ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തിലെ ദേശീയ സുവോളജിക്കൽ പാർക്കിൽ പക്ഷിപ്പനി ബാധയുള്ളതായി സ്ഥിരീകരിച്ചു. ദുരൂഹ സാഹചര്യത്തിൽ ചത്ത മൂങ്ങയ്ക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ മൃഗശാലയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിനും ജീവനക്കാർ അടുത്തിടപഴകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
'മൃഗശാലയിലെ മൂങ്ങയെ (Brown fish owl) അതിെൻറ കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കൂടുതൽ പരിശോധനക്കായി സർക്കാരിെൻറ മൃഗ സംരക്ഷണ യൂണിറ്റിലേക്ക് സാംപിളുകൾ അയച്ചു. പരിശോധനയിൽ പക്ഷിയുടെ സാമ്പിളുകൾ H5N8 ഏവിയൻ ഇൻഫ്ലുവൻസ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. -മൃഗശാല ഡയറക്ടർ രമേഷ് പാണ്ഡെ അറിയിച്ചു.
കേന്ദ്രവും ഡൽഹി സർക്കാരും പുറപ്പെടുവിച്ച പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് മൃഗശാലയിൽ ശുചിത്വവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. സാധ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചുവരികയാണ്. കൃത്യമായ അകലം പാലിച്ചുകൊണ്ട് കൂട്ടിലുള്ള മറ്റ് പക്ഷികളെ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കുകയും അവയുടെ ആരോഗ്യം പരിപാലിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിലായി കാക്കകളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ പാർക്കുകളിൽ താറാവുകളെയും ദുരൂഹ സാഹചര്യത്തിൽ ചത്തനിലയിൽ കണ്ടെത്തി. പിന്നാലെ ഡൽഹി വികസന അതോറിറ്റി പാർക്കുകൾ അടച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.