വാഷിങ്ടൺ: വിവിധ ഉപഗ്രഹങ്ങളും ദൂരദർശിനികളും ഉപയോഗിച്ച് ബഹിരാകാശത്തെ അദ്ഭുതങ്ങൾ നാസ പലപ്പോഴായി മനുഷ്യർക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് മോഡേൺ ആർട്ട് എന്ന് തോന്നിപ്പിക്കുന്ന മനോഹരമായ ഒരു ചിത്രം നാസ പുറത്തുവിട്ടു. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴമാണതെന്ന് മനസിലാക്കിയവർ അന്തം വിട്ട് നിൽക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സൂര്യെൻറ കണ്ണഞ്ചിപ്പിക്കുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ് നാസ.
‘സൂര്യെൻറ ഒരു പതിറ്റാണ്ട്’ എന്ന് പേരിട്ടിരിക്കുന്ന വിഡിയോക്ക് 61 മിനിറ്റ് ദൈർഘ്യമുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കൊണ്ട് സോളാർ ഡൈനാമിക് ഒബ്സർവേറ്ററി (എസ്.ഡി.ഒ) എന്ന ബഹിരാകാശ പേടകം പകർത്തിയ വളരെ ഹൈ റെസൊല്യൂഷൻ ചിത്രങ്ങൾ ഉപയോഗിച്ച് ഒരുക്കിയതാണ് മനോഹരമായ ആ വിഡിയോ. കോടിക്കണക്കിന് ചിത്രങ്ങൾ ചേർത്തുവെച്ച് ഒരു ടൈംലാപ്സ് വിഡിയോ ആക്കിയാണ് നാസ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്നത്. ആകാശത്തെ അദ്ഭുതം മനോഹരമാണെന്നാണ് വിഡിയോക്ക് താഴെ വരുന്ന കമൻറുകളിലേറെയും.
സദാസമയം ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യെൻറ അന്തരീക്ഷത്തിലെ ഏറ്റവും പുറംപാളിയായ ‘കൊറോണ’ വിഡിയോയിലൂടെ വ്യക്തമായി കാണാൻ സാധിക്കും. 2010 ജൂൺ രണ്ട് മുതൽ 2020 ജൂൺ ഒന്ന്വരെയുള്ള സൂര്യെൻറ ചിത്രങ്ങളാണ് എസ്.ഡി.ഒ പകർത്തിയിരിക്കുന്നത്. എല്ലാ 0.75 സെക്കൻറിലും ചിത്രങ്ങൾ പകർത്തി, ഒടുവിൽ അത് 425 മില്യൺ ചിത്രങ്ങളായി. ഏകദേശം 20 മില്യൺ ജിബി മെമ്മറിയാണ് ഇത്രയും ചിത്രങ്ങൾ സ്റ്റോർ ചെയ്യാൻ എടുത്തത്.
സൂര്യൻ സ്വർണ്ണ നിറത്തിൽ വെട്ടിത്തിളങ്ങി ഭ്രമണം ചെയ്യുന്ന ദൃശ്യങ്ങൾക്ക് അകമ്പടിയായി ഗംഭീരമായ പശ്ചാത്തല സംഗീതവും നൽകിയിട്ടുണ്ട്. ജെർമനിക്കാരനായ ലാർസ് ലിയോൺഹാർഡ് ഒരുക്കിയ സംഗീതം വ്യത്യസ്തമായ മൂഡ് വിഡിയോ കാണുന്നവർക്ക് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.