍ സമ്പുഷ്ടമാണെന്നും കണ്ടത്തെിയിട്ടുണ്ട്. ജീവന്‍െറ അടിസ്ഥാന മൂലകങ്ങളിലൊന്നാണല്ളൊ കാര്‍ബണ്‍. ഇതുകൂടാതെ, ബെന്നു തെരഞ്ഞെടുക്കപ്പെടാന്‍ മറ്റൊരു കാരണംകൂടിയുണ്ട്. ഓരോ വര്‍ഷം കൂടുമ്പോഴും ബെന്നു ഭൂമിയുടെ ആറ് ലക്ഷം കിലോമീറ്റര്‍ അരികെ വരും. ഈ സമയത്ത് അതിനെ എളുപ്പത്തില്‍ പിടിക്കാം. 2018ലാണ് ഇനി ഭൂമിയുടെ സമീപത്തുണ്ടാവുക. അതിനാലാണ് ഒസിരിസ് വിക്ഷേപണത്തിന് ഈ സമയം തന്നെ തെരഞ്ഞെടുത്തിരിക്കുന്നത്. എങ്കിലും ഈ ദൗത്യം അത്ര എളുപ്പമല്ളെന്ന് നാസയും സമ്മതിക്കുന്നുണ്ട്. 

വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നാല്‍, ബെന്നുവിലെ പാറകളും മണ്ണും റിഗോലിത്തുകളുമടങ്ങുന്ന വലിയൊരുശേഖരം 2023ഓടെ ഭൂമിയിലത്തെും. മനുഷ്യനെ ചന്ദ്രനിലത്തെിച്ച നാസയുടെ തന്നെ അപ്പോളോ പദ്ധതിക്കുശേഷം മറ്റൊരു ദൗത്യത്തിലും അന്യഗ്രഹ ഖനനം നടന്നിട്ടില്ല. ആറ് അപ്പോളോ പദ്ധതികളിലായി നൂറിലധികം കിലോ സാധനങ്ങളാണ് ചന്ദ്രനില്‍നിന്ന് ഭൂമിയിലത്തെിച്ച് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയത്. ജപ്പാന്‍െറ  ഹയാബുസ 2 എന്നൊരു കൃത്രിമോപഗ്രഹം റ്യൂഗു എന്ന ഛിന്നഗ്രഹത്തെ ലക്ഷ്യമാക്കി തിരിച്ചിട്ടുണ്ട്. എന്നാല്‍, ഈ പദ്ധതിയിലൂടെ ഖനനം നടത്തുക ഒരു ഗ്രാമില്‍ താഴെ മാത്രമായിരിക്കും. ഒസിരിസ് വഴി സാധനങ്ങള്‍ ഭൂമിയിലത്തെിയാല്‍, ആ ഛിന്നഗ്രഹത്തിന്‍െറ രാസഘടന ഉള്‍പ്പെടെയുള്ള സവിശേഷതകള്‍ മനസ്സിലാക്കാനാവും. അമിനോ ആസിഡുകള്‍ ഉള്‍പ്പെടെയുള്ള ഓര്‍ഗാനിക തന്മാത്രകളും ജലവും ഇവിടെയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്‍െറ വിശ്വാസം. മറ്റൊരര്‍ഥത്തില്‍, ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഒരു ഗ്രഹത്തിലേക്കുകൂടിയാണ് ഒസിരിസ് കുതിക്കാനൊരുങ്ങുന്നത്. 

രസകരമായ മറ്റൊരു കാര്യംകൂടിയുണ്ട്. കേവലം ഗവേഷണ ഉദ്ദേശ്യം മാത്രമല്ല ഇത്തരം പദ്ധതികള്‍ക്കുള്ളത്. സാമ്പത്തിക താല്‍പര്യങ്ങളുമുണ്ട്. സമീപഭാവിയില്‍ നടത്താനിരിക്കുന്ന ഗ്രഹ ഖനന പദ്ധതികള്‍ക്ക് ഒസിരിസ് റെക്സ് കൃത്യമായ വഴികാട്ടിയായിരിക്കുമെന്ന് ഈ പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും അരിസോണ യൂനിവേഴ്സിറ്റിയിലെ അധ്യാപകനുമായ ഡാന്‍െറ ലോറേറ്റ പറയുന്നു. അമേരിക്കയിലെ ഡീപ് സ്പേസ് ഇന്‍ഡസ്ട്രീസ് എന്ന ഗവേഷണ സ്ഥാപനം ഖനനത്തിനുള്ള പുതിയൊരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ പ്രോസ്പെക്ടര്‍1 എന്ന ഉപഗ്രഹം ഛിന്നഗ്രഹത്തെ ലക്ഷ്യമാക്കി വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഛിന്ന ഗ്രഹങ്ങളില്‍നിന്ന് ശേഖരിച്ച ധാതുക്കള്‍ ഭൂമിയില്‍കൊണ്ടുവന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കുകയും മറ്റുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വന്‍ ബഹിരാകാശ പര്യവേക്ഷണ പദ്ധതികള്‍ക്ക് ആവശ്യമായ ഇന്ധനങ്ങളും ഛിന്നഗ്രഹങ്ങളിലെ ധാതുക്കള്‍കൊണ്ട് നിര്‍മിക്കാം. അതുപോലെ, ബഹിരാകാശത്തുവെച്ച് ത്രിമാന പ്രിന്‍റിങ്ങിനും ഈ വസ്തുക്കള്‍ ഉപയോഗപ്പെടുത്താം. പല ഛിന്ന ഗ്രഹങ്ങളും ജല സമൃദ്ധമാണ്. ബഹിരാകാശത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കൃത്രിമോപഗ്രഹങ്ങളെ കോസ്മിക് കിരണങ്ങളില്‍നിന്നും മറ്റും രക്ഷിക്കുന്നതിന് ഈ ജലത്തെ കവചമായി ഉപയോഗപ്പെടുത്താം. ഇങ്ങനെ സാമ്പത്തിക നേട്ടങ്ങളുള്ള പല പദ്ധതികളും ഇത്തരം ഛിന്ന ഗ്രഹ ദൗത്യങ്ങളിലൂടെ സാധ്യമാകും. ‘പുതിയ സാമ്പത്തിക സ്രോതസ്സുകള്‍തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. ഛിന്നഗ്രഹങ്ങളിലെ വിഭവങ്ങളെ ശാസ്ത്രീയമായി ചൂഷണം ചെയ്ത് വിപണനം നടത്തുക എന്നത് വലിയൊരു സാധ്യത തുറന്നു തരുന്നുണ്ട്’ -ഡീപ് സ്പേസ് ഇന്‍ഡസ്ട്രിയുടെ  ചീഫ് സയന്‍റിസ്റ്റ് ജോണ്‍ ലൂയിസ് പറയുന്നു. ചുരുക്കത്തില്‍, പുതിയൊരു  ബഹിരാകാശ വിപണിക്കുള്ള സാധ്യതകള്‍കൂടിയാണ് ഒസിരിസ് റെക്സ് അന്വേഷിക്കുന്നത്. 

പക്ഷേ, വ്യാപാരാവശ്യാര്‍ഥമുള്ള ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് നിലവില്‍ ചില  നിയമ പ്രതിസന്ധികളുണ്ട്.  ഖഗോള വസ്തുക്കളില്‍ ഏതെങ്കിലും രാജ്യത്തിന് ഉടമസ്ഥാവകാശം ഉന്നയിക്കാന്‍ കഴിയില്ളെന്ന് 1967ലെ ഇതുസംബന്ധിച്ച യു.എന്‍ ഉടമ്പടിയില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വിലക്കിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അതില്‍ ഒപ്പുവെച്ചിട്ടുള്ള അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍. ഏതാനും മാസങ്ങള്‍ക്കുമുമ്പ്, രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അന്യഗ്രഹങ്ങളില്‍ ഖനനം നടത്തുന്നതിനും മറ്റും അനുമതി നല്‍കുന്ന ബില്ല് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. ചില യൂറോപ്യന്‍ രാജ്യങ്ങളും യു.എന്‍ ഉടമ്പടിയെ മറികടക്കാനുള്ള തയാറെടുപ്പിലാണ്. അപ്പോഴും ഛിന്ന ഗ്രഹ ഖനനം സംബന്ധിച്ച് പുതിയൊരു അന്താരാഷ്ട്ര ചട്ടക്കൂട് വേണ്ടിവരും. ഈ നിയമ പ്രതിസന്ധികള്‍ക്കിടയിലും വിവിധ സ്വകാര്യ കമ്പനികള്‍ ഖനനത്തിലുള്ള ഒരുക്കങ്ങള്‍ തുടരുകയാണ്. 2019ല്‍ പ്രോസ്പെക്ടര്‍ 1 കുതിച്ചുയരും. അതിനടുത്ത വര്‍ഷം നാസയുടെ ചാന്ദ്ര ഖനന വാഹനവും ഭൂമിയില്‍നിന്ന് പുറപ്പെടും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.